NEWS

രാമക്ഷേത്രത്തിലെ സിഇഒ നിയമനം: ചുരുക്കപ്പട്ടികയിൽ മുൻ സിവിൽ സർവീസ് ഉദ്യോഗസ്ഥരടക്കം 18 പേർ, അഭിമുഖം ഇന്ന് മുതൽ


ലക്നൗ ∙ അയോധ്യയിലെ ശ്രീരാമജന്മഭൂമി തീർഥക്ഷേത്ര ട്രസ്റ്റിന്റെ ചരിത്രത്തിലാദ്യമായി മുഴുവൻ സമയ ചീഫ് എക്സിക്യൂട്ടീവ് ഓഫിസറെ (സിഇഒ) നിയമിക്കാനുള്ള നടപടികൾ അന്തിമഘട്ടത്തിലേക്ക്. ക്ഷേത്രത്തിലേക്കുള്ള സംഭാവന ഫണ്ടുകൾ വകമാറ്റി ചെലവഴിച്ചുവെന്ന അഴിമതി ആരോപണങ്ങൾ ഉയർന്നതിനെത്തുടർന്നാണ് ഭരണം കൂടുതൽ സുതാര്യമാക്കാൻ മുഴുവൻ സമയ സിഇഒയെ നിയമിക്കാൻ ട്രസ്റ്റ് തീരുമാനിച്ചത്. ഈ പദവിയിലേക്ക് ലഭിച്ച 5,200 അപേക്ഷകളിൽ നിന്ന് യോഗ്യരായ 18 പേരുടെ ചുരുക്കപ്പട്ടിക അധികൃതർ തയാറാക്കി.തിരഞ്ഞെടുക്കപ്പെട്ട 18 പേരും തിങ്കളാഴ്ച രാത്രിയോടെ അയോധ്യയിൽ എത്തി. മുൻ സിവിൽ സർവീസ് ഉദ്യോഗസ്ഥരും ദക്ഷിണേന്ത്യയിലെ പ്രമുഖ ക്ഷേത്രങ്ങളിൽ ഉയർന്ന പദവികൾ വഹിച്ചിട്ടുള്ളവരും പട്ടികയിലുണ്ട്. ഇവർക്കായുള്ള അഭിമുഖം ചൊവ്വാഴ്ചയും ബുധനാഴ്ചയുമായി രാമക്ഷേത്ര സമുച്ചയത്തിൽ നടക്കും. മുൻ ജസ്റ്റിസ് പ്രമോദ് കോഹ്‌ലി, റിട്ട. ലഫ്റ്റനന്റ് ജനറൽ വിഷ്ണുകാന്ത് ചതുർവേദി, ഷിർദ്ദി സായിബാബ ട്രസ്റ്റ് മുൻ ചെയർമാനും ശാസ്ത്രജ്ഞനുമായ സുരേഷ് ഹവാരെ എന്നിവരടങ്ങുന്ന ഉന്നതതല സമിതിയാണ് അഭിമുഖം നടത്തുന്നത്. അഭിമുഖത്തിൽ പങ്കെടുക്കുന്നവർ മാധ്യമങ്ങളോട് സംസാരിക്കരുതെന്ന് കർശന നിർദേശം നൽകിയിട്ടുണ്ട്. 18 പേരിൽ നിന്ന് തിരഞ്ഞെടുക്കുന്ന മൂന്ന് പേരുടെ അന്തിമ പട്ടികയിൽ നിന്നായിരിക്കും ട്രസ്റ്റ് സിഇഒയെ നിശ്ചയിക്കുക. 


Fashion ⏭️

Back to top button