HEALTH

ഒരു ദിവസത്തെ അവസാന കാപ്പി എപ്പോൾ കുടിക്കണം?


രാവിലത്തെ ഒരുകപ്പ് കാപ്പി ഒരുപാടുപേരുടെ ദൈനംദിനജീവിതത്തിന്റെ ഭാഗമാണ്. ആരോഗ്യമുള്ള ഒരാൾക്ക് ദിവസം മൂന്നോ നാലോ കപ്പ് കാപ്പിവരെ (coffee) കുടിക്കുന്നത് വലിയ പ്രശ്നങ്ങളൊന്നുമുണ്ടാക്കില്ലെന്ന് പഠനങ്ങളുണ്ട്. എന്നാൽ കാപ്പി കുടിക്കുന്നവർ വരുത്തുന്ന ഏറ്റവും സാധാരണമായൊരു തെറ്റുണ്ട്, ഉച്ചകഴിഞ്ഞും വൈകിയും കാപ്പി കുടിക്കുന്നതാണത്. ആരോഗ്യവാന്മാരായ മുതിർന്നവർ ഉറങ്ങുന്നതിന് കുറഞ്ഞത് 6-8 മണിക്കൂർ മുമ്പെങ്കിലും കാപ്പി കുടി നിർത്തുന്നതാണ് നല്ലതെന്ന് വിദഗ്ധർ പറയുന്നു. കഫീൻ ശരീരത്തിൽ മണിക്കൂറുകളോളം നിലനിൽക്കുന്നതിനാൽ ഉച്ചകഴിഞ്ഞുള്ള ഒരു കപ്പ് കാപ്പി പോലും ഉറങ്ങാൻ പ്രയാസമുണ്ടാക്കുകയോ ഉറക്കത്തിന്റെ ഗുണനിലവാരം കുറയ്ക്കുകയോ ചെയ്യും. കഫീനോട് സംവേദനക്ഷമതയുള്ളവരിൽ ഇത് കൂടുതലായിരിക്കും. നിങ്ങൾ സാധാരണയായി രാത്രി 10 മണിക്ക് ഉറങ്ങാൻ പോകുന്നുവെങ്കിൽ, ഉച്ചകഴിഞ്ഞ് 2-4 മണിക്ക് ശേഷം കാപ്പി ഒഴിവാക്കാൻ ശ്രമിക്കുന്നതായിരിക്കും നല്ലത്. നേരത്തെയുള്ള സമയം കാപ്പിക്കായി തിരഞ്ഞെടുക്കാൻ ശ്രമിക്കാം. വൈകീട്ടത്തേക്ക് കഫീൻ ഇല്ലാത്ത പാനീയങ്ങളിലേക്ക് മാറുന്നത് നല്ലതായിരിക്കും. വെറുംവയറ്റിൽ ബ്ലാക്ക് കോഫി? വെറും വയറ്റിൽ ബ്ലാക്ക് കോഫി കുടിക്കാമോ എന്നതാണ് ഒരുപാടു പേർക്കുള്ള മറ്റൊരു സംശയം. വെറും വയറ്റിൽ കാപ്പി കുടിക്കുന്നത് എല്ലാവർക്കും അസിഡിറ്റിയോ വയറ്റിൽ പ്രശ്നങ്ങളോ ഉണ്ടാക്കണമെന്നില്ല. അതേസമയം, ചിലരിൽ ലക്ഷണങ്ങളുണ്ടാക്കാനും സാധ്യതയുണ്ട്. കാപ്പിക്ക് വയറ്റിലെ ആസിഡ് ഉത്പാദനം വർധിപ്പിക്കാനാവും. ഇത് ആസിഡ് റിഫ്ലക്സ്, നെഞ്ചെരിച്ചിൽ അല്ലെങ്കിൽ ഗ്യാസ്ട്രൈറ്റിസ് എന്നിവയുള്ളവർക്ക് കൂടുതൽ ബുദ്ധിമുട്ടുണ്ടാക്കിയേക്കും.ആരോഗ്യവാന്മാരായ വ്യക്തികൾക്ക് മിതമായ അളവിൽ കാപ്പി കുടിക്കുന്നതിലൂടെ ദീർഘകാല കുടൽ പ്രശ്നങ്ങളൊന്നും ഉണ്ടാകില്ല. കാപ്പി അസ്വസ്ഥത, ഓക്കാനം അല്ലെങ്കിൽ വേദന എന്നിവയ്ക്ക് കാരണമാകുകയാണെങ്കിൽ, ലഘുവായ ഭക്ഷണം കഴിച്ച ശേഷം കുടിക്കാൻ ശ്രമിക്കുക.മിക്ക ആരോഗ്യവാന്മാരായ മുതിർന്നവർക്കും, പ്രതിദിനം 400 മി.ഗ്രാം വരെ കഫീൻ കഴിക്കുന്നത് സുരക്ഷിതമായി കണക്കാക്കുന്നു. ഇത് ഏകദേശം 3-4 കപ്പ് കാപ്പിക്ക് തുല്യമാണ്, എന്നിരുന്നാലും കഫീൻ അളവ്, തരം എന്നിവയനുസരിച്ച് വ്യത്യാസമുണ്ടാകാം. ഈ പരിധിക്ക് മുകളിൽ പോകുന്നത് ഉത്കണ്ഠ, ഹൃദയമിടിപ്പ് കൂടുക, ഉറക്ക പ്രശ്നങ്ങൾ അല്ലെങ്കിൽ ദഹന സംബന്ധമായ അസ്വസ്ഥത എന്നിവയുടെ അപകടസാധ്യത വർധിപ്പിക്കും.കടപ്പാട്: Hindustan Times(ശ്രദ്ധിക്കുക: പൊതുവായ വിവരങ്ങൾ മാത്രമാണിത്. ആരോഗ്യവിദഗ്ധന്റെ നിർദേശപ്രകാരം മാത്രം ജീവിതശൈലിയിൽ മാറ്റം വരുത്തുക)


Cinema ⏭️

Back to top button