BUSINESS
ചാണകവും മാലിന്യവും ഇനി അടുക്കളയിൽ ഊർജമാകും, 23,731 കോടി അനുവദിച്ച് കേന്ദ്രം, കേരളത്തിലെ 6 ജില്ലകളിൽ കൂടി പ്ലാന്റ് വരുന്നു

ന്യൂഡൽഹി ∙ ചാണകവും ജൈവമാലിന്യവും ബയോഗ്യാസാക്കി മാറ്റുന്ന ‘ഗോവർധൻ’ പദ്ധതിക്ക് 23,731 കോടി രൂപ നീക്കിവയ്ക്കാൻ കേന്ദ്രമന്ത്രിസഭ യോഗം തീരുമാനിച്ചു. പത്തു വർഷത്തിനകം കംപ്രസ്ഡ് ബയോഗ്യാസിനെ (സിബിജി) രാജ്യത്തെ പ്രധാന ഊർജ സ്രോതസ്സുകളിലൊന്നായി മാറ്റുകയാണ് ലക്ഷ്യം. രാജ്യത്ത് ഉപയോഗിക്കുന്ന പ്രകൃതിവാതകത്തിന്റെ പകുതിയിലേറെയും ഇപ്പോൾ ഇറക്കുമതി ചെയ്യുകയാണ്. പശ്ചിമേഷ്യൻ സംഘർഷം ഉൾപ്പെടെ ആഗോളതലത്തിലെ അസ്ഥിരത കാരണം ഇറക്കുമതി പ്രതിസന്ധിയിലായിരുന്നു. എൽഎൻജി ലഭ്യത കുറഞ്ഞത് രാജ്യത്തെ വ്യവസായ മേഖലയേയും ബാധിച്ചു. ഇതുകൂടി കണക്കിലെടുത്താണ് ഗോവർധൻ പദ്ധതി വിപുലമാക്കുന്നതെന്നു മന്ത്രിസഭാ തീരുമാനങ്ങൾ വിശദീകരിച്ച മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു.പത്തു വർഷംകൊണ്ട് സിബിജി ഉൽപാദനം പത്തിരട്ടിയാക്കാനാണു ശ്രമിക്കുന്നത്. സ്വകാര്യ മേഖലയ്ക്കും പ്ലാന്റുകൾ സ്ഥാപിക്കാം. ചെറുകിട സംരംഭകർക്ക് മുതൽമുടക്കിന്റെ 85 ശതമാനം വരെ വായ്പ ലഭ്യമാക്കും. സിറ്റി ഗ്യാസ് പൈപ്പ് ലൈനുകളുമായി ബന്ധിപ്പിച്ചായിരിക്കും ഇന്ധന വിതരണം. ഇതിനായി പൈപ്പ്ഡ് നാച്വറൽ ഗ്യാസിൽ (പിഎൻജി) സിബിജി ചേർക്കാനും ധാരണയായിട്ടുണ്ട്. പ്രതിദിനം ഒരു ടൺ (ടിപിഡി) ഉൽപാദന ശേഷിക്ക് 2 കോടി രൂപ വരെ മൂലധന സഹായം ലഭിക്കും. വില സ്ഥിരതയും പദ്ധതിയുടെ പ്രത്യേകതയാണ്. മെട്രിക് മില്യൺ ബ്രിട്ടീഷ് തെർമൽ യൂണിറ്റിന് (എംഎംബിടിയു) 2,110 രൂപ എന്നതാണു നിശ്ചയിച്ചിരിക്കുന്ന നിരക്ക്. മാലിന്യം ഇന്ധനമാക്കി മാറ്റുന്നതോടെ കർഷകർക്ക് കൂടുതൽ വരുമാനം ലഭിക്കുമെന്നും ശുചിത്വം ഉറപ്പാക്കാൻ സാധിക്കുമെന്നും ജൈവവള ലഭ്യത വർധിക്കുമെന്നും മന്ത്രി പറഞ്ഞു. ഇന്ധന ഇറക്കുമതി കുറയ്ക്കുന്നതിലൂടെ 40,000 കോടിരൂപയുടെ വിദേശനാണ്യം ലാഭിക്കാൻ സാധിക്കും. ഫോസിൽ ഇന്ധന ഉപയോഗം കുറയുന്നതോടെ കാർബൺഡൈഓക്സൈഡ് പുറന്തള്ളുന്നതും കുറയും. പദ്ധതി വഴി ഒന്നര ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ കഴിയുമെന്നും മന്ത്രി പറഞ്ഞു.2018ൽ സ്വച്ഛ് ഭാരത് മിഷന്റെ (ഗ്രാമീൺ) ഭാഗമായാണ് ഗോവർധൻ പദ്ധതി നടപ്പാക്കാൻ തുടങ്ങിയത്. കുടുംബങ്ങൾക്കായി ചെറിയ ബയോഗ്യാസ് പ്ലാന്റുകൾ, തദ്ദേശ സ്ഥാപനങ്ങളും സ്വയംസഹായ സംഘങ്ങളും ചേർന്നു നടത്തുന്ന കമ്യൂണിറ്റി പ്ലാന്റുകൾ, ജൈവമാലിന്യ സംസ്കരണത്തിനായി വാണിജ്യാടിസ്ഥാനത്തിലുള്ള സിബിജി പ്ലാന്റുകൾ എന്നിവയ്ക്കാണു സഹായം ലഭ്യമാക്കുന്നത്. രാജ്യത്ത് ഇതിനകം 217 സിബിജി പ്ലാന്റുകൾ പ്രവർത്തനം തുടങ്ങി.
Travel ⏭️


