NEWS
സഹപാഠി മുറിയിൽ പൂട്ടിയിട്ടു പീഡിപ്പിച്ചു, ഹോസ്റ്റലിലെത്തി ഉന്നത ഉദ്യോഗസ്ഥന്റെ അതിക്രമം; ബ്രിട്ടീഷ് സൈനിക അക്കാദമിക്കെതിരെ 176 പരാതികൾ

ലണ്ടൻ∙ ബ്രിട്ടണിലെ ഏറ്റവും വലിയ സൈനിക പരിശീലന കോളജുകളിലൊന്നായ ആർമി ഫൗണ്ടേഷൻ കോളജിനെതിരെ (എഎഫ്സി) പരാതിയുമായി പെൺകുട്ടികൾ. ജൂനിയർ സൈനികരും സ്റ്റാഫ് അംഗങ്ങളും ലൈംഗികാതിക്രമവും സ്ത്രീവിരുദ്ധ പരാമർശങ്ങളും നടത്തിയെന്നാണ് ആരോപണം. നോർത്ത് യോർക്ക്ഷേറിലെ ഹരോഗേറ്റ് എഎഫ്സി കോളജിൽ പതിനേഴാം വയസിൽ അനുഭവിച്ച ക്രൂരതകളെക്കുറിച്ച് നാല് വിദ്യാർഥികളാണ് വെളിപ്പെടുത്തിയത്. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ കൂട്ടബലാത്സംഗം, ലൈംഗിക പീഡനം എന്നിവയ്ക്ക് ഇരയാകേണ്ടി വന്നതായി പെൺകുട്ടികൾ വെളിപ്പെടുത്തി. മറ്റുള്ളവരുടെ മുൻപിൽ വച്ച് പീഡിപ്പിച്ചെന്നും ബിബിസി റിപ്പോർട്ട് ചെയ്യുന്നു. സംഭവത്തിന് പിന്നാലെ വിദ്യാർഥികൾ പഠനം ഉപേക്ഷിച്ചു. സൈനിക കോളജിലെ സ്റ്റാഫ് അംഗങ്ങളുടെ ഒത്താശയോടെയാണ് അതിക്രമങ്ങൾ നടക്കുന്നത്.2018 ജനുവരിക്കും 2025 ജൂണിനും ഇടയിൽ 176 പരാതികളാണു സൈനിക പരീശിലന കേന്ദ്രത്തിനെതിരെ ലഭിച്ചതെന്നു യുകെ പ്രതിരോധ മന്ത്രാലയം തന്നെ വ്യക്തമാക്കുന്നു. 144 പരാതികളും ജൂനിയർ സൈനികർക്കെതിരെയും 32 പരാതികൾ കോളജിലെ സ്ഥിരം ഉദ്യോഗസ്ഥർക്ക് എതിരെയുമായിരുന്നു. ബ്രിട്ടീഷ് സൈന്യത്തിൽ സേവനമനുഷ്ഠിക്കുന്ന സ്ത്രീകളിൽ 67 ശതമാനവും ഒരു വർഷത്തിനിടെ ഒരു തവണയെങ്കിവും സമ്മതമില്ലാതെ ലൈംഗികാതിക്രമത്തിന് ഇരയാകുന്നുണ്ടെന്ന് ഫോർസ്റ്റ് ഒഫീഷ്യൽ സർവേയിൽ കണ്ടെത്തിയിട്ടുണ്ട്. യുകെയിലെ 19 വയസിന് താഴെയുള്ള കുട്ടികൾക്ക് സൈനിക പരിശീലനം നൽകുന്ന ഏറ്റവും വലിയ സ്ഥാപനമാണ് എഎഫ്സി. ആകെ 889 പേരിൽ 70 പെൺകുട്ടികളാണ് ഇവിടെ പഠിക്കുന്നത്. ബ്രിട്ടീഷ് സൈന്യത്തിൽ സ്ത്രീകൾ അനുഭവിക്കുന്ന ക്രൂരതകളുടെ നേർസാക്ഷ്യമാണ് ഈ റിപ്പോർട്ടുകൾ.
Fashion ⏭️


