പട്ടത്തെ ഫര്‍ണിച്ചര്‍ ഗോഡൗണിലെ തീപിടിത്തം; ആരോ തീയിട്ടതാണെന്ന ആരോപണവുമായി കടയുടമ

തീപിടിത്തത്തിൽ കത്തിനശിച്ച ഗോഡൗൺ
തിരുവനന്തപുരം: പട്ടത്തെ ഫർണിച്ചർ കടയുടെ ഗോഡൗൺ തീപിടിത്തത്തിൽ ഗുരുതര ആരോപണവുമായി കടയുടമ. ഗോഡൗണിന് ആരോ മനഃപൂർവം തീയിട്ടതാണെന്നാണ് കടയുടമ ജോയ് എബ്രഹാമിന്റെ ആരോപണം.
മുൻപും സമാനമായ സംഭവങ്ങൾ നടന്നിട്ടുണ്ടെന്നും ഇത് സംബന്ധിച്ച് മുഖ്യമന്ത്രിയ്ക്ക് പരാതി നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. തന്റെ ബിസിനസ് വളർച്ചയിൽ അസൂയയുള്ളവരാണ് ഇതിന് പിന്നിലെന്നും അദ്ദേഹം ആരോപിച്ചു. അതേസമയം, സംഭവത്തിൽ വിശദമായ അന്വേഷണത്തിന് ശേഷം മാത്രമെ തീപിടിത്തത്തിന്റെ കാരണം വ്യക്തമാകൂവെന്ന് അഗ്നിശമനാ സേന വ്യക്തമാക്കി.
ഇന്ന് രാവിലെ 10.30 ഓടെയായിരുന്നു പട്ടത്ത് ജോയ് ഫർണിച്ചർ കടയുടെ ഗോഡൗണിൽ തീപിടിത്തമുണ്ടായത്. പുക ഉയരുന്നത് കണ്ട ആളുകളാണ് വിവരം ഫയർഫോഴ്സിനെ അറിയിച്ചത്. തുടർന്ന് ഫയർഫോഴ്സിന്റെ അഞ്ചുയൂണിറ്റുകളുടെ രണ്ടുമണിക്കൂറിലധികം നീണ്ട പരിശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണവിധേയമായത്.
തീപിടിത്തത്തിൽ ഇവിടെ സൂക്ഷിച്ചിരുന്ന മെത്തയും ഫർണിച്ചർ സാധനങ്ങളും ഉൾപ്പെടെ പൂർണമായും കത്തിനശിച്ചു. ഏകദേശം 20 ലക്ഷത്തിന്റെ നാശനഷ്ടമുണ്ടായതായി കടയുടമ പറഞ്ഞു. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചു.
English Summary
A fire at Joy Furniture’s warehouse in Pattom, Thiruvananthapuram, caused an estimated Rs 20 lakh loss. Owner Joy Abraham alleged deliberate arson due to business rivalry, stating he previously reported similar incidents to the Chief Minister. Five fire units extinguished the blaze after two hours. Authorities have launched a detailed investigation to determine the exact cause of the fire.


