NEWS

അരൂർ-തുറവൂർ ഉയരപ്പാത: 2566–ാമത്തെ ഗർഡറും ഉയർത്തി; യഥാസ്ഥാനത്ത് ഉറപ്പിക്കുന്ന ജോലി ഒരുമാസത്തിനുള്ളിൽ പൂർത്തിയാക്കും


തുറവൂർ ∙ അരൂർ-തുറവൂർ ഉയരപ്പാതയുടെ അവസാനത്തെ കോൺക്രീറ്റ് ഗർഡറും ഉയർത്തി. 2566 –ാമത്തെ ഗർഡറാണ് ഇന്നലെ അരൂരിൽ സ്ഥാപിച്ചത്. ഒന്നാം റീച്ചിൽ അരൂർ ശ്രീനാരായണ നഗറിനു സമീപമുള്ള 25, 26 തൂണുകൾക്കിടയിൽ ഇന്നലെ വൈകിട്ടോടെയാണ് ഗർഡർ മുകളിൽ കയറ്റുന്ന ജോലി പൂർത്തിയാക്കിയത്. ഇന്നലെ തുറവൂർ ആലയ്ക്കാപറമ്പിൽ നിന്ന് അവസാന ഗർഡറുമായി അലങ്കരിച്ച പുള്ളർ ലോറി അരൂർ ശ്രീനാരായണ നഗറിലേക്കു കരാർ കമ്പനി ജീവനക്കാരുടെ നേതൃത്വത്തിൽ കൊണ്ടുവന്നു. 250 ടൺ ശേഷിയുള്ള 2 ക്രെയ്ൻ ഉപയോഗിച്ച് തൂണിനു മുകളിൽ കയറ്റി. അശോക് ബിൽകോൺ ഡപ്യൂട്ടി ജനറൽ മാനേജർ ഒാമനക്കുട്ടൻ നായർ, മാനേജർ ശ്രീലാൽ തുടങ്ങിയവർ സ്ഥലത്ത് ഉണ്ടായിരുന്നു. ഗർഡറുകൾ യഥാസ്ഥാനത്ത് സ്ഥാപിക്കുന്ന ജോലി ഒരുമാസത്തിനുള്ളിൽ പൂർത്തിയാക്കും. ഗർഡർ ഉയർത്തുന്ന സമയത്ത് ദേശീയപാതയിൽ ഗതാഗതം പൂർണമായും തടസ്സപ്പെടുത്തിയിരുന്നു. എന്നാൽ നിശ്ചിത അകലത്തിൽ ഇവ സ്ഥാപിക്കുന്ന ജോലി നടക്കുമ്പോൾ ഇരുഭാഗത്തേക്കുമുള്ള ഗതാഗതം ഒരുവശത്തെ പാതയിലേക്കാക്കി ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും.


Fashion ⏭️

Back to top button