NEWS

‘എന്നെ അപമാനിക്കുകയെന്ന ദുരുദ്ദേശ്യം, പിന്നിൽ രാഷ്ട്രീയ കാരണങ്ങൾ’: ശ്വേത മേനോനെതിരെ രമേശ് പിഷാരടി


കൊച്ചി ∙ അഭിനേതാക്കളുടെ സംഘടനയായ അമ്മയിലെ തർക്കങ്ങളുമായി ബന്ധപ്പെട്ട കേസിൽ അമ്മ പ്രസിഡന്റ് കൂടിയായ ശ്വേത മേനോനെതിരെ രമേശ് പിഷാരടി. ജനപ്രതിനിധി കൂടിയായ തന്നെ അപമാനിക്കുകയെന്ന ദുരുദ്ദേശ്യത്തോടെയാണ് അഡ്ഹോക് കമ്മിറ്റിയുമായി ബന്ധപ്പെട്ട കേസിൽ കക്ഷിയാക്കിയതെന്ന് പിഷാരടി പറഞ്ഞു. നിയമപരമായ അടിത്തറയോ ന്യായീകരണമോ ഇല്ലാതെയാണു തന്നെ ഈ കേസിൽ എതിർ കക്ഷിയാക്കി ചേർത്തിട്ടുള്ളതെന്നും ഇതിനു പിന്നിൽ രാഷ്ട്രീയ കാരണങ്ങളാണെന്നും മജിസ്ട്രേറ്റ് കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ പിഷാരടി പറയുന്നു. അമ്മയുടെ നടത്തിപ്പിന് അഡ്ഹോക് കമ്മിറ്റി രൂപീകരിച്ചതിനെതിരെ പിഷാരടിയെ എതിർകക്ഷിയാക്കി ശ്വേതയാണു കോടതിയെ സമീപിച്ചിരിക്കുന്നത്. കേസിൽനിന്ന് ഒഴിവാക്കണമെന്നാണ് പിഷാരടിയുടെ ആവശ്യം.അഡ്ഹോക് കമ്മിറ്റിയുടെ തലപ്പത്തുനിന്നു സ്വമേധയാ തന്നെ ഒഴിഞ്ഞിരുന്നുവെന്നും അതുകൊണ്ടു കമ്മിറ്റിയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ഉൾപ്പെടുത്തേണ്ടെന്നും ആണ് സത്യവാങ്മൂലത്തിൽ പറയുന്നത്. അമ്മയുടെ  ജനറൽ ബോഡി യോഗത്തിൽ പങ്കെടുത്ത് ഒരു മണിക്കൂറിനുശേഷം പാലക്കാട്ടേക്ക് മടങ്ങിയെന്നും പിഷാരടി പറയുന്നു. അതിനുശേഷം അമ്മയിൽ എന്തൊക്കെ ഉണ്ടായെന്ന് അറിയില്ല. പിന്നീട് ശ്വേത മേനോനു നേരെ കണക്കുകൾ സംബന്ധിച്ച് ആരോപണങ്ങൾ ഉയർന്നു. തുടർന്ന് ശ്വേത അമ്മയുടെ പ്രസിഡന്റ് സ്ഥാനത്തുനിന്നു രാജിവയ്ക്കുകയാണെന്ന് അറിയിച്ചശേഷം സ്ഥലത്തുനിന്നു പോയെന്ന് ചില മുതിർന്ന അംഗങ്ങൾ വിളിച്ചുപറഞ്ഞു. പ്രസിഡന്റും എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളും രാജിവച്ച സാഹചര്യത്തിൽ അടുത്ത കമ്മിറ്റി വരുന്നതു വരെ താൽക്കാലികമായി ഒരു അഡ്ഹോക് കമ്മിറ്റി രൂപീകരിക്കുകയാണെന്നു മുതിർന്ന അംഗങ്ങൾ വിളിച്ചു പറഞ്ഞു. ഇതിനു നേതൃത്വം കൊടുക്കണമെന്ന് അഭ്യർഥിച്ചപ്പോൾ സംഘടനയുടെ നല്ലതിനു വേണ്ടി അക്കാര്യം സമ്മതിച്ചു.


Fashion ⏭️

Back to top button