NEWS

പൊലീസ് കസ്റ്റഡിയിലെടുത്ത യുവാവിന്റെ മരണം; മർദനത്തെത്തുടർന്നെന്ന് ആരോപണം: ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവ്


കുണ്ടറ ∙ വിദ്യാർഥികളെ കാണാതായ സംഭവത്തിൽ ചോദ്യം ചെയ്യാൻ പൊലീസ് കസ്റ്റഡിയിലെടുത്ത സ്വകാര്യ ബസ് ഡ്രൈവർ ചികിത്സയിലിരിക്കെ മരിച്ചതു പൊലീസിന്റെ ക്രൂരമായ മർദനം മൂലമെന്ന് ആരോപണം. സംഭവം ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷിക്കാൻ സർക്കാർ ഉത്തരവിട്ടു. പെരുമ്പുഴ കുളത്തിൻകര കടയിൽ വീട്ടിൽ സിയാദ് (36) ആണ് കഴിഞ്ഞ 24 നു തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ മരിച്ചത്. സിയാദിനെ പൊലീസ് മർദിച്ചതായി ആരോപിക്കുന്ന ശബ്ദസന്ദേശം കഴിഞ്ഞ ദിവസം പ്രചരിച്ചിരുന്നു. കുണ്ടറ– കൊല്ലം റൂട്ടിലെ ബസിന്റെ ഡ്രൈവറായിരുന്നു സിയാദ്.സിയാദിന്റെ അയൽവാസികളും ഏഴാം ക്ലാസ് വിദ്യാർഥികളുമായ 2 കുട്ടികളെ കഴിഞ്ഞ ജൂൺ 16നു കാണാതായതോടെയാണു സംഭവങ്ങളുടെ തുടക്കം. പൊലീസ് അന്വേഷിക്കാനെത്തിയപ്പോൾ, സിയാദിനെതിരെ ഒരു കുട്ടിയുടെ സഹോദരി മൊഴി നൽകിയിരുന്നു. തുടർന്നാണ് അന്ന് അർധരാത്രി സിയാദിനെ കസ്റ്റഡിയിലെടുത്തത്. എന്നാൽ കുട്ടികളെ അടുത്ത ദിവസം കണ്ടെത്തിയതോടെ സിയാദിനെ വിട്ടയച്ചു.


Fashion ⏭️

Back to top button