NEWS
‘ആശ്വാസ ചാകര’: കോരയും അയലയും കൂന്തളും ചെമ്മീനും..; ഒരു കുട്ട കോരയ്ക്ക് നാലായിരം രൂപ

പൊന്നാനി ∙ കനത്ത മഴയ്ക്കും ട്രോളിങ് നിരോധനത്തിനും ശേഷം പൊന്നാനി ഹാർബറിൽ ആശ്വാസ ചാകര. കഴിഞ്ഞ ദിവസം രാത്രി മീൻപിടിത്തത്തിനിറങ്ങിയ ബോട്ടുകൾ ഇന്നലെ തിരിച്ചെത്തി. മിക്ക ബോട്ടുകൾക്കും പ്രതീക്ഷയ്ക്കൊത്ത മീനുണ്ടായിരുന്നു. കോരയാണ് കാര്യമായി കിട്ടിയത്. ആദ്യം വന്ന ബോട്ടുകൾക്കൊക്കെ ഒരു കുട്ട കോരയ്ക്ക് നാലായിരം രൂപ വരെ കിട്ടി. ഉച്ചയായപ്പോഴേക്കും വിലയിൽ വലിയ കുറവു വന്നു. അയലയും കൂന്തളും ചെമ്മീനുമെല്ലാം ബോട്ടുകാർക്കു കിട്ടിയിട്ടുണ്ട്. പരമ്പരാഗത വള്ളങ്ങളും ഇന്നലെ മീൻപിടിത്തത്തിനിറങ്ങിയിരുന്നു.52 ദിവസം നീണ്ടു നിന്ന ട്രോളിങ് നിരോധനത്തിനു ശേഷം ബോട്ടുകൾ മീൻപിടിത്തത്തിനിറങ്ങിയിരുന്നെങ്കിലു ശക്തമായ കാറ്റും മഴയും കാരണം വലയിറക്കാൻ കഴിയാതെ കരയിലേക്കു തന്നെ തിരിച്ചു വന്നിരുന്നു. ഇതിനുശേഷം കഴിഞ്ഞ ദിവസമാണ് മിക്ക ബോട്ടുകളും വള്ളങ്ങളും മീൻപിടിത്തത്തിനിറങ്ങിയത്. രണ്ടു മാസത്തോളം നീണ്ടു നിന്ന ട്രോളിങ് നിരോധന കാലം കടലിലെ മത്സ്യസമ്പത്ത് കൂട്ടാൻ കാരണമാകുമെന്നാണ് വിലയിരുത്തൽ. സാധാരണ ട്രോളിങ് നിരോധനം കഴിഞ്ഞാൽ ഹാർബറിൽ ചാകരയുണ്ടാകാറുണ്ട്. ഇത്തവണ ചാകരക്കോള് ഉണ്ടായിട്ടില്ല. മഴയും കാലവർഷക്കെടുതികളും തീരദേശത്ത് കടുത്ത പ്രതിസന്ധി ഉയർത്തിയിട്ടുണ്ട്. കടൽ ഭിത്തിയില്ലാത്തതാണ് വെല്ലുവിളി ഉയർത്തുന്നത്. താൽക്കാലിക ഭിത്തി ഉടൻ നിർമിക്കുമെന്ന് കെ.പി.നൗഷാദ് അലി എംഎൽഎ പ്രഖ്യാപിച്ചിട്ടുണ്ട്.
Fashion ⏭️


