HEALTH

ആയുർവേദ മരുന്ന് നിർമ്മാണത്തിൽ കൃത്രിമം: നടപടിയുമായി മഹാരാഷ്ട്ര; 10 ലൈസൻസുകൾ റദ്ദാക്കി


മുംബൈ: ആയുർവേദ മരുന്ന് നിർമ്മാണത്തിൽ കൃത്രിമം കാണിക്കുന്നതിനെതിരെ സംസ്ഥാനവ്യാപകമായി നടപടിയുമായി മഹാരാഷ്ട്ര. പല സ്ഥാപനങ്ങളിലും ആയുർവേദ മരുന്ന് നിർമ്മാണ, ഗുണനിലവാര നിയന്ത്രണ മാനദണ്ഡങ്ങളിൽ ഗുരുതരമായ ലംഘനങ്ങൾ കണ്ടെത്തിയതിനെ തുടർന്നാണ് മഹാരാഷ്ട്ര ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ പരിശോധന ശക്തമാക്കിയിരിക്കുന്നത്. ഗുരുതരമായ ക്രമക്കേടുകളെത്തുടർന്ന് 10 ആയുർവേദ മരുന്ന് നിർമ്മാതാക്കളുടെ ലൈസൻസ് എഫ്.ഡി.എ സ്ഥിരമായി റദ്ദാക്കി. മഹാരാഷ്ട്രയിലുടനീളം 434 ലൈസൻസുള്ള ആയുർവേദ മരുന്ന് നിർമ്മാണ സ്ഥാപനങ്ങളിലാണ് എഫ്.ഡി.എ പരിശോധന നടത്തിയത്.പരിശോധനകളെ തുടർന്ന്, വിവിധ ലംഘനങ്ങൾക്കും നിയമങ്ങൾ പാലിക്കാത്തതിനും 135 നിർമ്മാതാക്കൾക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകി. പരിശോധനയിൽ കണ്ടെത്തിയ ലംഘനങ്ങൾക്ക് വിശദീകരണം നൽകാനും നിർദ്ദിഷ്ട മാനദണ്ഡങ്ങൾ പാലിക്കാനും ഈ സ്ഥാപനങ്ങൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. യോഗ്യതയുള്ളതോ അംഗീകാരമുള്ളതോ ആയ സാങ്കേതിക ജീവനക്കാരുടെ അഭാവം, വിദഗ്ദ്ധരായ സാങ്കേതിക ജീവനക്കാരില്ലാതെ നിർമ്മാണം നടത്തൽ എന്നിവ പരിശോധനയിൽ കണ്ടെത്തിയ പ്രധാന ലംഘനങ്ങളിൽ ഉൾപ്പെടുന്നു. പല സ്ഥാപനങ്ങളിലും ഗുണനിലവാര നിയന്ത്രണ (ക്വാളിറ്റി കൺട്രോൾ) വിഭാഗങ്ങൾ പ്രവർത്തനരഹിതമാണെന്നും നിർമ്മാണത്തിനും പരിശോധനയ്ക്കും ആവശ്യമായ യന്ത്രങ്ങളോ ഉപകരണങ്ങളോ ഇല്ലെന്നും കണ്ടെത്തി. ഇവ പൊതുജനാരോഗ്യത്തിന് ഗുരുതരമായ ആശങ്ക ഉയർത്തുന്നവയാണ്.


Life Style ⏭️

Back to top button