NEWS
ജെഫ്രി എപ്സ്റ്റീനുമായി ആന്ത്രോപിക് സിഇഒ മേധാവിയുടെ ഭാര്യയ്ക്ക് ബന്ധം; അശ്ലീലചിത്ര നിർമാണ കമ്പനി തുടങ്ങാൻ ചർച്ച നടത്തി

വാഷിങ്ടൻ ∙ മുൻനിര ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കമ്പനികളിലൊന്നായ ആന്ത്രോപിക് സിഇഒ ഡാരിയോ അമോഡെയുടെ ഭാര്യയും അദ്ദേഹത്തിന്റെ ഉപദേശകയുമായ കാമി ക്ലർക്ക്, ലൈംഗിക കുറ്റവാളി ജെഫ്രി എപ്‌സ്റ്റീനിൽ നിന്നും നിക്ഷേപം സമാഹരിക്കാൻ ശ്രമിച്ചതായി റിപ്പോർട്ട്. സ്ത്രീകൾക്കായുള്ള അശ്ലീലചിത്ര നിർമാണ കമ്പനി ആരംഭിക്കുന്നതിനായി കാമി ക്ലർക്ക് എപ്‌സ്റ്റീനെ സമീപിച്ചതിന്റെ രേഖകൾ ’ദ് വാൾസ്ട്രീറ്റ് ജേണൽ’ ആണ് പുറത്തുവിട്ടത്. എപ്‌സ്റ്റീൻ ഫയലുകളിലെ ഇമെയിൽ വിവരങ്ങൾ മുൻനിർത്തിയാണ് റിപ്പോർട്ട്.2008ൽ എപ്‌സ്റ്റീൻ കുറ്റക്കാരനാണെന്ന് യുഎസ് കോടതി കണ്ടെത്തിയ ശേഷമാണ്, അതായത് 2011 മാർച്ചിൽ, കാമി ക്ലർക്ക് എപ്‌സ്റ്റീനെ പരിചയപ്പെടുന്നത്. ആദ്യ കൂടിക്കാഴ്ചയ്ക്ക് തൊട്ടുപിന്നാലെ, തങ്ങളുടെ കമ്പനിയുടെ ഫണ്ടിങ് ആവശ്യകതകൾ വ്യക്തമാക്കി കാമി ക്ലർക്ക് എപ്‌സ്റ്റീന് ഇമെയിൽ അയച്ചു. എപ്‌സ്റ്റീനെ കാണാൻ കഴിഞ്ഞതിൽ വലിയ സന്തോഷമുണ്ടെന്ന് വ്യക്തമാക്കിയ അവർ, ദിവസങ്ങൾക്ക് ശേഷം തങ്ങൾ നിർമിക്കാൻ ഉദ്ദേശിക്കുന്ന ആദ്യത്തെ നാല് അശ്ലീല ചിത്രങ്ങളുടെ (അമേരിക്കൻ ഗേൾ ഇൻ പാരീസ്) തിരക്കഥയും മറ്റ് വിവരങ്ങളും അദ്ദേഹത്തിന് അയച്ചുകൊടുത്തു. ജെഫ്രി, നിങ്ങൾക്കും നിങ്ങളുടെ കൂടെയുള്ള സ്ത്രീകൾക്കും ഞങ്ങളുടെ ആദ്യത്തെ നാല് സിനിമകളുടെ തിരക്കഥ ഇഷ്ടപ്പെടുമെന്ന് കരുതുന്നുവെന്നായിരുന്നു കാമി ക്ലർക്കിന്റെ ഇമെയിൽ. ആന്ത്രോപിക് സിഇഒ ഡാരിയോ അമോഡെയുടെ ഭാര്യയായ കാമി ക്ലർക്ക്, കമ്പനിയിൽ ഔദ്യോഗിക പദവികൾ ഒന്നും വഹിക്കുന്നില്ലെങ്കിലും, എഐ ലോകത്തെ ഏറ്റവും സ്വാധീനമുള്ള അദൃശ്യ ഉപദേശക ആയാണ് അറിയപ്പെടുന്നത്. ലോക സാമ്പത്തിക ഫോറം, അലൻ ആൻഡ് കോ കോൺഫറൻസ് തുടങ്ങിയ വലിയ ആഗോള വേദികളിൽ ഭർത്താവിനൊപ്പം മുൻനിരയിലിരുന്ന് നിക്ഷേപകരുമായി ചർച്ചകൾ നടത്തുന്നത് കാമി ക്ലർക്കാണ്. ഈ വർഷം ന്യൂഡൽഹിയിൽ നടന്ന എഐ ഇംപാക്ട് സമ്മിറ്റിൽ പങ്കെടുത്ത മറ്റ് എക്സിക്യൂട്ടീവുകൾ തങ്ങളുടെ സഹപ്രവർത്തകരെ കൂടെക്കൂട്ടിയപ്പോൾ, അമോഡെ തന്റെ ഭാര്യയെയാണ് ഔദ്യോഗിക പ്രതിനിധിയായി ഇന്ത്യയിലേക്ക് ഒപ്പം കൂട്ടിയത്.
Fashion ⏭️


