NEWS
ജനം ഒാണത്തിരക്കിലേക്ക്, നഗരം കുരുക്കിലേക്ക്: പിഴ ചുമത്താനായി പൊലീസും രംഗത്ത്; വാഹന യാത്രക്കാർക്ക് ഇരുട്ടടി

തിരുവനന്തപുരം ∙ ഓണതിരക്കിലേക്ക് നഗരം കടന്നതിന് പിന്നാലെ ഗതാഗതക്കുരുക്കും പാർക്കിങ് പ്രശ്നവും വീണ്ടും തലപൊക്കി. നഗരത്തിൽ എത്തുന്നവർക്ക് വാഹനം പാർക്ക് ചെയ്യുന്നത് തലവേദനയായി മാറി. ഇതിനൊപ്പം രാപകൽ വാഹന തിരക്കും വർധിച്ചു. ഓണപരീക്ഷയ്ക്ക് ശേഷം സ്കൂളുകൾ കൂടി അടയ്ക്കുന്നതോടെ തിരക്ക് ഇനിയും വർധിക്കും. ഇത് മുന്നിൽ കണ്ടുള്ള പാർക്കിങ് സൗകര്യവും ഗതാഗതക്രമീകരണവും ഒരുക്കാൻ ട്രാഫിക് പൊലീസ് തയാറാകണമെന്ന് ആവശ്യം ശക്തമായിട്ടുണ്ട്.നഗരത്തിലെ പ്രധാന കച്ചവടകേന്ദ്രങ്ങളിലേക്കുള്ള തിരക്ക് വർധിച്ചു. ഇവിടങ്ങളിൽ പതിവിലും തിരക്കായതോടെ വാഹന പാർക്കിങ് ബുദ്ധിമുട്ടേറിയതായി. പഴവങ്ങാടി, കിഴക്കേകോട്ട, ചാല, അട്ടകുളങ്ങര, പാളയം, തമ്പാനൂർ ഭാഗങ്ങളിൽ ഗതാഗതക്കുരുക്ക് മുൻകാലങ്ങളെക്കാൾ ഉയർന്നു. വൈകിട്ട് 5 മുതൽ രാത്രി 11 വരെയാണ് ഈ ഭാഗങ്ങളിൽ തിരക്ക് ഉച്ചസ്ഥായിൽ എത്തുന്നത്. വസ്ത്രങ്ങളും മറ്റും വാങ്ങാനായി എത്തുന്നവരാണ് കൂടുതലായി തിരക്കിൽപ്പെടുന്നത്.
Fashion ⏭️


