ദിവസങ്ങൾ നീണ്ട പരിശ്രമം ഫലം കണ്ടു; തൃശൂർ മണലിപ്പുഴയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ കാർ കരയ്‌ക്കെത്തിച്ചു

ഒഴുക്കിൽപ്പെട്ട് പോയ കാർ കരയ്‌ക്കെത്തിക്കാൻ പരിശ്രമിക്കുന്ന ഫയർഫോഴ്സ് ഉദ്യോഗസ്ഥരും നാട്ടുകാരും
തൃശൂർ: മണലിപ്പുഴയിൽ ഒഴുക്കിൽപ്പെട്ട കാർ മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ കരയിലെത്തിച്ചു. ഇക്കഴിഞ്ഞ അഞ്ചാം തീയതിയാണ് കാർ ഒഴുക്കിൽപ്പെട്ടത്. കാറിലുണ്ടായിരുന്ന ചാവക്കാട് സ്വദേശി സിനാൻ അത്ഭുതകരമായാണ് രക്ഷപ്പെട്ടത്.
ദേശീയ പാതയിലേക്ക് കയറുന്ന ചെറിയ പാതയിലൂടെ വരുമ്പോഴാണ് 17 ലക്ഷത്തോളം വിലവരുന്ന ഇലക്‌ട്രിക് കാർ ഒഴുക്കിൽപ്പെട്ടത്. നിരവധി തവണ ഫയർഫോഴ്‌സ് സംഘം കാർ കരയ്‌ക്കുകയറ്റുന്നതിനായി ശ്രമിച്ചെങ്കിലും പുഴയിലെ ശക്തമായ ഒഴുക്ക് വെല്ലുവിളിയാകുകയായിരുന്നു.
പുഴയിലെ ജലനിരപ്പ് താഴ്‌ന്നതോടെ നാട്ടുകാരും ഫയർഫോഴ്‌സ് ഉദ്യാഗസ്ഥരും ചേർന്ന് ഇന്ന് രാവിലെ വീണ്ടും കാറിനായി തെരച്ചിൽ ആരംഭിക്കുകയായിരുന്നു. കയറുകെട്ടി ക്രെയിനുപയോഗിച്ച് വലിച്ചുകയറ്റാൻ ശ്രമിച്ചെങ്കിലും ഒന്നിലധികം തവണ കെട്ടുപൊട്ടി കാർ വീണ്ടും ഒഴുക്കിൽപ്പെട്ടു. ഇതോടെ ഫയർഫോഴ്‌സും നാട്ടുകാരും നേരിട്ട് പുഴയിലേക്കിറങ്ങി കാർ കെട്ടിവലിച്ച് കയറ്റുകയായിരുന്നു. ഒരു ദിവസം മുഴുവൻ നീണ്ടുനിന്ന പരിശ്രമത്തിനൊടുവിലാണ് കാർ കരയിലെത്തിച്ചത്.
English Summary
An electric car worth around ₹17 lakh that fell into the Manalippuzha river in Thrissur was finally recovered after a day-long rescue effort. The driver, Sinan from Chavakkad, narrowly escaped, while strong currents made the recovery operation difficult.


