SPORTS
കേരള ക്രിക്കറ്റ് ലീഗ് സീസൺ 3 ടീം ലോഞ്ച് തിങ്കളാഴ്ച; ആവേശം പകരാൻ സഞ്ജു സാംസൺ എത്തും

തിരുവനന്തപുരം∙ മലയാളികളുടെ സ്വന്തം ക്രിക്കറ്റ് കാർണിവലായ കെസിഎൽ സീസൺ-3യുടെ ഔദ്യോഗിക ടീം ലോഞ്ച് തിങ്കളാഴ്ച തിരുവനന്തപുരത്ത് നടക്കും. കോവളം ഹോട്ടൽ ലീല റാവിസിൽ വൈകുന്നേരം 5.30 ന് നടക്കുന്ന ചടങ്ങിൽ ടൂറിസം-സാംസ്കാരിക വകുപ്പ് മന്ത്രി പി. സി. വിഷ്ണുനാഥും ഇന്ത്യൻ ക്രിക്കറ്റ് താരവും കെസിഎൽ ഐക്കണുമായ സഞ്ജു സാംസണും മുഖ്യാതിഥികളാകും. കെസിഎൽ മൂന്നാം സീസണിൽ മാറ്റുരയ്ക്കുന്ന ആറ് ഫ്രാഞ്ചൈസികളെയും ചടങ്ങിൽ ഔദ്യോഗികമായി അവതരിപ്പിക്കും. ഇതിനുപുറമെ, ടീം ക്യാപ്റ്റൻമാർ, പരിശീലകർ, മറ്റ് സപ്പോർട്ട് സ്റ്റാഫ് അംഗങ്ങൾ എന്നിവരെയും പരിചയപ്പെടുത്തും. തുടർന്ന് പ്രശസ്ത മെന്റലിസ്റ്റ് നിപിൻ നിരാവത്തിന്റെ മെന്റലിസം പ്രോഗ്രാമും അരങ്ങേറും.കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഈ മാസം 20 ന് മൂന്നാം സീസണിന് തുടക്കമാകും. 17 ദിവസം നീളുന്ന ക്രിക്കറ്റ് പോരാട്ടത്തിന്റെ ഫൈനൽ സെപ്റ്റംബർ അഞ്ചിനാണ്. ട്രിവാൻഡ്രം റോയൽസ്, ഏരീസ് കൊല്ലം സെയ്ലേഴ്സ്, ആലപ്പി റിപ്പിൾസ്, കൊച്ചി ബ്ലൂ ടൈഗേഴ്സ്, തൃശൂർ ടൈറ്റൻസ്, കാലിക്കറ്റ് ഗ്ലോബ്സ്റ്റാർസ് എന്നീ ആറ് ടീമുകളാണ് ടൂർണമെന്റിൽ ഏറ്റുമുട്ടുന്നത്. 20-ന് ഉച്ചയ്ക്ക് 2.30-ന് നടക്കുന്ന ഉദ്ഘാടന മത്സരത്തിൽ കാലിക്കറ്റ് ഗ്ലോബ്സ്റ്റാർസും തൃശൂർ ടൈറ്റൻസും തമ്മിലാണ് ആദ്യ പോരാട്ടം. അന്ന് രാത്രി 7.30-ന് നടക്കുന്ന രണ്ടാമത്തെ മത്സരത്തിൽ നിലവിലെ ചാംപ്യന്മാരായ കൊച്ചി ബ്ലൂ ടൈഗേഴ്സിന് ഏരീസ് കൊല്ലം സെയ്ലേഴ്സാണ് എതിരാളികൾ.
Auto ⏭️


