NEWS
വിഡിയോ കോളിന് ‘സ്ട്രിപ്പ് ചാറ്റ്’, നഗ്ന വിഡിയോ കാണാൻ ഡിജിറ്റൽ ടോക്കൺ; ഉപയോഗിച്ചത് എയർഹോസ്റ്റസ് ഉൾപ്പെടെയുള്ള യുവതികളെ

അഹമ്മദാബാദ് ∙ ഗുജറാത്തിലെ വഡോദരയിൽ ഓൺലൈൻ നഗ്ന വിഡിയോ കോൾ റാക്കറ്റിനെ പിടികൂടി പൊലീസ്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടന്ന റെയ്ഡിലാണ് പത്താം ക്ലാസ് വിദ്യാഭ്യാസം മാത്രമുള്ള മനീഷ് പധിനാർ എന്ന പ്രധാന പ്രതി അറസ്റ്റിലായത്. മഞ്ചൽപൂരിലെ ഒരു ഫ്ലാറ്റിന്റെ മൂന്നാം നില കേന്ദ്രീകരിച്ചായിരുന്നു സംഘം പ്രവർത്തിച്ചിരുന്നത്. ‘സ്ട്രിപ്പ് ചാറ്റ്’ എന്ന സ്ട്രീമിങ് ആപ്ലിക്കേഷൻ ഉപയോഗിച്ചാണ് പ്രതി തട്ടിപ്പ് ഏകോപിപ്പിച്ചിരുന്നത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള സ്ത്രീകളെയും പെൺകുട്ടികളെയും ഇയാൾ ഉയർന്ന വരുമാനം വാഗ്ദാനം ചെയ്ത് ഫ്ലാറ്റിൽ താമസിപ്പിച്ചിരുന്നു. ഇടപാടുകാർ ഈ ആപ്പിൽ ലോഗിൻ ചെയ്ത് 500 രൂപ മുതൽ 5,000 രൂപ വരെ നൽകി തങ്ങളുടെ അക്കൗണ്ടുകൾ ആദ്യം റീചാർജ് ചെയ്യണം. പണത്തിനു പകരമായി ഇവർക്ക് ആപ്പിൽ ഉപയോഗിക്കാവുന്ന ഡിജിറ്റൽ കോയിനുകൾ (ടോക്കണുകൾ) ലഭിക്കും. ഉപഭോക്താക്കൾ റീചാർജ് ചെയ്ത ശേഷം കോൾ ചെയ്യുമ്പോൾ സ്ക്രീനിൽ സ്ത്രീകൾ പ്രത്യക്ഷപ്പെടുകയും അവരുടെ ആവശ്യാനുസരണം നഗ്നത പ്രദർശിപ്പിക്കുകയോ മറ്റ് ലൈംഗിക പ്രവൃത്തികളിൽ ഏർപ്പെടുകയോ ചെയ്യും. ഉപഭോക്താവ് ആപ്പിൽ ചെലവഴിക്കുന്ന സമയത്തിനനുസരിച്ച് അവരുടെ അക്കൗണ്ടിലെ കോയിനുകളുടെ എണ്ണം കുറഞ്ഞുകൊണ്ടിരിക്കും.
Fashion ⏭️


