തോട്ടത്തിലെ റബ്ബർ കറ കുടിച്ചുവറ്റിക്കും, വാഴയും പപ്പായയുമെല്ലാം തിന്നും, കർഷകരുടെ ഏറ്റവും വലിയ ശത്രു

റബ്ബർ തോട്ടം
പാമ്പാക്കുട: ശക്തമായ മഴയ്ക്ക് പിന്നാലെ മേഖലയിലെ കൃഷിയിടങ്ങളിൽ ആഫ്രിക്കൻ ഒച്ചുകളുടെ ശല്യം അതിരൂക്ഷമാകുന്നു. പച്ചക്കറികൾക്ക് പുറമെ വാഴ, പപ്പായ, റബർ തുടങ്ങിയവയുടെ ഇലകളും ഇവ വ്യാപകമായി നശിപ്പിക്കുകയാണ്. പാമ്പാക്കുട പഞ്ചായത്തിലെ നെയ്ത്തുശാലപ്പടി, ചിറക്കടവ്, രാമമംഗലം പഞ്ചായത്തിനോട് ചേർന്നുള്ള പ്രദേശങ്ങൾ എന്നിവിടങ്ങളിലാണ് ഒച്ചുകളുടെ വ്യാപനം വർദ്ധിച്ചിരിക്കുന്നത്.
നേരത്തെ തരിശുപാടങ്ങളിൽ മാത്രം ഒതുങ്ങിയിരുന്ന ഇവ വീടുകളിലേക്കും പരിസരങ്ങളിലെ അടുക്കളത്തോട്ടങ്ങളിലേക്കും കൂട്ടത്തോടെ എത്തിത്തുടങ്ങി.
രാത്രികാലങ്ങളിലാണ് ഒച്ചുകൾ കൂടുതലായി പുറത്തിറങ്ങുന്നത്. വീടുകളുടെ ഭിത്തികളിലും ഈർപ്പമുള്ള സ്ഥലങ്ങളിലും കൂട്ടത്തോടെ പറ്റിപ്പിടിച്ചിരിക്കുന്നത് ജനങ്ങളിൽ ഭീതിയുണ്ടാക്കുന്നുണ്ട്. ഇവ കുടിവെള്ള സ്രോതസുകളെ മലിനപ്പെടുത്തുമെന്ന ആശങ്കയും ശക്തമാണ്. ഒച്ചുകളുടെ സ്രവം ശരീരത്തിൽ പറ്റിയാൽ ത്വക്ക് രോഗങ്ങൾക്കും ശ്വാസംമുട്ടലിനും കാരണമാകുമെന്നും മുന്നറിയിപ്പുണ്ട്.
റബർ മരത്തിലെ ചിരട്ടകളിൽ നിന്ന് ഒച്ചുകൾ റബർ കറ കുടിച്ചു വറ്റിക്കുന്നതാണ് കർഷകരെ ഏറ്റവും കൂടുതൽ പ്രതിസന്ധിയിലാക്കുന്നത്. മഴമറ പിടിപ്പിച്ച തോട്ടങ്ങളിൽ ഒന്നിടവിട്ട ദിവസങ്ങളിലാണ് ടാപ്പിംഗ് നടക്കുന്നത്. ടാപ്പിംഗിന് ശേഷം കർഷകർ എത്തുമ്പോഴേക്കും പലപ്പോഴും ചിരട്ട കാലിയായ നിലയിലാണ് കാണപ്പെടുന്നത്.
അധികൃതർക്ക് മെല്ലെപ്പോക്ക്
നാട്ടുകാർ ദുരിതത്തിൽ പ്രശ്നം ഇത്രത്തോളം രൂക്ഷമായിട്ടും തദ്ദേശ സ്ഥാപനങ്ങളോ കൃഷി വകുപ്പോ കാര്യക്ഷമമായി ഇടപെടുന്നില്ലെന്ന് വ്യാപക പരാതിയുണ്ട്. ഉപ്പ്, പുകയില, തുരിശ് തുടങ്ങിയവ പ്രയോഗിക്കുന്നത് ഫലപ്രദമാണെന്ന് അധികൃതർ പറയുന്നുണ്ടെങ്കിലും, ഒച്ചുകളുടെ എണ്ണം ക്രമാതീതമായി പെരുകുന്നതിനാൽ ഇതൊന്നും പ്രായോഗികമാകുന്നില്ലെന്നാണ് കർഷകർ പറയുന്നത്. ഇതിന് പുറമെ തുരിശിന്റെ വിലയിലുണ്ടായ വൻവർദ്ധനവും ഇരട്ട പ്രഹരമായി.
ജനങ്ങളുടെ ദുരിതം കണ്ടില്ലെന്ന് നടിക്കാനാകാതെ കഴിഞ്ഞ ദിവസങ്ങളിൽ പാമ്പാക്കുട ചിറക്കടവിൽ ഹരിതസേനാംഗങ്ങൾ നേരിട്ടിറങ്ങി ഒച്ചുകളെ ശേഖരിച്ച് നശിപ്പിച്ചിരുന്നു. സിബി പൗലോസ്, രജനി പ്രസാദ്, പ്രിയ രതീഷ്, സിജി പൗലോസ്, പി.കെ. കുഞ്ഞൻ തുടങ്ങിയവർ നേതൃത്വം നൽകി.
ആഫ്രിക്കൻ ഒച്ചുകൾക്കെതിരെ സമഗ്രമായ ഉന്മൂലന പദ്ധതി അധികൃതർ അടിയന്തരമായി തയ്യാറാക്കണം. കൃഷി നാശം ഒഴിവാക്കണം. കർഷകർ ഭീതിയിലാണ്.
സിബി പൗലോസ്.
സാമൂഹിക പ്രവർത്തക
News ⏭️


