എൽസ-3യിലെ രാസവസ്‌തുക്കൾ സമുദ്രപരിസ്ഥിതിയ്‌ക്ക് പ്രതികൂലം ഹൈക്കോടതിയിൽ കേന്ദ്രത്തിന്റെ സത്യവാങ്മൂലം

കൊച്ചി: കേരളതീരത്തിന് സമീപം മുങ്ങിയ എം.എസ്.സി എൽസ-3 കപ്പലിലെ കണ്ടെയ്‌നറുകളിലെ രാസവസ്‌തുക്കൾ പുറത്തുവന്നാൽ സമുദ്ര പരിസ്ഥിതിയ്‌ക്ക് പ്രതികൂലമാകുമെന്ന് കേന്ദ്ര ഷിപ്പിംഗ് മന്ത്രാലയം. ഹൈക്കോടതിയെ ആണ് ഇക്കാര്യമറിയിച്ചത്. പ്ലാസ്റ്റിക് തരികളും കാത്സ്യം കാർബൈഡുമുൾപ്പെടെ ഹാനികരമായ രാസവസ്‌തുക്കളുള്ള കണ്ടെയ്‌നറുകളാണ് കപ്പലിലുള്ളത്. അതിനാൽ അവശിഷ്ടങ്ങൾ നീക്കണമെന്നാണ് ഡയറക്ടററേറ്റ് ജനറൽ ഒഫ് ഷിപ്പിംഗിന്റെ നിലപാട്.
അവശിഷ്ടം നീക്കാൻ 2025 മേയ് 30ന് കപ്പൽ കമ്പനിക്ക് നോട്ടീസ് നൽകിയിരുന്നു. ഒരു വർഷത്തിനു ശേഷമാണ് മറുപടി ലഭിച്ചതെന്നും മറൈൻ മർക്കന്റൈൽ വകുപ്പിലെ നോട്ടിക്കൽ സർവേയർ ക്യാപ്ടൻ തപേഷ് ഘോഷ് നൽകിയ സത്യവാങ്മൂലത്തിൽ പറയുന്നു.
മുങ്ങിയ കപ്പലും കണ്ടെയ്‌നറുകളും അപകട ഭീഷണിയുണ്ടോ എന്ന് പരിശോധിക്കാൻ നാവികസേനയുടെ സേവനം തേടി കത്തു നൽകിയിട്ടുണ്ട്. മഴക്കാലം കഴിയാതെ കടലിനടിയിൽ സ്വതന്ത്ര സർവേ സാദ്ധ്യമല്ല. അപകട ഭീഷണയുണ്ടോയെന്ന് സർക്കാർ ഏജൻസിയെ നിയോഗിച്ചുള്ള ഫീൽഡ് പഠനം ആവശ്യമാണ്. കപ്പലിന്റെ ഭാഗങ്ങൾ നിലവിൽ ജലഗതാഗതത്തിന് ഭീഷണിയല്ല. ഭാവിയിൽ അപകടസാദ്ധ്യതയുണ്ടോ എന്നറിയാൻ പുനരവലോകനം ആവശ്യമാണെന്നും സത്യവാങ്മൂലത്തിൽ പറയുന്നു.
എൽസ-3 അപകടം ഉപജീവനത്തെ ബാധിച്ച മത്സ്യത്തൊഴിലാളികൾക്ക് നഷ്ടപരിഹാരം നൽകണമെന്നടക്കം ആവശ്യപ്പെട്ട് കോൺഗ്രസ് നേതാവ് ടി.എൻ. പ്രതാപനും മറ്റും നൽകിയ പൊതുതാത്പര്യ ഹർജികളിലാണ് കേന്ദ്ര മന്ത്രാലയത്തിന്റെ വിശദീകരണം. വിഷയം 17ന് ഡിവിഷൻബെഞ്ച് വീണ്ടും പരിഗണിക്കും.


