NEWS
പാക്കിസ്ഥാനെ ചൊടിപ്പിച്ച് ഗോറിന്റെ പരാമർശം; യുഎസ് അംബാസഡറിൽനിന്ന് വിശദീകരണം തേടി

ശ്രീനഗർ∙ ജമ്മു കശ്മീർ ഇന്ത്യയുടെ പ്രധാന ഘടകമാണെന്ന യുഎസ് അംബാസഡർ സെർജിയോ ഗോറിന്റെ പ്രസ്താവനയ്ക്കെതിരെ പാക്കിസ്ഥാൻ. പാക്കിസ്ഥാനിലെയും യുഎസ് അംബാസഡറുടെ പദവി വഹിക്കുന്ന ഗോറിൽനിന്ന് ഇസ്‌ലാമാബാദ് വിശദീകരണം തേടി. വിശദീകരണം തേടി ഗോറിനെ വിളിപ്പിച്ചിട്ടുണ്ടെന്നും ശക്തമായ നയതന്ത്ര ഇടപെടൽ ആവശ്യപ്പെട്ടിട്ടുണ്ടെന്നും പാക്കിസ്ഥാൻ വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.ജമ്മുകശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുല്ലയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് കശ്മീർ ഇന്ത്യയുടെ പ്രധാന ഘടകമാണെന്ന് ഗോർ അഭിപ്രായപ്പെട്ടത്. ആർട്ടിക്കിൾ 370 റദ്ദാക്കിയതിനുശേഷം ആദ്യമായാണ് യുഎസ് സ്ഥാനപതി കശ്മീരിലെത്തുന്നത്. യുഎസുമായുള്ള നയതന്ത്ര ഇടപെടലിലെ നിർണായക നീക്കമായാണ് ഗോറിന്റെ സന്ദർശനം വിലയിരുത്തപ്പെടുന്നത്. ‘‘കശ്മീർ ഇന്ത്യയുടെ പ്രധാന ഭാഗമാണ്, ഇവിടെ ആദ്യമായാണ് ഞാൻ എത്തുന്നത്. അതിമനോഹരമാണ് ഇവിടം’’ – ഗോർ മാധ്യമപ്രവർത്തകരോടു പറഞ്ഞു. ഓപ്പറേഷൻ സിന്ദൂറിന്റെ സമയത്ത് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ദക്ഷിണ, മധ്യേഷ്യ പ്രത്യേക പ്രതിനിധിയുമായിരുന്നു ഗോർ. ഗോറിന്റെ പരാമർശം നിരുത്തരവാദപരമാണെന്നാണ് പാക്കിസ്ഥാന്റെ പ്രസ്താവനയിലുള്ളത്.
Fashion ⏭️


