NEWS
പ്രളയച്ചുഴിയിൽ തുഴഞ്ഞെത്തിയ രക്ഷകർ; ഇരുട്ടിലും കുത്തൊഴുക്കിലും കവചമായി അഗ്നിരക്ഷാസേന, കരകയറ്റിയത് 286 ജീവനുകൾ

കോഴിക്കോട് ∙ കണ്ണാടിക്കലിൽ പൊള്ളാച്ചി സ്വദേശികളായ കുടുംബം താമസമാക്കിയിട്ട് കുറച്ച് നാളുകൾ മാത്രമേ ആയിരുന്നുള്ളൂ. പ്രദേശത്തെ സാഹചര്യങ്ങളെക്കുറിച്ച് വലിയ അറിവില്ലാതിരുന്ന കുടുംബം ഇക്കഴിഞ്ഞ പെരുമഴയത്ത് ദുരിതമുഖത്തായി. ജില്ലയിൽ മഴ കനത്ത രണ്ടാം ദിനമായ ഓഗസ്റ്റ് മൂന്നിന് പുലർച്ചെ നാലു മണിയോടെ വെള്ളിമാടുകുന്ന് ഫയർ സ്റ്റേഷനിലേക്ക് സഹായം തേടി ഫോൺ വിളിയെത്തി. വീടിനുള്ളിൽ വെള്ളം അതിവേഗം കയറുകയാണെന്നും ഉടൻ രക്ഷിക്കണം എന്നായിരുന്നു ആധി നിറഞ്ഞ ശബ്ദത്തിൽ ആ ഫോൺ കോളിലെ അഭ്യർഥന. സന്ദേശം ലഭിച്ചതിന് പിന്നാലെ അഗ്നിരക്ഷാസേന സ്ഥലത്തെത്തി കുടുംബത്തെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. ആ കുടുംബത്തിന് അത് ജീവൻ തിരിച്ചുകിട്ടിയ നിമിഷമായി.പിന്നിട്ട ദിവസങ്ങളിലെ ശക്തമായ മഴയിൽ കോഴിക്കോട് ജില്ലയിലെ വിവിധ ഭാഗങ്ങൾ വെള്ളത്തിന് അടിയിലായപ്പോൾ ഇത്തരത്തില് നൂറുകണക്കിന് കുടുംബങ്ങൾക്കാണ് ജില്ലയിലെ അഗ്നിരക്ഷാസേന കൈത്താങ്ങായത്. പ്രളയജലം പിന്മാറുമ്പോൾ ജനം ഓർക്കുന്നത് വീടുകളിൽ കയറിയ ജലത്തെ മാത്രമാവില്ല, ഇരുട്ടിലും കുത്തൊഴുക്കിലും ഭയപ്പെടാതെ ബോട്ടുമായി എത്തിയ അഗ്നിരക്ഷാസേനയുടെ ധീരമുഖങ്ങളാണ്. ദുരന്തമുഖത്ത് അഗ്നിരക്ഷാസേനയുടെ കരുത്തും മനുഷ്യസ്നേഹത്തിന്റെ യഥാർഥ മുഖവും ഒരുപോലെ തെളിയിച്ചാണ് പിന്നിട്ട മൂന്ന് ദിവസങ്ങൾ കടന്നുപോയത്.രക്ഷാപ്രവർത്തനത്തിലെ ഏറ്റവും വലിയ വെല്ലുവിളികളിലൊന്ന് രാത്രികാല ദൗത്യങ്ങളായിരുന്നു. പകൽ സമയത്ത് ‘വീട് വിട്ടുപോകില്ല’ എന്ന് പറഞ്ഞ പലരും രാത്രിയിൽ വെള്ളം അതിവേഗം ഉയർന്നതോടെ അഗ്നിരക്ഷാസേനയെ വീണ്ടും വിളിച്ച് സഹായം അഭ്യർഥിച്ചു. വൈദ്യുതി ഇല്ലാത്തതും വെളിച്ചക്കുറവും കാരണം ടോർച്ചിന്റെ വെളിച്ചം മാത്രമായിരുന്നു പലപ്പോഴും സേനയുടെ ആശ്രയം. വെള്ളം കയറിയ വീടുകളിലേക്ക് ബോട്ടുമായി പോകുമ്പോൾ പറമ്പുകളിലെ മുൾവേലികളും വെള്ളത്തിന് അടിയിലായിരുന്ന കൂർത്ത വസ്തുക്കളും റബർ ഡിങ്കി ബോട്ടുകൾക്ക് വലിയ ഭീഷണിയായി. എങ്കിലും അപകടസാധ്യതകൾ മറികടന്ന് ഓരോ ജീവനും സുരക്ഷിതം ആക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു സേനയുടെ മുന്നേറ്റം.
Fashion ⏭️


