NEWS
കായ ഉപ്പേരി ഇത്തവണ എത്ര കിലോ വരെ വിൽക്കും? വെളിച്ചെണ്ണ വില പ്രശ്നമല്ല, ഓണവിപണി ഉഷാർ

കാസർകോട് ∙ തിളച്ച എണ്ണയിൽ വറുത്തു കോരുന്ന ചിപ്സ്, പാകത്തിനു ചേരുവകൾ ചേർത്ത ശർക്കര ഉപ്പേരി. ഓണവിപണി ഉഷാറാക്കി പലഹാരപ്രിയർ ഇവ രണ്ടും തേടിയെത്തി തുടങ്ങി. ഓണവിഭവങ്ങളിൽ ഒഴിച്ചുകൂടാനാകാത്ത വിഭവം തേടി വാങ്ങാൻ ആളുകളെത്തുന്നു. വീടുകളിലേക്കു സദ്യയ്ക്കൊപ്പം മാത്രമല്ല, ഓണനന്മ പ്രിയപ്പെട്ടവരിലേക്ക് എത്തിക്കുന്നതിനും ദൂരെ താമസിക്കുന്ന മക്കൾക്ക് മാതാപിതാക്കളോടുള്ള സ്നേഹമായും ഓണത്തിന് ചിപ്സ് എത്തുന്നു.ഓണം അടുക്കുന്നതോടെ പൊതു വിപണിയിലെ വിലയും ഏറിയിട്ടുണ്ട്. കിലോഗ്രാമിന് 480 രൂപ മുതലാണ് വിലയെന്ന് നഗരത്തിലെ വ്യാപാരിയായ കെ.ഷാജ് പറയുന്നു. ശർക്കര ഉപ്പേരിക്കും ഇതേ വിലയാണ്. 100 മുതൽ 150 ഗ്രാം വരെ വരുന്ന ചെറിയ പാക്കറ്റുകൾക്കും ആവശ്യക്കാരുണ്ട്. 50 രൂപ മുതലാണ് വില. സദ്യയ്ക്കൊപ്പം മലയാളി നെഞ്ചിൽ സൂക്ഷിക്കുന്ന മധുരമാണ് ശർക്കര ഉപ്പേരി. സദ്യയിൽ ഇലയിട്ടാലുടൻ മുന്നിലെത്തുന്ന 2 മിടുക്കരിൽ ഒരാൾ. ശർക്കരയുടെ മധുരവും വറുത്ത നേന്ത്രക്കായുടെ രുചിയുമായി ശർക്കര ഉപ്പേരി നെഞ്ചുവിരിച്ചു നിൽക്കുന്നു. ചിപ്സും ശർക്കര ഉപ്പേരിയും ഒരുമിച്ചു വായിലിട്ട് ഉപ്പും മധുരവുമെല്ലാം നിറയുന്ന ‘അവിയൽ രുചി’ ആസ്വദിക്കുന്നവരുമുണ്ട്..
Fashion ⏭️


