പിതൃസ്‌മരണയിൽ കേരളം; കർക്കടക വാവുബലിക്ക് തുടക്കമായി, ബലിത്തറകളിൽ വൻതിരക്ക്

തിരുനാവായ നാവാമുകുന്ദ ക്ഷേത്രക്കടവിൽ നടന്ന ബലിതർപ്പണം
മലപ്പുറം: പിതൃസ്‌മരണകളോടെ കർക്കടക ബലിതർപ്പണം ആരംഭിച്ചു. സംസ്ഥാനത്തെ വിവിധ ബലിതർപ്പണ കേന്ദ്രങ്ങളിൽ ഇന്ന് പുലർച്ചമുതൽ വൻതിരക്കാണ് അനുഭവപ്പെടുന്നത്. ആലുവ മണപ്പുറം, തിരുവല്ലം, തിരുനാവായ, വർക്കല പാപനാശം തുടങ്ങി പ്രധാനപ്പെട്ട ബലിതർപ്പണ കേന്ദ്രങ്ങളിലെല്ലാം പ്രിയപ്പെട്ടവരുടെ മോക്ഷപ്രാർത്ഥനകൾക്കായി ആയിരങ്ങൾ തിങ്ങിനിറഞ്ഞു.
ജനത്തിരക്ക് പരിഗണിച്ച് പ്രധാന ബലിതർപ്പണകേന്ദ്രങ്ങളിലെല്ലാം വിപുലമായ സൗകര്യങ്ങൾ നേരത്തെതന്നെ ഒരുക്കിയിരുന്നു. പെരിയാറിന്റെ തീരത്തെ 40 താൽക്കാലിക ബലിത്തറകളിലും പുലർച്ചെ മുതൽ ബലിതർപ്പണം ആരംഭിച്ചു. ഇന്നലെ രാത്രി 12 മണിമുതൽ മെട്രോ സർവീസും ആരംഭിച്ചു. രണ്ടുദിവസം മഴ പെയ്യാതിരുന്നതിനാൽ ആലുവ മണപ്പുറത്ത് ചെളി അടിയാതിരുന്നതും കർമ്മം ചെയ്യാനെത്തിയവർക്ക് തുണയായി. ശക്തമായ അടിയൊഴുക്കുള്ളതിനാൽ ബലികർമ്മങ്ങൾക്ക് ശേഷം പുഴയിലിറങ്ങുന്നവർ അധികൃതരുടെ നിർദേശങ്ങൾ പാലിക്കണമെന്ന് കർശന നിർദേശമുണ്ട്.
പൊലീസ് സുരക്ഷയും ഗതാഗത നിയന്ത്രണവും എല്ലാ കേന്ദ്രങ്ങളിലും ഒരുക്കിയിട്ടുണ്ട്. കർമ്മങ്ങൾക്കെത്തുന്നവരുടെ സൗകര്യത്തിനായി വിവിധ കേന്ദ്രങ്ങളിൽ അധിക ജീവനക്കാരെയും നിയോഗിച്ചിട്ടുണ്ട്. വൈകിട്ടും ബലിതർപ്പണകേന്ദ്രങ്ങളിൽ തിരക്ക് തുടുമെന്നാണ് കരുതുന്നത്.


