BUSINESS
റോഡില്‍ ഇനി വാഹനങ്ങള്‍ പരസ്പരം സംസാരിക്കും; വിപ്ലവകരമായ V2V സുരക്ഷാ നിയമവുമായി കേന്ദ്ര സര്‍ക്കാര്‍

India Auto News: ഭാരതീയ റോഡുകളിലെ അപകട നിരക്ക് കുത്തനെ കുറയ്ക്കാനും ഗതാഗത സുരക്ഷ വര്‍ദ്ധിപ്പിക്കാനുമായി വിപ്ലവകരമായ സാങ്കേതിക മാറ്റത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. വാഹനങ്ങള്‍ പരസ്പരം വിവരങ്ങള്‍ കൈമാറുന്ന ‘വെഹിക്കിള്‍ ടു വെഹിക്കിള്‍’ (Vehicle-to-Vehicle – V2V) സാങ്കേതികവിദ്യ രാജ്യത്തെ പുതിയ വാഹനങ്ങളില്‍ ഘട്ടഘട്ടമായി നിര്‍ബന്ധമാക്കാന്‍ മന്ത്രാലയം കരട് വിജ്ഞാപനം പുറപ്പെടുവിച്ചു. ‘AIS-230’ എന്ന പുതിയ ഇന്ത്യന്‍ ഓട്ടോമോട്ടീവ് മാനദണ്ഡത്തിന്റെ അടിസ്ഥാനത്തില്‍ നടപ്പിലാക്കുന്ന ഈ സിസ്റ്റം ഡ്രൈവര്‍മാരുടെ കാഴ്ച പരിധിക്കപ്പുറമുള്ള അപകടങ്ങളെക്കുറിച്ച് പോലും സെക്കന്‍ഡുകള്‍ക്കുള്ളില്‍ മുന്നറിയിപ്പ് നല്‍കും.എന്താണ് V2V ടെക്‌നോളജി?റോഡിലൂടെ സഞ്ചരിക്കുന്ന വാഹനങ്ങള്‍ മൊബൈല്‍ നെറ്റ്വര്‍ക്കിന്റെ സഹായമില്ലാതെ തന്നെ പ്രത്യേക റേഡിയോ തരംഗങ്ങള്‍ (5.9 GHz Band) ഉപയോഗിച്ച് തത്സമയം പരസ്പരം വിവരങ്ങള്‍ കൈമാറുന്ന സാങ്കേതികവിദ്യയാണിത്. വാഹനത്തിന്റെ വേഗം, ദിശ, കൃത്യമായ സ്ഥാനം, പെട്ടെന്നുള്ള ബ്രേക്കിംഗ് തുടങ്ങിയ വിവരങ്ങള്‍ ചുറ്റുമുള്ള മറ്റ് വാഹനങ്ങളിലെ സിസ്റ്റത്തിലേക്ക് സെക്കന്‍ഡുകള്‍ക്കുള്ളില്‍ കൈമാറാന്‍ ഇതിലൂടെ സാധിക്കും.എന്തുകൊണ്ട് പ്രാധാനമാകുന്നു?നിലവിലുള്ള ക്യാമറയോ, റഡാറോ ഉപയോഗിക്കുന്ന ADAS സംവിധാനങ്ങള്‍ക്ക് ഡ്രൈവറുടെ കാഴ്ചയിലുള്ള കാര്യങ്ങള്‍ മാത്രമേ കണ്ടെത്താന്‍ കഴിയൂ. എന്നാല്‍ V2V സിസ്റ്റത്തിന് കാഴ്ചയ്ക്ക് അപ്പുറമുള്ള കാര്യങ്ങള്‍ വരെ അറിയാന്‍ കഴിയും. ഉദാഹരണത്തിന് ബ്ലൈന്‍ഡ് സ്‌പോട്ടുകള്‍, വളവുകള്‍, കടുത്ത മൂടല്‍മഞ്ഞ്, വലിയ വാഹനങ്ങളുടെ മറവ് എന്നിവയൊന്നും ഈ സംവിധാനത്തെ ബാധിക്കില്ല. കൃത്യമായ മുന്നറിയിപ്പുകള്‍ ഡ്രൈവര്‍ക്ക് നല്‍കും.നിയമം എന്നു മുതല്‍?2027 ഒക്ടോബര്‍ 1 മുതല്‍ വിപണിയില്‍ V2V സിസ്റ്റത്തോടെ വരുന്ന വാഹനങ്ങള്‍ ‘AIS-230’ എന്ന ഇന്ത്യന്‍ സാങ്കേതിക മാനദണ്ഡം പാലിച്ചിരിക്കണം (ഓപ്ഷണല്‍) എന്നു പറയപ്പെടുന്നു. 2028 ഒക്ടോബര്‍ 1 മുതല്‍ പുതുതായി നിര്‍മ്മിക്കുന്ന എല്ലാ ഇരുചക്ര, മുച്ചക്ര വാഹനങ്ങള്‍ (Category L), കാറുകള്‍, ബസുകള്‍ (Category M), ചരക്ക് വാഹനങ്ങള്‍ (Category N) എന്നിവയില്‍ V2V സിസ്റ്റം നിര്‍ബന്ധമാക്കുമെന്നാണ് വിവരം.