NEWS
‘ഫിറ്റ്നസ് ഇല്ലാത്ത ‘പ്രിയദർശിനി’; സുരക്ഷയിൽ ആശങ്ക; അതിജീവനം സർക്കാർ തീരുമാനമനുസരിച്ച്’

പ്രിയദർശിനി സർവീസ് സ്വകാര്യ ബസുകൾക്കു വെല്ലുവിളിയാകുമോ എന്നതിനെക്കാൾ വലിയ ആശങ്ക സുരക്ഷയുടെ കാര്യത്തിലാണെന്നും പ്രിയദർശിനി സർവീസ് നടത്തുന്ന വണ്ടികളിൽ മിക്കതും ഫിറ്റ്നസ് ഇല്ലാത്തതാണെന്നും ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷൻ ജനറൽ സെക്രട്ടറി ഹംസ ഏരിക്കുന്നൻ. സ്വകാര്യ ബസുകൾ പ്രതിസന്ധിയിലാണ്. സർക്കാർ തീരുമാനം അറിഞ്ഞ ശേഷം സർവീസ് തുടരണോ എന്നു തീരുമാനിക്കുമെന്നും ഹംസ പറയുന്നു. പ്രിയദർശിനി സർവീസ് ആരംഭിച്ചു രണ്ടു മാസം കഴിയുമ്പോൾ, സ്വകാര്യ ബസ് ഉടമകൾ നേരിടുന്ന പ്രശ്നങ്ങളെപ്പറ്റി മനോരമ ഓൺലൈനിനോടു സംസാരിക്കുകയാണ് ഹംസ ഏരിക്കുന്നൻ.സ്ത്രീകൾക്കു സൗജന്യ യാത്രയ്ക്ക് യുഡിഎഫ് സർക്കാർ നടപ്പിലാക്കിയ പ്രിയദർശിനി ബസ് സർവീസ് ആരംഭിച്ച് രണ്ടു മാസം കഴിയുമ്പോൾ വടക്കൻ കേരളത്തിൽ എന്താണ് അവസ്ഥ? വടക്കൻ കേരളത്തിൽ കെഎസ്ആർടിസി ബസ് സർവീസ് കുറവായതിനാൽ സ്വകാര്യ ബസുകളെ ബാധിക്കില്ല എന്നു കരുതുന്നവർ ധാരാളമുണ്ട്. അതു പൂർണമായും ശരിയല്ല. ഒരു കെഎസ്ആർടിസി സർവീസ് ‘പ്രിയദർശിനി’യാക്കിയപ്പോൾ ആ ബസിനു മുൻപിലും പിന്നിലുമായി സർവീസ് നടത്തിയിരുന്ന സ്വകാര്യ ബസുകൾക്കു വലിയ നഷ്ടമാണു സംഭവിച്ചത്. അതേസമയം, പ്രിയദർശിനി സർവീസ് ഇല്ലാത്ത റൂട്ടുകളിലെ സ്വകാര്യ ബസുകൾക്കു നഷ്ടം സംഭവിച്ചതുമില്ല.മലപ്പുറത്ത് പുതിയ പ്രിയദർശിനി ബസ് റൂട്ടുകൾ ആരംഭിച്ചിട്ടുണ്ടോ? പദ്ധതി പ്രഖ്യാപിച്ചതിനു ശേഷം പുതിയ ബസ് ഒന്നും വന്നിട്ടില്ല. അതേസമയം മലബാറിൽ പ്രിയദർശിനി ബസുകൾ കുറവാണെന്ന പ്രചാരണം ഉള്ളതിനാൽ സ്വാഭാവികമായി ഇവിടത്തെ എംഎൽഎമാർക്കു നല്ല സമ്മർദമുണ്ട്. അവരൊക്കെ സർക്കാരിനോട് പുതിയ സർവീസുകൾക്കായി ആവശ്യം ഉന്നയിക്കുന്നുമുണ്ട്. ദീർഘനാളായി ബസ് വ്യവസായത്തിൽ നിൽക്കുന്നയാൾ എന്നനിലയിൽ, പ്രിയദർശിനി സർവീസിനെ എങ്ങനെ. കാണുന്നു? പ്രിയദർശിനി സർവീസ് തുടങ്ങിയ സമയത്ത്, അതുവരെ സ്വകാര്യ ബസുകളിൽ യാത്ര ചെയ്തിരുന്ന സ്ത്രീയാത്രക്കാർ മുഴുവനായും മാറിയിരുന്നു. ആവശ്യത്തിനും അല്ലാതെയും സൗജന്യ യാത്ര ഉപയോഗിച്ചവരും ഉണ്ട്. എന്നാൽ മുൻപുണ്ടായിരുന്ന തിരക്ക് ഇപ്പോൾ കുറഞ്ഞതായി തോന്നുന്നു. ഈ പദ്ധതി നടപ്പിലാക്കുമ്പോൾ നല്ലവണ്ണം ആലോചിക്കണമെന്ന് മന്ത്രി സി.പി. ജോണിനെ കണ്ട് വ്യക്തിപരമായി പറഞ്ഞിരുന്നു. യാത്രക്കാരുടെ വരുമാന പരിധി നിശ്ചയിച്ച് പദ്ധതി നടപ്പിലാക്കിയിരുന്നെങ്കിൽ കുഴപ്പമില്ലായിരുന്നു. എന്നാൽ ഇതിലും വലിയൊരു അപകടത്തെക്കുറിച്ച് ഇപ്പോഴും ആരും ചിന്തിക്കുന്നില്ലെന്നു തോന്നുന്നു. പ്രിയദർശിനി സർവീസ് നടത്തുന്ന ബസുകൾ സുരക്ഷിതമാണോ എന്നതു കൂടി ശ്രദ്ധിക്കേണ്ടതുണ്ട്.
Fashion ⏭️


