SPORTS

‘കത്ത് വന്നത് കുറിയർ വഴി, മൊബൈൽ നമ്പർ കിട്ടി’: സൗരവ് ഗാംഗുലിക്കും ഭാര്യയ്ക്കും വധഭീഷണി, അന്വേഷണവുമായി പൊലീസ്


കൊൽക്കത്ത∙ ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റനും ബിസിസിഐ മുൻ പ്രസിഡന്റുമായ സൗരവ് ഗാംഗുലിക്ക് വധഭീഷണി. കഴിഞ്ഞ ഏതാനും മാസങ്ങളായി ജീവന് ഭീഷണിയുയർത്തിക്കൊണ്ടുള്ള ഒട്ടേറെ കത്തുകൾ സൗരവ് ഗാംഗുലിക്കു ലഭിച്ചതായി പൊലീസ് അറിയിച്ചു. ഭാര്യ ഡോണ ഗാംഗുലിയെയും വധിക്കുമെന്ന് ഭീഷണിയുണ്ട്. നിലവിൽ ക്രിക്കറ്റ് അസോസിയേഷൻ ഓഫ് ബംഗാൾ (സിഎബി) പ്രസിഡന്റായ ഗാംഗുലിക്ക്, തിങ്കളാഴ്ച ഓഫിസിൽ വീണ്ടും ഭീഷണി കത്ത് ലഭിച്ചതിനെ തുടർന്ന് കൊൽക്കത്തയിലെ താക്കൂർപുക്കൂർ പൊലീസ് സ്റ്റേഷനിൽ രേഖാമൂലം പരാതി നൽകുകയായിരുന്നു. കഴിഞ്ഞ ആറു മാസമായി ഇത്തരം കത്തുകൾ വരുന്നുണ്ടായിരുന്നതായി പരാതിയിൽ പറഞ്ഞു.പ്രാഥമിക അന്വേഷണത്തിൽ, വടക്കൻ 24 പർഗാനാസ് ജില്ലയിലെ ബെൽഗാരിയയിലുള്ള ഒരാൾ കുറിയർ വഴിയാണ് കത്തുകൾ അയച്ചതെന്നാണ് സൂചനയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കത്ത് അയച്ചയാൾ ഉപയോഗിച്ചതെന്ന് കരുതുന്ന സിം കാർഡിന്റെ ലൊക്കേഷൻ പൊലീസ് നിരീക്ഷിച്ചു വരികയാണെന്നും, കത്തുകൾ വന്ന കുറിയർ ഏജൻസിയുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ ശേഖരിക്കുന്നുണ്ടെന്നും പൊലീസ് പറഞ്ഞു. ‘‘ഞങ്ങൾ കുറിയർ സർവീസിലുള്ളവരുമായി സംസാരിക്കുകയും ഒരു മൊബൈൽ നമ്പർ കണ്ടെത്തുകയും ചെയ്തിട്ടുണ്ട്. അത് ട്രാക്ക് ചെയ്യാനുള്ള ശ്രമത്തിലാണ്.’’– ഉദ്യോഗസ്ഥൻ വ്യക്തമാക്കി. എല്ലാ കത്തുകളും അയച്ചത് ഒരേ വ്യക്തി തന്നെയാണോ എന്നും ഭീഷണികൾക്ക് പിന്നിലെ കാരണം എന്താണെന്നും കൊൽക്കത്ത പൊലീസ് അന്വേഷിച്ചുവരികയാണ്.  


Auto ⏭️

Back to top button