NEWS

11-ാം ദിവസം തീരത്തേക്ക്; നേരിട്ട അവഗണനകൾ എണ്ണിപ്പറഞ്ഞ് ജോണിന്റെ കുടുബം,​ പ്രശ്നങ്ങൾ ഉടൻ പരിഹരിക്കുമെന്ന് മന്ത്രിമാർ

ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല, ഫിഷറീസ് മന്ത്രി വി ഇ അബ്ദുൾ ഗഫൂർ എന്നിവർ ജോണിന്റെ കുടുംബത്തെ സന്ദർശിച്ചപ്പോൾ

തിരുവനന്തപുരം: വിഴിഞ്ഞത്ത് കടലിൽ​ കാണാതായ മത്സ്യത്തൊഴിലാളി ജോണിന്റെ കുടുംബത്തെ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല സന്ദർശിച്ചു. ജോണിനെ കാണാതായിട്ട് പതിനൊന്ന് ദിവസം പിന്നിട്ടിട്ടും ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ഫിഷറീസ് മന്ത്രി വി ഇ അബ്ദുൾ ഗഫൂറും കോവളം എംഎൽഎ എം വിൻസെന്റും രമേശ് ചെന്നിത്തലയോടൊപ്പം വിഴിഞ്ഞത്ത് എത്തി. ഇത് ആദ്യമായാണ് ഫിഷറീസ് മന്ത്രി കുടുംബത്തെ സന്ദർശിക്കാൻ എത്തുന്നത്.

ജോണിനെ കാണാതായി ദിവസങ്ങൾ പിന്നിട്ടിട്ടും കാര്യക്ഷമമായ തെരച്ചിൽ നടത്താൻ സർക്കാർ തയ്യാറായില്ലെന്ന് കുടുംബം ആരോപണം ഉന്നയിച്ചിരുന്നു. തെരച്ചിലിലെ ഏകോപനമില്ലായ്മ,​ മത്സ്യത്തൊളിലാളികളോടുള്ള അവഗണന തുടങ്ങിയ ഗുരുതര ആരോപണങ്ങളുമായി പ്രതിപക്ഷവും രംഗത്തെത്തിയിരുന്നു.

സർക്കാരിന്റെ ഭാഗത്ത് നിന്നുള്ള ജാഗ്രതാ നിർദേശം കൃത്യ സമയത്ത് ലഭിച്ചിരുന്നില്ലെന്ന് കാണാതായ ജോണിന്റെ മകൻ രമേശ് ചെന്നിത്തലയോട് പറഞ്ഞു. ‘പപ്പ തിരിച്ചുവരും,​ അത് ഞങ്ങൾക്ക് ഉറപ്പാണ്. കടലിൽ ജോലിക്ക് പോകുന്നവരെ കാത്ത് വീട്ടിൽ ഇരിക്കുന്നവർക്ക് സമാധാനമായി ഇരിക്കാൻ കഴിയണം. ഞങ്ങളുടെ വിഷമം കൊണ്ടാണ് പരസ്യമായി പ്രതികരിക്കുന്നത്. അല്ലാതെ രാഷ്ട്രീയവത്കരിക്കുന്നതല്ല.’ -ജോണിന്റെ മകൻ പറഞ്ഞു.

വളരെ വേദനാജനകമായ സാഹചര്യമാണുള്ളത്. അവർക്ക് നഷ്ടപ്പെട്ടത് വിലപ്പെട്ട ജീവനാണ്. ആ വേദനയിൽ ഞങ്ങളും പങ്കാളികളാകുന്നു. തെരച്ചിൽ ശക്തമായി തന്നെ തുടരും. സർക്കാരിനെ കൊണ്ട് ചെയ്യാൻ കഴിയുന്നതെല്ലാം ചെയ്യുമെന്നും രമേശ് ചെന്നിത്തല കുടുംബത്തെ സന്ദർശിച്ച ശേഷം പ്രതികരിച്ചു. ഫിഷറീസ് വകുപ്പിൽ പൂർണമായും ഡിജിറ്റൈലൈസേഷൻ സാദ്ധ്യമാക്കാനാണ് ശ്രമിക്കുന്നതെന്നും കാലാവസ്ഥാ പ്രവചനം കുറച്ചുകൂടി കൃത്യമാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്നും ഫിഷറീസ് മന്ത്രി പറ‌‌‌ഞ്ഞു. കടലിൽ കാണാതായാൽ തെരച്ചിൽ നടത്തുന്നതിന് മാർഗരേഖ ഉടൻ പുറത്തിറക്കുമെന്നും മുന്നറിയിപ്പ് സംവിധാനം മെച്ചപ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

കടലിൽ കാണാതായ ഉടനെ തെരച്ചിൽ നടത്തുന്നതിനുള്ള നടപടിക്രമങ്ങളിൽ കുറച്ചുതാമസം നിലവിൽ ഉണ്ടാകുന്നുണ്ട്. വിവിധ മേഖലകളിൽ നിന്ന് അനുമതി ലഭിക്കാനുള്ള കാലാതമാസമാണ് ഉള്ളത്. ഇക്കാര്യം കേന്ദ്ര ഗവൺമെന്റുമായി സംസാരിച്ച് പരിഹരിക്കാൻ ശ്രമിക്കുമെന്നും ആഭ്യന്തരമന്ത്രിയും ഫിഷറീസ് മന്ത്രിയും ഉറപ്പുനൽകി.

English Summary

On the 11th day since fisherman John went missing at sea in Vizhinjam, Home Minister Ramesh Chennithala and Fisheries Minister V.E. Abdul Gafoor visited his family. The family alleged inadequate search efforts and delayed warnings. Ministers promised to intensify the search, improve weather alerts, introduce clear search guidelines, and address delays in obtaining permissions for rescue operations.
RELATED TOPICS: JOHN FAMILY, MINISTERS ASSURANCE, FAMILY COMPLAINTS, COASTAL ISSUES, RAMESH CHENNITHALA

Read News ⏭️

Back to top button