SPORTS
സിറാജിനൊപ്പം പേസ് നിരയിൽ ആര്? ജുറേലിനു പകരം സർഫറാസ് എത്തുമോ? സൂചന നൽകി ക്യാപ്റ്റൻ ഗിൽ

ഗോൾ (ശ്രീലങ്ക)∙ ലോക ടെസ്റ്റ് ചാംപ്യൻഷിപ്പിലെ ജീവൻമരണ പോരാട്ടത്തിനാണ് ഇന്ത്യൻ ക്രിക്കറ്റ് ടീം ശനിയാഴ്ച ശ്രീലങ്കയ്ക്കെതിരെ ഇറങ്ങുന്നത്. ചാംപ്യൻഷിപ്പിന്റെ 2025-27 സീസൺ പോയിന്റ് പട്ടികയിൽ അഞ്ചാം സ്ഥാനത്താണ് ഇന്ത്യ. കളിച്ച 9 ടെസ്റ്റ് മത്സരങ്ങളിൽ നാലിലും പരാജയപ്പെട്ടു. ഇനി ശേഷിക്കുന്നത് 3 പരമ്പരകളിലായി 9 മത്സരങ്ങൾ. ടെസ്റ്റ് ക്രിക്കറ്റ് ലോകകപ്പ് ആരംഭിച്ചതിനു ശേഷം രണ്ടുതവണ ഫൈനൽ കളിച്ചെങ്കിലും കിരീടമുയർത്താൻ സാധിക്കാത്ത ഇന്ത്യൻ ടീമിന് ഇത്തവണ, ഇനിയുള്ള മത്സരങ്ങളെല്ലാം നിർണായകം. ഫൈനൽ സാധ്യത മങ്ങിയ അവസ്ഥയിലാണ് ശ്രീലങ്കയ്ക്കെതിരായ രണ്ടു മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയ്ക്ക് ഇന്ത്യ ഒരുങ്ങുന്നത്. നാളെ മുതൽ ഗോളിലാണ് ആദ്യ ടെസ്റ്റ്.ഇതിനിടെ, ആദ്യ ടെസ്റ്റിലെ പ്ലേയിങ് ഇലവൻ സംബന്ധിച്ച സൂചന ക്യാപ്റ്റൻ ശുഭ്മൻ ഗിൽ നൽകി. മുഹമ്മദ് സിറാജിനൊപ്പം പേസ് ബോളറായി ആരാകും ടീമിലുണ്ടാകുക എന്നതു സംബന്ധിച്ചാണ് ഏറ്റവും ആകാക്ഷ. ബുമ്രയുടെ അസാന്നിധ്യത്തിൽ പേസ് അറ്റാക്ക് നയിക്കുന്ന സിറാജിനു കൂട്ടായി ഗുർനൂർ ബ്രാർ എത്തുമെന്നാണ് പല വിദഗ്ധരുടെയും അഭിപ്രായം. എന്നാൽ പ്രസിദ്ധ് കൃഷ്ണയാകും ഇലവനിലുണ്ടാകുക എന്ന സൂചനയാണ് ഗിൽ നൽകുന്നത്. ‘‘ഗുർനൂർ ബ്രാറിന് പഴയ പന്ത് ഉപയോഗിച്ച് നല്ല വേഗതയിൽ ബൗൺസ് കണ്ടെത്താൻ മികച്ച കഴിവുണ്ട്. എന്നാൽ പ്രസിദ്ധ് കൃഷ്ണ ഈയിടെയായി വളരെ നന്നായി പന്തെറിയുന്നുണ്ടെന്ന് സന്നാഹ മത്സരത്തിൽ നമ്മൾ കണ്ടതാണ്. അതുകൊണ്ട് തന്നെ ഇതൊരു കടുത്ത തീരുമാനമാണ്.’’ ആദ്യ ടെസ്റ്റിന് മുന്നോടിയായി ഗിൽ പറഞ്ഞു.സ്പിന്നിനെ തുണയ്ക്കുന്ന പിച്ചിൽ മൂന്ന് സ്പിന്നർമാരുമായാണ് ഇന്ത്യ ഇറങ്ങുക. രവീന്ദ്ര ജഡേജ, കുൽദീപ് യാദവ്, മാനവ് സുതാർ എന്നിവർക്കാകും സ്പിൻ ചുമതല. , സാരാംശ് ജെയിനിന് അരങ്ങേറ്റത്തിന് അവസരം ലഭിക്കുമോ എന്ന കണ്ടറിയണം. സായ് സുദർശന്റെ അഭാവത്തിൽ ദേവ്ദത്ത് പടിക്കൽ മൂന്നാം നമ്പറിൽ ഇറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ ഏതാനും ടെസ്റ്റുകളിൽ മോശം പ്രകടനമായിരുന്നിട്ടും ധ്രുവ് ജുറേലിനു പകരം സർഫറാസ് ഖാൻ എത്താനുള്ള സാധ്യതയും ഗിൽ തള്ളിക്കളഞ്ഞു. ‘താരങ്ങൾ തനിയെ വളർന്നു വരും. നമ്മൾ അവർക്ക് സമയം നൽകേണ്ടതുണ്ട്, ചില താരങ്ങൾക്ക് കുറച്ചുകൂടി സമയം ആവശ്യമാണ്.’’– ക്യാപ്റ്റൻ തന്റെ നിലപാട് വ്യക്തമാക്കി.
Auto ⏭️


