NEWS
ശ്രീനാരായണ യൂണി.: പുതിയ സിൻഡിക്കേറ്ര് ചേരുന്നതിന് വിലക്ക്

കൊച്ചി: ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്‌സിറ്റിയിലെ പുതിയ സിൻഡിക്കേറ്റ് യോഗം ചേരുന്നത് ഹൈക്കോടതി താത്കാലികമായി വിലക്കി. സിൻഡിക്കേറ്റിലെ നിലവിലെ അംഗങ്ങളെ ഒഴിവാക്കി പുതിയ അംഗങ്ങളെ നാമനിർദ്ദേശം ചെയ്ത് ഉന്നതവിദ്യാഭ്യാസ വകുപ്പ് പുറപ്പെടുവിച്ച ഉത്തരവിന് പ്രഥമദൃഷ്ട്യാ നിയമസാധുതയില്ലെന്ന് വിലയിരുത്തിയാണ് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസിന്റെ ഇടക്കാല ഉത്തരവ്. സർക്കാരടക്കം എതിർകക്ഷികൾക്ക് നോട്ടീസിനും നിർദ്ദേശിച്ചു.
സിൻഡിക്കേറ്റ് അംഗങ്ങളായിരുന്ന പ്രൊഫ. ഡോ. പി.പി. അജയകുമാർ, അഡ്വ. ജി. സുഗുണൻ, പി. ഹരിദാസ് എന്നിവർ നൽകിയ ഹർജിയിലാണ് നടപടി. നിലവിലുള്ള സിൻഡിക്കേറ്റിന് കാലാവധി പൂർത്തിയാക്കാൻ രണ്ടേ മുക്കാൽ വർഷം ബാക്കിനിൽക്കേ, പിരിച്ചുവിടൽ ഓർഡിനൻസ് ഇറക്കാതെയാണ് പുതിയ സിൻഡിക്കേറ്റിന്റെ നിയമനമെന്ന് ഹർജിക്കാർ വാദിക്കുന്നു. ഹർജി 18ന് വീണ്ടും പരിഗണിക്കും.


