SPORTS
സച്ചിൻ തെൻഡുൽക്കർ ഇതിഹാസം തന്നെ, പക്ഷേ ക്രിക്കറ്റിലെ ‘ഗോട്ട്’ മറ്റൊരാൾ: തുറന്നുപറഞ്ഞ് ബ്രെറ്റ് ലീ

സിഡ്നി∙ ക്രിക്കറ്റ് ചരിത്രത്തിലെ എക്കാലത്തെയും മികച്ച ബാറ്റർ ഇന്ത്യൻ ഇതിഹാസം സച്ചിൻ തെൻഡുൽക്കറാണെന്ന കാര്യത്തിൽ ഭൂരിഭാഗം പേർക്കും തർക്കമുണ്ടാകില്ല. മുൻ ഓസ്ട്രേലിയൻ താരം ബ്രെറ്റ് ലീക്കും ഇക്കാര്യത്തിൽ ഭിന്നാഭിപ്രായമില്ല. എന്നാൽ എക്കാലത്തെയും മികച്ച ക്രിക്കറ്റർ (GOAT) ആരാണെന്ന ചോദ്യത്തിന് ബ്രെറ്റ് ലീയുടെ മനസ്സിൽ മറ്റൊരു പേരാണുള്ളത്. ബാറ്റിങ്ങിൽ സച്ചിന്റെ മികവിനെ ഒട്ടും കുറച്ചുകാണുന്നില്ലെങ്കിലും മുൻ ദക്ഷിണാഫ്രിക്കൻ താരം ജാക്വസ് കാലിസാണ് ബ്രെറ്റ് ലീയുടെ അഭിപ്രായത്തിൽ ‘ഗോട്ട്’. സച്ചിനേക്കാൾ മികച്ചൊരു ബാറ്റർ ക്രിക്കറ്റിൽ ഇതുവരെ ഉണ്ടായിട്ടില്ലെന്ന് ലീ സമ്മതിക്കുമ്പോഴും ഒരു ഓൾറൗണ്ടർ എന്ന നിലയിലുള്ള കഴിവുകൾ വിലയിരുത്തുമ്പോൾ കാലിസാണ് പട്ടികയിൽ ഒന്നാമതെത്തുന്നതെന്ന് അദ്ദേഹം പറയുന്നു. ഒരു പോഡ്കാസ്റ്റിലാണ് ബ്രെറ്റ് ലീയുടെ അഭിപ്രായപ്രകടനം. മത്സരം എങ്ങനെയുള്ള സാഹചര്യത്തിലാണെങ്കിലും, ബാറ്റിങ്ങിന് ഇറങ്ങുന്നതിന് തൊട്ടുമുൻപ് കാലിസ് എത്രത്തോളം ശാന്തനായിരുന്നെന്ന് ലീ പോഡ്കാസ്റ്റിൽ ഓർത്തെടുത്തു. ‘‘ഒരു സഹതാരമെന്ന നിലയിൽ മത്സരത്തിന് തൊട്ടുമുൻപുള്ള അദ്ദേഹത്തിന്റെ ഒരുക്കങ്ങൾ ഞാൻ അടുത്തറിഞ്ഞിട്ടുണ്ട്. ബാറ്റിങ്ങിന് ഇറങ്ങുന്നതിന് തൊട്ടുമുൻപ് അദ്ദേഹത്തിന്റെ ഹൃദയമിടിപ്പ് മിനിറ്റിൽ വെറും 30 ഒക്കെയായിരുന്നു, അത്രമാത്രം ശാന്തനായിരുന്നു അദ്ദേഹം. തികച്ചും റിലാക്സ്ഡ് ആയിരുന്നു. അദ്ദേഹം വസ്ത്രം മാറുന്നതും ബാറ്റിങ് ഗിയറുകൾ ധരിക്കുന്നതും ഞാൻ ശ്രദ്ധിക്കാറുണ്ടായിരുന്നു. അദ്ദേഹം എപ്പോഴും തന്റെ ഇടത്തെ സോക്സാണ് ആദ്യം ധരിക്കുക, ആ സമയത്ത് മറ്റേ സോക്സ് വായയ്ക്കുള്ളിൽ വച്ചിട്ടുണ്ടാകും. എല്ലാ ദിവസവും ഒരേ കാര്യങ്ങൾ തന്നെയാണ് അദ്ദേഹം ആവർത്തിച്ചിരുന്നത്.’’– ബ്രെറ്റ് ലീ പറഞ്ഞു.
Auto ⏭️


