NEWS

പരീക്ഷ ക്രമക്കേടുമായി ബന്ധപ്പെട്ട പരാതികൾ; വിശദീകരണവുമായി പിഎസ്‌സി


തിരുവനന്തപുരം ∙ പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട് ഉയരുന്ന പരാതികളില്‍ വിശദീകരണവുമായി പിഎസ്‌സി. ആരോപണങ്ങള്‍ ഉയര്‍ന്ന  പരീക്ഷകളില്‍ ക്രമക്കേട് നടന്നിട്ടില്ലെന്നാണ് പിഎസ്‌സിയുടെ വിശദീകരണം. കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസ്, കയര്‍ഫെഡ്, ഖാദി ബോര്‍ഡ് തുടങ്ങിയ പരീക്ഷകളിലാണ് പിഎസ്‌സിയുടെ വിശദീകരണം. നിലവിലുള്ള അന്വേഷണത്തോട് സഹകരിക്കുന്നുണ്ടെന്നും പിഎസ്‌സി വ്യക്തമാക്കി. ഇപ്പോള്‍ ഉയരുന്ന പല പരാതികളും കമ്മിഷന്റെ നിലപാട് ശരിവച്ച് കോടതി തന്നെ തീര്‍പ്പാക്കിയതാണെന്നും അതൊക്കെ പുതിയ ആക്ഷേപമായി അവതരിപ്പിക്കുന്നത് കമ്മിഷനെ കളങ്കപ്പെടുത്താനുള്ള ബോധപൂര്‍വമായ ശ്രമമാണെന്നും പിഎസ്‌സി അധികൃതര്‍ അറിയിച്ചു.സംസ്ഥാന പ്ലാനിങ് ബോര്‍ഡിലേക്കുള്ള ചീഫ് (ഇന്‍ഡസ്ട്രീസ് ആന്‍ഡ്  ഇന്‍ഫ്രാസ്ട്രക്ചര്‍ ഡിവിഷന്‍) തസ്തികയിലേക്ക് നടന്ന പരീക്ഷയില്‍ 10 ചോദ്യങ്ങളുടെ ഉത്തരങ്ങള്‍ മൂല്യനിര്‍ണയം നടത്തുവാന്‍ വിട്ടുപോയ വിഷയത്തില്‍ മൂല്യനിര്‍ണയം നടത്തിയ കംപ്യൂട്ടർ സംവിധാനം ഉള്‍പ്പെടെ പരിശോധനയ്ക്ക് അനുവദിക്കുകയും ആവശ്യപ്പെട്ട രേഖകള്‍ കൈമാറുകയും ചെയ്ത് ക്രൈംബ്രാഞ്ച് അന്വേഷണത്തോട് പൂര്‍ണമായി സഹകരിക്കുന്നുണ്ടെന്നു പിഎസ്‌സി അറിയിച്ചു. അതോടൊപ്പം വിട്ടുപോയ ചോദ്യങ്ങളുടെ മൂല്യനിര്‍ണയം പൂര്‍ത്തീകരിക്കാനും തുടര്‍നടപടികള്‍ സ്വീകരിക്കാനും തീരുമാനിച്ചതായും പിഎസ്‌സി വ്യക്തമാക്കി.


Fashion ⏭️

Back to top button