കരിക്കിൻ വെള്ളം ഒആർഎസിനേക്കാൾ നല്ലതാണോ? ഇക്കാര്യങ്ങൾ ഉറപ്പായും അറിഞ്ഞിരിക്കണം

പ്രതീകാത്മക ചിത്രം
ക്ഷീണം മാറ്റാനും ഉന്മേഷത്തോടെ ഇരിക്കാനും സഹായിക്കുന്ന പ്രകൃതിദത്തമായ പാനീയമാണ് കരിക്കിൻ വെള്ളം. പലപ്പോഴും ഒആർഎസിനേക്കാൾ മികച്ചതാണ് ഇതെന്നാണ് പറയുന്നത്. ഉയർന്ന അളവിൽ ഇലക്ട്രോലൈറ്റുകൾ അടങ്ങിയിരിക്കുന്നതിനാൽ ശരീരത്തിലെ ജലാംശം നിലനിർത്താൻ ഇത് സഹായിക്കുന്നു. പലപ്പോഴും ഒആർഎസ് ആണോ അതോ ഇളനീരാണോ ഏറ്റവും മികച്ചതെന്ന സംശയം ഉണ്ടാകാറുണ്ട്.
ശരീരത്തിന് പൂർണമായും ജലാംശം ആവശ്യമാണെങ്കിൽ ഒആർഎസ് തന്നെയാണ് ഉപയോഗിക്കേണ്ടത്. എന്നാൽ സാധാരണ നിലയിലുള്ള ജലാംശം നിലനിർത്തിയാൽ മതിയെങ്കിൽ കരിക്കിൻ വെള്ളം മതിയാകുമെന്നാണ് വിദഗ്ധർ പറയുന്നത്. ശരീരത്തിൽ നിന്ന് നഷ്ടപ്പെടുന്ന ജലാംശം വേഗത്തിൽ പിടിച്ചുനിർത്താൻ സഹായിക്കുന്ന പ്രധാന ഘടകമാണ് സോഡിയം. കരിക്കിൻ വെള്ളത്തിൽ സോഡിയത്തിന്റെ അളവ് വളരെ കുറവാണ്. ഒആർഎസിലാകട്ടെ ആവശ്യത്തിന് സോഡിയം അടങ്ങിയിട്ടുണ്ട്.
പൊട്ടാസ്യം, മഗ്നീഷ്യം, കാത്സ്യം, വിറ്രാമിൻ സി, അമിനോ ആസിഡുകൾ, ആന്റിഓക്സിഡന്റുകൾ എന്നിവ ഇതിൽ അടങ്ങിയിട്ടുണ്ട്. ഹൃദയാരോഗ്യത്തെ സംരക്ഷിക്കുന്നതിനൊപ്പം ശരീരത്തിന്റെ വീക്കം കുറയ്ക്കാനും രോഗാണുക്കളെ പ്രതിരോധിക്കാനും കരിക്കിൻ വെള്ളത്തിന് സാധിക്കും. അതേസമയം, വയറിളക്കം, ഛർദ്ദി, എന്നിവ കാരണമുണ്ടാകുന്ന നിർജ്ജലീകരണത്തിനുള്ള പ്രാഥമിക ചികിത്സയാണ് ഒആർഎസ്.
ഒരിക്കലും വയറിളക്കം കാരണമുണ്ടാകുന്ന നിർജ്ജലീകരണം പരിഹരിക്കാൻ കരിക്കിൻ വെള്ളം ഉപയോഗിക്കരുത്. കാരണം വയറിളക്കം മൂലം നഷ്ടമാകുന്ന ജലാംശത്തിന് പകരമാകാൻ കഴിയാത്ത വിധത്തിലുള്ള ഇലക്ട്രോലൈറ്റുകളുടെ സ്വാഭാവികര ഘടനയാണ് കരിക്കിൻ വെള്ളത്തിലുള്ളത്. അതിനാൽ ഇത്തരം സാഹചര്യങ്ങളിൽ സുരക്ഷിതമായപരിഹാരം ഒആർഎസ് തന്നെയാണ്.
ധാതുലവണങ്ങളെ ശരീരത്തിൽ നിന്ന് അരിച്ചെടുത്ത് പുറന്തള്ളുന്ന പ്രക്രിയയെ തടസപ്പെടുത്തുന്ന ആരോഗ്യപ്രശ്നങ്ങൾ ഉള്ളവർ കരിക്കിൻ വെള്ളം കുടിക്കുമ്പോൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ടെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. പ്രത്യേകിച്ച് ദീർഘകാലമായി വൃക്കരോഗം, ഹൈപ്പർകലീമിയ (രക്തത്തിൽ പൊട്ടാസ്യം അമിതമാകുന്ന അവസ്ഥ) എന്നിയുള്ളവർ.
English Summary
Coconut water is a natural source of electrolytes and can help with mild dehydration, but ORS is better for treating significant dehydration because it has the right balance of salts and glucose. Coconut water is healthy, but it should not replace ORS during diarrhea, vomiting, or severe fluid loss.
RELATED TOPICS: COCONUT WATER, ORS, COCONUT WATER BENEFITS, SIDE EFFECTS, HEALTHTIPS
Travel ⏭️


