NEWS
ആ ഒരു ജീവൻ രക്ഷിക്കാൻ ഒരാൾ മതി; ആ ഒരാളെ കണ്ടെത്താൻ നാട് ഒന്നിച്ചപ്പോൾ ദാതാക്കളാകാൻ ജനപ്രവാഹം, എത്തിയത് 1700 പേർ

മഞ്ചേരി∙ ആ ഒരു ജീവൻ രക്ഷിക്കാൻ ഒരാൾ മതി. പക്ഷേ, ആ ഒരാളെ കണ്ടെത്താൻ ഒരു നാട് ഒന്നിച്ചപ്പോൾ റാഫിയ ഷെറിന്റെ ജീവിതത്തിലേക്ക് പ്രതീക്ഷയുടെ വെളിച്ചം പരന്നു. റാഫിയ ഒറ്റയ്ക്കല്ല, ഞങ്ങളെല്ലാം കൂടെയുണ്ടെന്ന് അറിയിച്ച് ജീവകോശം നൽകാൻ നൂറുകണക്കിന് ആളുകൾ എത്തിയപ്പോൾ അത് കരുതലിന്റെ പുതിയ ചരിത്രമായി. ആമയൂർ സ്വദേശിനിയായ റാഫിയയ്ക്ക് സിവിയർ അപ്ലാസ്റ്റിക് അനീമിയയെ അതിജീവിക്കാൻ സ്റ്റെം സെൽ ട്രാൻസ്പ്ലാന്റ് ആവശ്യമായി വന്നതോടെയാണ് ജീവകോശദാന ക്യാംപിൽ സുമനസ്സുകൾ ഒന്നിച്ചത്. മഞ്ചേരി യത്തീംഖാന സ്കൂളിൽ ആയിരുന്നു പ്രതീക്ഷ ക്ലബ്ബിന്റെ നേതൃത്വത്തിൽ ജീവകോശദാന ക്യാംപ് സംഘടിപ്പിച്ചത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് 1700 പേരാണ് ക്യാംപിന് എത്തിയത്. 5 മുറികളിലായി ടികെഎംഎസ് പ്രതിനിധികൾ മുഖേന സ്രവം ശേഖരിച്ചു. ലണ്ടനിലെ പ്രിസ്റ്റണിൽ കഴിയുന്ന റാഫിയയ്ക്കായി ഇന്ന് പ്രിസ്റ്റൺ കാതറീൻ ബെക്കെറ്റ് കമ്യുണിറ്റി സെന്ററിലും ക്യാംപ് നടക്കും. യോജിച്ച ദാതാവിനെ കണ്ടെത്തുകയാണ് ട്രാൻസ്പ്ലാന്റിലെ പ്രധാന വെല്ലുവിളി. സ്റ്റെം സെൽ ദാതാക്കളായി റജിസ്റ്റർ ചെയ്തവർ കുറവാണ്. കൂടുതൽ പേർ സ്റ്റെം സെൽ പരിശോധനയ്ക്ക് വിധേയമായാലേ ദാതാവിനെ കണ്ടെത്താനാകൂ. വിദഗ്ധ പരിശോധന നടത്തിയ ശേഷമാണ് സ്രവഫലം ലഭിക്കക. ജീവകോശം തേടിയുള്ള റാഫിയയുടെ സമൂഹമാധ്യമ പോസ്റ്റുകൾ ഈയിടെ വൈറൽ ആയിരുന്നു. തനിക്ക് യോജിച്ച ദാതാവിനെ കിട്ടിയാലും ഇല്ലെങ്കിലും ലോകത്ത് ജീവകോശം കാത്തിരിക്കുന്നവർക്ക് പ്രയോജനപ്പെടുമെന്ന് സന്ദേശത്തിൽ പറയുന്നു.
Fashion ⏭️


