NEWS

’64 വർഷമായി എൻഎസ്എസിൽ പ്രവർത്തിക്കുന്നു,​ ഒരുത്തൻ വിചാരിച്ചാലും കണ്ടെത്താൻ കഴിയുന്ന ഒരു തെറ്റും ഇതുവരെ ഉണ്ടായിട്ടില്ല’

എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ

കോട്ടയം: മുൻ മന്ത്രി കെ ബി ഗണേഷ് കുമാറിന്റെ പരിഹാസ രൂപേണയുള്ള വിമർശനത്തിന് മറുപടിയുമായി എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ. എൻഎസ്എസിന്റെ വിവിധ സ്ഥാപനങ്ങളിൽ നിയമാനുസൃതമായി മാത്രമേ നിയമനങ്ങൾ നടന്നിട്ടുള്ളൂവെന്ന് അദ്ദേഹം വ്യക്തമാക്കി. ആക്ഷേപമുള്ളവർ കേസ് കൊടുക്കട്ടേയെന്ന് സുകുമാരൻ നായർ മാദ്ധ്യമപ്രവർത്തകരോട് പ്രതികരിച്ചു.

‘അനധികൃതമായി ഒരാൾക്കും ഞാൻ നിയമനം കൊടുത്തിട്ടില്ല. എന്റെ കുടുംബത്തിൽ നിന്ന് മാത്രം നിയമനം കൊടുക്കുന്നുവെന്നത് തെറ്റായ പ്രചരണം മാത്രമാണ്. കേരളം മുഴുവൻ ഉൾപ്പെടുന്നതാണ് എന്റെ കുടുംബം. ഞാൻ അയാൾക്ക് ഒരു ദ്രോഹവും ചെയ്തിട്ടില്ല. അയാൾ എനിക്ക് ഒരു ഗുണവും ചെയ്തിട്ടുമില്ല. സ്ഥാനങ്ങളെല്ലാം നഷ്ടപ്പെട്ടപ്പോൾ വിമർശനവുമായി രംഗത്തെത്തിയിരിക്കുകയാണ്. എന്തുകൊണ്ട് മുമ്പ് ഇതെല്ലാം പറഞ്ഞില്ല. അയാൾക്ക് എതിർപ്പുണ്ടെങ്കിൽ കോടതിയെ സമീപിക്കട്ടെ’-സുകുമാരൻ നായർ പറഞ്ഞു.

‘സ്വന്തം അച്ഛനെ കുറിച്ചുവരെ ആക്ഷേപം ഉന്നയിച്ചയാളാണ് കെ ബി ഗണേഷ് കുമാർ. എൻഎസ്എസിനെയും ജനറൽ സെക്രട്ടറിയെയും സ്നേഹിച്ചുവേണം ജീവിക്കാനെന്ന് തന്റെ അച്ഛൻ ഉപദേശം നൽകിയിട്ടുണ്ടെന്ന് ഗണേഷ് കുമാർ തന്നെ പറഞ്ഞിട്ടുള്ളതാണ്. എന്നിട്ട് ഇപ്പോൾ എന്താണ് അയാൾ ചെയ്യുന്നത്. കുറച്ചുപേർ എൻഎസ്എസിനെ തകർക്കാൻ കോടതികളിൽ കയറി ഇറങ്ങുന്നുണ്ട്. അവരുടെ വാലായിട്ടാണ് കെ ബി ഗണേഷ് കുമാർ പ്രവർത്തിക്കുന്നത്. 64 വർഷമായി ഞാൻ എൻഎസ്എസിൽ പ്രവർത്തിക്കുന്നു. ഒരുത്തൻ വിചാരിച്ചാലും കണ്ടെത്താൻ കഴിയുന്ന ഒരു തെറ്റും എന്റെ ഭാഗത്ത് നിന്ന് ഇതുവരെ ഉണ്ടായിട്ടില്ല.’- അദ്ദേഹം പറഞ്ഞു.

‘മന്നം സമാധിയിലേക്കുള്ള പ്രവേശനം ആർക്കും നിഷേധിച്ചിട്ടില്ല. ഉപരാഷ്ട്രപതി സന്ദർശനത്തിന് വന്നപ്പോൾ സമാധിയിൽ പട്ടിയെ കയറ്റി പരിശോധിക്കണം എന്നു പറഞ്ഞു. ഞങ്ങൾ ക്ഷേത്രത്തിന് തുല്യമായി ആരാധിക്കുന്ന സ്ഥലമാണ്. അതുകൊണ്ടാണ് പറ്റില്ല എന്നുപറഞ്ഞത്. പട്ടിയെ കയറ്റിയിട്ട് ആരും സമാധിയിൽ പുഷ്പാർച്ചന നടത്തണ്ട എന്ന് ഞാൻ പറഞ്ഞു. അത് എന്റെ കടമയാണ്.’ -സുകുമാരൻ നായർ വ്യക്തമാക്കി.

English Summary

NSS General Secretary G. Sukumaran Nair responded to former minister K. B. Ganesh Kumar’s criticism, denying allegations of illegal appointments and favoritism. Nair challenged critics to approach the courts if they had evidence. He defended NSS practices, highlighted his 64 years of service, and said no wrongdoing could be found against him. He also explained the restrictions imposed during the Vice President’s visit.

Read News ⏭️

Back to top button