NEWS

‘ഞാൻ ആദ്യം അമ്മയെ കൊന്നു, പിന്നാലെ അപ്പനെയും, ഞാൻ അവരെ ദൈവസന്നിധിയിലേക്ക് പറഞ്ഞയച്ചു’; വെറുതെയായി, ആ വീടെന്ന സ്വപ്നം


എഴുകുംവയൽ∙ ‘ഞാൻ ആദ്യം അമ്മയെ കൊന്നു, പിന്നാലെ അപ്പനെയും’. ഇടുക്കി എഴുകുംവയലിനെ നടുക്കിയ അരുംകൊലയിലെ പ്രതി അജീഷ് ആന്റണിയെ വീട്ടിൽ തെളിവെടുപ്പിനെത്തിച്ചപ്പോൾ ഇങ്ങനെ പറഞ്ഞതായി പൊലീസ് പറഞ്ഞു. തലേന്ന് ‘ഞാൻ അവരെ ദൈവസന്നിധിയിലേക്ക് പറഞ്ഞയച്ചു’ എന്നു പറഞ്ഞ അതേ ലാഘവത്തോടെ. ഇന്നലെ ഉച്ചയോടെയാണ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി ആന്റണിയുടെയും ഭാര്യ വത്സമ്മയുടെയും മൃതദേഹങ്ങൾ വീട്ടിൽ നിന്നു മാറ്റിയത്. തുടർന്ന് പന്ത്രണ്ടേകാലോടെയാണ് പ്രതിയെ വീട്ടിൽ തെളിവെടുപ്പിനെത്തിച്ചത്. പ്രതി വീടിനുള്ളിൽ കയറിയപ്പോൾ വീട്ടിൽ കാണാതിരുന്ന ആന്റണിയുടെ മാതാവ് ചിന്നമ്മയെ തിരക്കി. അമ്മച്ചിയെവിടെ എന്നു ചോദിച്ച അജീഷ് വല്യമ്മയെ താൻ ഒന്നും ചെയ്തില്ലെന്നും ഇതൊക്കെ തന്നെ പെടുത്താനുള്ള പണിയാണെന്നും പറഞ്ഞു.കൊലപാതക ശേഷം സ്വയം ചിത്രീകരിച്ച ചിത്രങ്ങൾ എഴുകുംവയൽ പള്ളിയിലെ മുൻ വൈദികനാണ് പ്രതി ആദ്യം അയച്ചുകൊടുത്തത്. വൈദികൻ പള്ളിയിലെ നിലവിലെ വികാരിയെ വിവരം ധരിപ്പിച്ചു. പൊലീസിൽ വിവരമറിയിച്ച ശേഷം പള്ളി വികാരിയും കൈക്കാരന്മാരും ഉൾപ്പെടെയാണ് ആദ്യം സംഭവസ്ഥലത്ത് എത്തുന്നത്. തങ്ങൾ ചെല്ലുമ്പോൾ പ്രതി കൊന്ത ഉരുട്ടിക്കൊണ്ട് പടിയിൽ ഇരിക്കുകയായിരുന്നെന്നും ദൈവം പറഞ്ഞതനുസരിച്ച് ഞാൻ അവരെ ദൈവത്തിന്റെ അടുത്തേക്ക് അയച്ചെന്നു പറഞ്ഞതായും സമീപവാസി ടോമി പറയുന്നു. എന്നാൽ പിന്നീട് പ്രതി അക്രമാസക്തനായില്ല. അകത്തെ മുറിയിൽ ഉറങ്ങിക്കിടക്കുകയായിരുന്ന വല്യമ്മ ചിന്നമ്മയെയും പ്രതി ഉപദ്രവിച്ചിരുന്നില്ല. മകന്റെയും ഭാര്യയുടെയും മൃതദേഹങ്ങൾ മറച്ച് അവർ മരിച്ചത് അറിയിക്കാതെ തൊട്ടടുത്ത് ഉരുൾപൊട്ടിയെന്നു പറഞ്ഞാണ് ചിന്നമ്മയെ പൊലീസ് മറ്റൊരു വീട്ടിലേക്ക് മാറ്റിയത്.വെറുതെയായി,ആ വീടെന്ന സ്വപ്നം  എഴുകുംവയൽ∙ മരിക്കുന്നതിന് കുറച്ചുനാൾ മുൻപ് മകൻ അജീഷിന് വീട് വച്ചു കൊടുക്കുന്ന കാര്യം വത്സമ്മ പറഞ്ഞതായി ഒപ്പം തൊഴിലുറപ്പിന് പോകുന്ന സ്ത്രീകൾ പറയുന്നു. വത്സമ്മയുടെയും ആന്ണിയുടെയും വിദേശത്തുള്ള മൂത്ത മകൻ നിതിൻ ആന്റണി അടുത്തിടെയാണ് പുതിയൊരു വീട് സ്വന്തമാക്കിയത്. അജീഷ് ലഹരി ഉപയോഗിച്ചിരുന്നെങ്കിലും മാതാപിതാക്കൾ അജീഷിനെപ്പറ്റി മോശമായി ഒന്നും മറ്റുള്ളവരോട് പറഞ്ഞിരുന്നില്ല. സാധാരണ അധികമാരോടും സംസാരിക്കാറില്ലാത്ത അജീഷ് മുറിക്കുള്ളിൽ ഒതുങ്ങിക്കൂടുകയാണ് പതിവ്. എന്നാൽ സംഭവം നടന്ന ദിവസം ഇയാൾ പതിവിലേറെ അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നു. ആന്റണിയും വത്സമ്മയും പറമ്പിൽ പണിയെടുക്കുന്നതിനിടെ ഇയാൾ പണം ആവശ്യപ്പെട്ടെന്നും ഇതു കൊടുക്കാതെ വന്നപ്പോൾ അജീഷ് ഭ്രാന്തമായ ചേഷ്ടകൾ പ്രകടിപ്പിച്ചതായും അയൽക്കാർ പറയുന്നു. കൊലപാതക ദിവസം വൈകുന്നേരം മുതൽ കനത്ത മഴയായിരുന്നതിനാൽ ഇവരുടെ വീട്ടിൽ നിന്ന് ശബ്ദമോ നിലവിളിയോ കേട്ടിരുന്നില്ല. മഴ തോർന്നപ്പോൾ പെയ്തത് നാടിന്റെ കണ്ണീരും.


Fashion ⏭️

Back to top button