BUSINESS

ആരാദ്യം പറക്കും? കോ-കേരളമോ? എയർ കേരളയോ? അതോ അൽ ഹിന്ദ് എയറോ? വരും സർപ്രൈസ്?


കേരളത്തിന്റെ ‘സ്വന്തം’ വിമാനക്കമ്പനികളായ എയർ കേരളയും അൽ ഹിന്ദ് എയറും എന്ന് സർവീസ് ആരംഭിക്കും? അതോ ഇവയ്ക്കുംമുൻപേ ‘സർപ്രൈസ്’ ആയി ‘കോ-കേരളം’ പറന്നുയരുമോ? കേരളത്തിന്റെ ആകാശത്ത് ആകാംക്ഷ നിറയുകയാണ്. അൽ ഹിന്ദ് എയറിനും എയർ കേരളയ്ക്കും 2024ൽ തന്നെ കേന്ദ്രസർക്കാരിൽ നിന്ന് അനുപതിപത്രം (എൻഒസി) ലഭിച്ചിരുന്നു. 2025 ജൂണോടെ പ്രവർത്തനം തുടങ്ങാമെന്ന പ്രതീക്ഷയിലായിരുന്നു ഇരു കമ്പനികളും. എയർ കേരളയ്ക്ക് 2025 മേയിൽ ഇന്റർനാഷണൽ എയർ ട്രാൻസ്പോർട് അസോസിയേഷനിൽ (അയാട്ട) നിന്ന് വിമാന സർവീസിനുള്ള എയർലൈൻ കോഡും ലഭിച്ചിരുന്നു. ‘കേരള ഡ്രീം’ എന്നതിന്റെ ചുരുക്കമായ ‘കെഡി’ (KD) എന്ന കോഡാണ് ലഭിച്ചത്. ‘എയർ ഓപ്പറേറ്റർ സർട്ടിഫിക്കറ്റ്’ കിട്ടുന്നതോടെയാണ് സർവീസ് ആരംഭിക്കാനാവുക. സ്വന്തമായി ഒരു വിമാനമെങ്കിലും ഉണ്ടെങ്കിലേ ഈ സർട്ടിഫിക്കറ്റ് ലഭിക്കൂ. വിമാനങ്ങൾ പാട്ടത്തിനെടുത്ത് സർവീസ് നടത്താനായിരുന്നു എയർ കേരളയും അൽ ഹിന്ദ് എയറും ലക്ഷ്യമിട്ടത്. എന്നാൽ, പാട്ടത്തിന് നൽകുന്ന കമ്പനികളുടെ നിലപാട് മാറ്റം ഇതിനിടെ പ്രതിസന്ധിയായി. വിമാനം പാട്ടത്തിന് നൽകണമെങ്കിൽ 12 മാസത്തെ വാടക മുൻകൂറായി കെട്ടിവയ്ക്കണമെന്നാണ് പാട്ടക്കമ്പനികളുടെ ആവശ്യം. അല്ലെങ്കിൽ 200 കോടി രൂപ ബാങ്ക് ബാലൻസ് കാണിക്കണം.എയർ കേരള കഴിഞ്ഞവർഷം കൊച്ചിയിൽ ഓഫിസ് തുറന്നിരുന്നു. ജീവനക്കാരെയും നിയമിച്ച കമ്പനികൾക്ക് ശമ്പളയിനത്തിലടക്കം വൻതുക ചെലവും വരുന്നുണ്ട്. പ്രവർത്തനം തുടങ്ങിയാലേ വരുമാനവും ലഭ്യമായി തുടങ്ങൂ എന്നതിനാൽ അനുമതി വൈകുന്നത് കമ്പനികൾക്ക് സാമ്പത്തിക ബാധ്യതയുമാണ്. ഇതിനിടെ പശ്ചിമേഷ്യയിൽ യുദ്ധമുണ്ടാവുകയും വ്യോമയാന സർവീസുകൾ തകിടംമറിഞ്ഞതും പ്രതികൂലമായി മാറി. വിമാന ഇന്ധനവിലയും കുതിച്ചുംകയറി. അതേസമയം, ഇരു കമ്പനികളും പറക്കൽ സ്വപ്നവുമായി മുന്നോട്ടുതന്നെ നീങ്ങുകയാണ്. 72 സീറ്റുകളുള്ള എടിആർ വിമാനം ഉപയോഗിച്ച് സർവീസ് ആരംഭിക്കാനുള്ള ശ്രമമാണ് എയർ കേരള നടത്തുന്നത്. ആദ്യം പറക്കുമോ കോ-കേരളം?എംവിആർ കാൻസർ സെന്റർ ആൻഡ് റിസർച് ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാൻ സി.എൻ.വിജയകൃഷ്ണൻ മുൻകൈ എടുത്ത് ആവിഷ്കരിക്കുന്ന ‘കോ-കേരളം’ വിമാനക്കമ്പനിയും പറയുന്നയരാനുള്ള പ്രാരംഭ നീക്കങ്ങളിലാണ്. സിയാൽ മോഡലിൽ ആയിരിക്കും കമ്പനി. സംസ്ഥാനത്തെ 200 സഹകരണ സംഘങ്ങൾ 2 കോടി രൂപവീതം നിക്ഷേപിച്ച് ഓഹരിയെടുത്താണ് തുടക്കമിടുക. 400 കോടി രൂപ മുതൽമുടക്കിൽ കൊച്ചി, തിരുവനന്തപുരം, കോഴിക്കോട്, കണ്ണൂർ എന്നിവയ്ക്ക് പുറമേ കോയമ്പത്തൂർ, ബെംഗളൂരു, മംഗളൂരു, മധുര എന്നിവയെ ബന്ധിപ്പിച്ച് 2 സർവീസുകൾ സ്ഥിരമായി നടത്തിയാകും ആദ്യഘട്ടം ആരംഭിക്കുകയെന്ന് സി.എൻ.വിജയകൃഷ്ണൻ വ്യക്തമാക്കിയിരുന്നു.


Travel ⏭️

Back to top button