NEWS

കേരളത്തിലെ മൂന്നാമത്തെ ‘ബ്ലൂ ഫ്ലാഗ് ബീച്ച്’ ആകാൻ മലപ്പുറത്തെ കൂട്ടായി ‘കശ്മീർ ബീച്ച്’; നടപടികളിങ്ങനെ


തിരൂർ ∙ കശ്മീരിലെ നീലക്കടലിനു മുന്നിൽ ഒരു നീലക്കൊടി ഉയരും. അങ്ങനെ കാപ്പാടിനും ചാലിനുമൊപ്പം സംസ്ഥാനത്ത് ഒരു ബ്ലൂ ഫ്ലാഗ് ബീച്ച് കൂടിയാകും. അക്ഷമയോടെയുള്ള കാത്തിരിപ്പിലാണ് കടലാസ്വാദകർ. കൂട്ടായിയിലെ കശ്മീർ ബീച്ചാണ് ബ്ലൂ ഫ്ലാഗ് സർട്ടിഫിക്കേഷനിലേക്ക് അടുത്തുകൊണ്ടിരിക്കുന്നത്. കടലിലെ വെള്ളത്തിന്റെ ഗുണനിലവാരം, പരിസ്ഥിതി പരിപാലനം, അതിന്റെ സംരക്ഷണം, സുരക്ഷയും സേവനങ്ങളും എന്നീ നാലു കാര്യങ്ങൾ പരിഗണിച്ച് ഡെൻമാർക്ക് ആസ്ഥാനമായുള്ള ഫൗണ്ടേഷൻ ഫോർ എൻവയൺമെന്റ് എജ്യുക്കേഷൻ എന്ന എൻജിഒ സംഘടനയാണ് സർട്ടിഫിക്കേഷൻ നൽകുന്നത്.മംഗലം പഞ്ചായത്തിലെ കഴിഞ്ഞ ഭരണസമിതിയാണ് ബീച്ചിന് ഈ സാധ്യതയുണ്ടെന്നു മനസ്സിലാക്കി സർക്കാരിനെ അറിയിച്ചത്. തുടർന്ന് പദ്ധതിയുടെ ഓഫിസറായി സബ് കലക്ടറെ നിയമിച്ചു. കർശനമായി പാലിക്കുന്ന 33 മാനദണ്ഡങ്ങൾ പരിശോധിച്ചാണ് ബീച്ചുകൾക്ക് ബ്ലൂ ഫ്ലാഗ് പദവി നൽകുന്നത്. ഇതിന്റെ ഭാഗമായി ഇവിടെയുള്ള കടലിലെ വെള്ളം ഡിടിപിസിയുടെ നേതൃത്വത്തിൽ പരിശോധന നടത്തി. കോഴിക്കോട് കുന്നമംഗലത്തെ ജലവിഭവ വികസന വിനിയോഗ കേന്ദ്രത്തിൽ ആഴ്ചതോറും 21 പരിശോധനകളാണ് ഇതിനായി നടത്തിയത്. കടലിൽ ഇറങ്ങിക്കുളിക്കുമ്പോൾ ഏതെങ്കിലും തരത്തിൽ ആരോഗ്യത്തെ ബാധിക്കുമോയെന്ന പരിശോധനയാണിത്. കശ്മീർ ബീച്ച് ഈ പരിശോധന വിജയിച്ചു കഴിഞ്ഞു.നീലപ്പതാക ∙ സംസ്ഥാനത്ത് ബ്ലൂ ഫ്ലാഗ് പദവി നേരത്തേ ലഭിച്ച 2 ബീച്ചുകളുണ്ട്. ഒന്ന് കാപ്പാട് ബീച്ചാണ്. മറ്റൊന്ന് കണ്ണൂർ അഴീക്കോട്ടെ ചാൽ ബീച്ചാണ്. 52 രാജ്യങ്ങളിലെ 5,274 ബീച്ചുകൾക്ക് ബ്ലൂ ഫ്ലാഗ് പദവിയുണ്ട്. ശുചിത്വവും സുരക്ഷയും ഉറപ്പു നൽകപ്പെടുന്നതിനാൽ വിദേശികൾ ഉൾപ്പെടെയുള്ള സഞ്ചാരികൾ ബീച്ച് തേടിയെത്തും. ഫൗണ്ടേഷൻ ഫോർ എൻവയൺമെന്റ് എജ്യുക്കേഷന്റെ ബ്ലൂ ഫ്ലാഗ് എന്ന വെബ്സൈറ്റിലെ മാപ്പിൽ അംഗീകാരം ലഭിച്ച ബീച്ചുകൾ രേഖപ്പെടുത്തുന്നുണ്ട്. ഇതു നോക്കിയാണ് വിദേശികൾ കടലിൽ ഇറങ്ങാൻ എത്താറുള്ളത്.


Fashion ⏭️

Back to top button