BUSINESS
ഇ20 പെട്രോൾ വാഹനത്തിന് കേടുപാടുകൾ വരുത്തുന്നുണ്ടെന്ന് സിയാം; സർക്കാരിന് കത്തയച്ചു, പിന്നാലെ പിൻവലിച്ചു

ന്യൂഡൽഹി ∙ ഇ20 പെട്രോൾ ഉപയോഗിക്കുന്നത് വാഹനങ്ങളുടെ വിവിധ ഭാഗങ്ങൾക്ക് കേടുപാടുകൾ വരുത്തുന്നുണ്ടെന്ന ആശങ്കകൾ ഉന്നയിച്ച് സർക്കാരിനയച്ച കത്ത് പിൻവലിച്ച് സൊസൈറ്റി ഓഫ് ഇന്ത്യൻ ഓട്ടമൊബീൽ മാനുഫാക്ചറേഴ്‌സ് (സിയാം). ഇ20 പെട്രോളിലെ ഉയർന്ന ക്ലോറൈഡിന്റെയും ഈർപ്പത്തിന്റെയും സാന്നിധ്യം വാഹനങ്ങളെ ദോഷകരമായി ബാധിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി കേന്ദ്ര പെട്രോളിയം മന്ത്രാലയത്തിന് ജൂലൈ 28നാണ് സിയാം കത്തയച്ചത്.എന്നാൽ, കത്തിലെ വിവരങ്ങൾ പുറത്തുവരികയും ഉപയോക്താക്കൾക്കിടയിൽ വലിയ ചർച്ചയാകുകയും ചെയ്തതിന് പിന്നാലെ സിയാം കത്ത് പിൻവലിക്കുകയായിരുന്നു. കൂടുതൽ വിവരശേഖരണത്തിനും വാഹന നിർമാതാക്കളുമായുള്ള കൂടിയാലോചനകൾക്കും ശേഷം മാത്രമേ കത്തിൽ പറഞ്ഞിട്ടുള്ള കണക്കുകൾ ഔദ്യോഗികമായി സ്ഥിരീകരിക്കാൻ സാധിക്കൂ എന്ന് സിയാം വ്യക്തമാക്കി. ഇ20 പെട്രോളിലെ ക്ലോറൈഡിന്റെ അമിത സാന്നിധ്യം ഫ്യൂവൽ പമ്പുകൾ, ഫ്യൂവൽ ഇൻജക്ടറുകൾ, ഇജിആർ വാൽവുകൾ തുടങ്ങിയവയെ ദോഷകരമായി ബാധിക്കുമെന്നായിരുന്നു സിയാമിന്റെ കണ്ടെത്തൽ. ഇത് വാഹനങ്ങളുടെ എൻജിൻ ഭാഗങ്ങളിൽ തുരുമ്പെടുക്കുന്നതിനും കേടുപാടുകൾക്കും കാരണമാകുമെന്നും, അതിനാൽ ഇ20 പെട്രോളിൽ ക്ലോറൈഡിന്റെ അളവ് നിയന്ത്രിക്കണമെന്നും പമ്പുകളിൽ ഇന്ധന ഗുണനിലവാര പരിശോധന കർശനമാക്കണമെന്നും കത്തിൽ ആവശ്യപ്പെട്ടിരുന്നു.എന്നാൽ വ്യവസായ സംഘടനകൾ, എണ്ണ വിപണന കമ്പനികൾ, വാഹന നിർമാതാക്കൾ, പരിശോധനാ ഏജൻസികൾ എന്നിവ തമ്മിൽ പതിവായി നടക്കുന്ന സാങ്കേതിക ചർച്ചകളുടെ ഭാഗമായിരുന്നു ഈ ആശയവിനിമയമെന്ന് സിയാം ഇന്നലെ പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.ഇ20 ഇന്ധനവുമായി ബന്ധപ്പെട്ട ആശങ്കകൾ പരിഹരിക്കുന്നതിന് കേന്ദ്ര സർക്കാരും എണ്ണക്കമ്പനികളും സ്വീകരിച്ച നടപടികളെയും സിയാം സ്വാഗതം ചെയ്തു. രാജ്യത്തിന്റെ ഊർജസുരക്ഷയിൽ നിർണായക പങ്കുള്ള ഇ20 പദ്ധതിക്ക് വാഹന വ്യവസായലോകം പൂർണ പിന്തുണ നൽകുന്നുണ്ടെന്നും സിയാം അറിയിച്ചു. വാഹന ഉടമകൾ അനാവശ്യമായി ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും സംഘടന ഇന്നലെ വ്യക്തമാക്കി.
Travel ⏭️


