NEWS
അതൃപ്തി പരസ്യമാക്കി ഗവർണർ; ചായ സൽക്കാരത്തിൽ പിഎസ്‌സി ചെയർമാനും അംഗങ്ങൾക്കും ക്ഷണമില്ല

തിരുവനന്തപുരം ∙ നിയമനത്തട്ടിപ്പ് അടക്കം ഒട്ടേറെ ആരോപണങ്ങൾ പിഎസ്‌സി നേരിടുമ്പോൾ പിഎസ്‌സി ചെയർമാനെയും അംഗങ്ങളെയും ചായസൽക്കാരത്തിലേക്ക് വിളിക്കാതെ അതൃപ്തി പരസ്യമാക്കി ഗവർണർ. സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് പതിവായി ലോക്ഭവനിൽ ഗവർണർ ചായസൽക്കാരം ഒരുക്കാറുണ്ട്. ജനപ്രതിനിധികൾ, ഉയർന്ന സ്ഥാനത്തുള്ള വ്യക്തികൾ, മുതിർന്ന ഉദ്യോഗസ്ഥർ എന്നിവരെ ഈ ചടങ്ങിലേക്ക് ക്ഷണിക്കാറുമുണ്ട്. മുൻപ് എല്ലാ വർഷവും പിഎസ്‌സി ചെയർമാനെയും അംഗങ്ങളെയും ഗവർണർ ചടങ്ങിലേക്ക് ക്ഷണിച്ചിരുന്നു. എന്നാൽ ഇവരെ ഇന്നലെ നടന്ന സൽക്കാരത്തിന്റെ ക്ഷണപ്പട്ടികയിൽനിന്നും ഒഴിവാക്കുകയായിരുന്നു.ആരോപണ വിധേയരെ സൽക്കരിക്കേണ്ട എന്ന സന്ദേശമാണ് ഗവർണർ നൽകിയതെന്നും പിഎസ്‌സിയിലെ ക്രമക്കേടുകളെ കുറിച്ചുള്ള റിപ്പോർട്ടുകളിൽ ഗവർണർക്ക് അതൃപ്തിയുണ്ടെന്നുമാണ് ലഭിക്കുന്ന വിവരം. തുടർന്നാണ് പിഎസ്‌സി ചെയർമാൻ എം. ആർ. ബൈജുവിനും മറ്റ് 15 പിഎസ്‌സി അംഗങ്ങൾക്കും ചായസൽക്കാരത്തിനു ക്ഷണം ലഭിക്കാതിരുന്നത്. പിഎസ്‌സി നിയമനങ്ങളിൽ ക്രമക്കേട് നടന്നു എന്ന പരാതിയിൽ ക്രൈംബ്രാഞ്ച് കേസെടുത്ത് അന്വേഷണം പുരോഗമിക്കുന്ന വേളയിലാണ് ഗവർണറുടെ ഈ നടപടി എന്നതും ശ്രദ്ധേയമാണ്.
Fashion ⏭️