പഴയ വാഹനങ്ങള്‍ക്ക് ഇത് നിര്‍ബന്ധമാണോ?നിലവിലെ കരട് വിജ്ഞാപനം അനുസരിച്ച് 2028 ഒക്ടോബര്‍ 1-ന് ശേഷം ഉല്‍പ്പാദിപ്പിക്കുന്ന പുതിയ വാഹനങ്ങള്‍ക്ക് മാത്രമാണ് ഇത് നിര്‍ബന്ധമാകുന്നത്. നിലവിലുള്ള പഴയ വാഹനങ്ങളില്‍ ഇത് നിര്‍ബന്ധമാക്കില്ല.വാഹനങ്ങളുടെ വില കൂടുംപുതിയ സാങ്കേതികവിദ്യയ്ക്ക് വാഹനങ്ങളില്‍ കൂടുതല്‍ ക്രമീകരണങ്ങള്‍ ആവശ്യമായി വരും. ഇത് വാഹനങ്ങളുടെ വില ഉയര്‍ത്തുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. അതേസമയം കൃത്യമായ തുക സര്‍ക്കാര്‍ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. വാഹനങ്ങളില്‍ ഓണ്‍-ബോര്‍ഡ് യൂണിറ്റുകളും (OBU), പ്രത്യേക ചിപ്പുകളും ഘടിപ്പിക്കേണ്ടി വരുന്നതിനാല്‍ നിര്‍മ്മാണച്ചെലവില്‍ വര്‍ധന പ്രതീക്ഷിക്കണം. എന്നാല്‍ വന്‍തോതില്‍ ഉല്‍പ്പാദനം ആരംഭിക്കുമ്പോള്‍ അധികച്ചെലവ് ഗണ്യമായി കുറയും.സംവിധാനത്തിന്റെ പ്രധാന നേട്ടങ്ങള്‍മുന്നിലെ വാഹനം പെട്ടെന്ന് ബ്രേക്ക് ചെയ്താല്‍ തൊട്ടുപിന്നിലെ വാഹനങ്ങളില്‍ ഉടനടി അലേര്‍ട്ട് ലഭിക്കും.കാഴ്ച പൂര്‍ണ്ണമായും മറയുന്ന സാഹചര്യങ്ങളിലും എതിരെയോ മുന്നിലോ ഉള്ള വാഹനങ്ങളെക്കുറിച്ച് വിവരം ലഭിക്കും. ആംബുലന്‍സ്, ഫയര്‍ഫോഴ്‌സ് എന്നിവ വരുന്നത് മുന്‍കൂട്ടി അറിഞ്ഞ് വഴി ഒരുക്കാന്‍ കഴിയും. തെറ്റായ ലൈനിലൂടെയോ ദിശയിലൂടെയോ വരുന്ന വാഹനങ്ങളെക്കുറിച്ച് സിസ്റ്റം നേരത്തെ മുന്നറിയിപ്പ് നല്‍കും.ശ്രദ്ധിക്കേണ്ട കാര്യങ്ങളും വെല്ലുവിളികളുംഈ സാങ്കേതികവിദ്യ നിലവില്‍ നിര്‍ദ്ദേശ രൂപത്തില്‍ മാത്രമാണ്. പൊതുജനങ്ങളുടെയും, വാഹന നിര്‍മ്മാതാക്കളുടെയും അഭിപ്രായങ്ങള്‍ സ്വീകരിച്ച ശേഷമേ അന്തിമ ഉത്തരവാകൂ. വാഹനങ്ങള്‍ വയര്‍ലെസായി ഡാറ്റ കൈമാറുന്നതിനാല്‍ ഹാക്കിംഗും, വ്യാജ സന്ദേശങ്ങളും തടയാന്‍ ശക്തമായ സുരക്ഷ പ്രോട്ടോക്കോളുകള്‍ ആവശ്യമാണെന്ന് വിദഗ്ധര്‍ പറയുന്നു. സൈബര്‍ ഹാക്കിംഗ് സാധ്യതകള്‍ ഉയര്‍ന്നതാണ്. റോഡിലിറങ്ങുന്ന പുതിയ വാഹനങ്ങളില്‍ മാത്രമാകും ഇത് നിര്‍ബന്ധമാക്കുന്നത്. റോഡിലെ എല്ലാ വാഹനങ്ങളിലും ഈ സിസ്റ്റം വന്നെത്താന്‍ വര്‍ഷങ്ങള്‍ വേണ്ടിവരും. ഇതിനു ശേഷം മാത്രമേ പുതിയ സംവിധാനത്തിന്റെ പൂര്‍ണ്ണ നേട്ടം ലഭിക്കൂ.
Read News


