NEWS

ഇറാന്റെ വധഭീഷണി; എയർഫോഴ്സ് വൺ ഒഴിവാക്കി ട്രംപ്, പറന്നത് സൈനിക വിമാനത്തിൽ


വാഷിങ്ടൻ∙ തുർക്കിയിൽ കഴിഞ്ഞ മാസം നടന്ന നാറ്റോ ഉച്ചകോടിക്ക് ശേഷം യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് എയർഫോഴ്സ് വൺ വിമാനം ഒഴിവാക്കി ചെറിയ സൈനിക വിമാനത്തിലാണ് തിരിച്ചു പറന്നതെന്ന് റിപ്പോർട്ട്. ഖത്തർ സമ്മാനിച്ച ബോയിങ് വിമാനത്തിലാണ് ട്രംപ് തുർക്കിയിലെത്തിയത്. എന്നാൽ തിരിച്ചു പോയത് ‘എയർഫോഴ്സ് സി32-എ’ എന്ന ചെറിയ വിമാനത്തിലാണെന്ന് വാഷിങ്ടൻ പോസ്റ്റ് റിപ്പോർട്ടു ചെയ്തു. ഇറാന്റെ വധഭീഷണിയെ തുടർന്നാണ് വിമാനം മാറി സഞ്ചരിച്ചതെന്നാണ് റിപ്പോർട്ടുകൾ. ഇറാനുമായി അതിർത്തി പങ്കിടുന്ന രാജ്യമാണ് തുർക്കി. എയർഫോഴ്സ് വൺ എന്നാണ് പ്രസിഡന്റിന്റെ ഔദ്യോഗിക വിമാനത്തിന്റെ പേര്. ഖത്തർ സമ്മാനിച്ച ബോയിങ് വിമാനമാണ് ട്രംപ് എയർഫോഴ്സ് വണ്ണായി ഉപയോഗിക്കുന്നത്. തുർക്കിയുടെ തലസ്ഥാനമായ അങ്കാറയിൽ വച്ച് ട്രംപ് എയർ ഫോഴ്സ് വണ്ണിലേക്ക് കയറുന്നത് മാധ്യമങ്ങൾ കണ്ടിരുന്നു. പിന്നീട് ഒരു വാഹനത്തിൽ അദ്ദേഹത്തെ വിമാനത്താവളത്തിന്റെ മറുഭാഗത്ത് എത്തിച്ചു. താരതമ്യേന ചെറിയ വിമാനമായ സി 32 എയിലേക്ക് മാറ്റി. യുഎസ് പ്രസിഡന്റിന്റെ യാത്രാ വിവരം രഹസ്യമാക്കി വയ്ക്കാനായിരുന്നു ഇങ്ങനെ ചെയ്തത്. ട്രംപ് വിമാനത്തിലുണ്ടെന്നാണ് മാധ്യമപ്രവർത്തകരും ചില വൈറ്റ് ഹൗസ് ജീവനക്കാരും വിശ്വസിച്ചത്.


Fashion ⏭️

Back to top button