മാസപ്പടിക്കേസിൽ അന്വേഷണവുമായി മുന്നോട്ട്; സൂചന നൽകി മുഖ്യമന്ത്രി

തിരുവനന്തപുരം:സി.എം.ആർ.എൽ-എക്സാലോജിക് ഇടപാടിൽ അന്വേഷണവുമായി സർക്കാർ മുന്നോട്ടുപോകുമെന്ന സൂചന നൽകി മുഖ്യമന്ത്രി.
ഇന്നലെ കെ.പി.സി.സിഭാരവാഹികളുടെയും ഡി.സി.സി പ്രസിഡൻ്റുമാരുടെയും യോഗത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
ഇ.ഡിയുടെ ആയുധമായി നിന്നുകൊടുക്കരുതെന്ന്, രാഹുൽഗാന്ധിയെയും സോണിയാഗാന്ധിയെയും ഇ.ഡി ഉപദ്രവിച്ചത് ഓർമ്മിപ്പിച്ച് ചില ഭാരവാഹികൾ പറഞ്ഞു. പിണറായി ഇതെല്ലാം ചോദിച്ചുവാങ്ങിയതല്ലേ എന്നായിരുന്നു വി.ഡി.സതീശൻ്റെ മറുചോദ്യം.
നിഷേധിക്കാനാവാത്ത തെളിവുകളോടെ, കാര്യകാരണസഹിതമാണ് ഇ.ഡി അന്വേഷണത്തിന് ശുപാർശ ചെയ്തിട്ടുള്ളത്. സർക്കാർ നടപടി എടുക്കാതിരുന്നാൽ ആരെങ്കിലും കോടതിയെ സമീപിച്ചാലോ. അവർ ശുപാർശയ്ക്കൊപ്പം തന്നിട്ടുള്ള രേഖകൾ സർക്കാരിന് കണ്ടില്ലെന്ന് നടിക്കാനാവുമോ? പലരുടെയും ചുരുക്കപ്പേരുകളാണ് സി.എം.ആർ.എല്ലിന്റെ ഡയറിയിലുള്ളതെങ്കിലും പിണറായിയുടെ മകളെ അക്കൗണ്ട് വഴിയാണ് ഇടപാടുമായി ബന്ധിപ്പിച്ചിട്ടുള്ളത്. സോണിയാഗാന്ധിയോടും രാഹുൽഗാന്ധിയോടും ചെയ്ത അനീതി മറക്കാനാവില്ല, മറുവശത്ത് ബി.ജെ.പിയുമുണ്ട്. എന്നാൽ തെളിവുകൾ അവഗണിക്കുന്നതെങ്ങനെയെന്നും അദ്ദേഹം ചോദിച്ചു.
തൂഫാന് കൈയടി
ചർച്ചയിൽ പങ്കെടുത്ത എല്ലാ അംഗങ്ങളും ഒരേ സ്വരത്തിൽ തൂഫാൻ ഉൾപ്പെ ടെയുള്ള ആഭ്യന്തര വകുപ്പിന്റെ പ്രവർത്തനങ്ങളെ അഭിനന്ദിച്ചു. അതേസമയം വൈദ്യുതി പ്രതിസന്ധി വിമർശന വിധേയമായി. അടിക്കടി കറണ്ടില്ലാതെ വരുന്നത് ജനങ്ങളിൽ അവമതിപ്പുണ്ടാക്കുന്നുവെന്ന് മിക്കവരും ചൂണ്ടിക്കാട്ടി. പ്രിയദർശിനി പദ്ധതി,ഓണക്കാലത്ത് വിലക്കയറ്റം പിടിച്ചുനിറുത്തിയത് അടക്കമുള്ള ജനപ്രിയ നേട്ടങ്ങളുണ്ടാക്കിയ സർക്കാരിന്റെ പ്രതിച്ഛായ വൈദ്യുതി പ്രതിസന്ധിയിലൂടെ മോശമാവുകയാണെന്നും അഭിപ്രായമുണ്ടായി. ഇപ്പോഴത്തെ ഭരണത്തിന്റെ കുഴപ്പമല്ല ഇതെന്നും മുൻ സർക്കാരിന്റെ ചില നടപടികളാണ് പ്രതിസന്ധിയിലേക്ക് നയിച്ചതെന്നുമുള്ള ഒഴുക്കൻ മറുപടിയാണ് മന്ത്രി സണ്ണിജോസഫ് യോഗത്തിൽ പറഞ്ഞത്.
പി.എം.ശ്രീയിലെ വിയോജിപ്പിനും മറുപടി
പി.എം.ശ്രീപദ്ധതിയുമായി മുന്നോട്ടു പോകുന്നതിലെ അനൗചിത്യം മാത്യുകുഴൽനാടൻ, ദീപ്തിമേരിവർഗ്ഗീസ്, പി.എം.നിയാസ് തുടങ്ങിയവർ ചൂണ്ടിക്കാട്ടി. തിരഞ്ഞെടുപ്പിൽ പ്രധാന പ്രചരണായുധമാക്കിയിട്ട് , ഇപ്പോൾ മലക്കംമറിയുന്നത് പ്രവർത്തകരിൽ ആശയക്കുഴപ്പമുണ്ടാക്കില്ലേ എന്നാണ് അവർ ഉന്നയിച്ചത്.
ഇതിനെയും വി.ഡി.സതീശൻ ഖണ്ഡിച്ചു. പി.എം.ശ്രീ പദ്ധതിക്കെതിരായ പ്രചാരണം കൊണ്ടാണ് യു.ഡി.എഫ് അധികാരത്തിലെത്തിയതെന്ന് പറയുന്നത് തമാശയായാണ് തോന്നുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇടതുഭരണകാലത്തെ നരകയാതന കാരണമാണ് യു.ഡി.എഫിനെ ജനങ്ങൾ അധികാരത്തിലെത്തിച്ചത്. പദ്ധതിയുമായി മുന്നോട്ടു പോയില്ലെങ്കിൽ കേന്ദ്രം ആനുകൂല്യങ്ങൾ തടയും. കോൺഗ്രസ് ഭരിക്കുന്ന മറ്റ് സംസ്ഥാനങ്ങൾ നടപ്പാക്കുകയാണ്. ഒരിക്കൽ ഒപ്പിട്ടാൽ പിന്മാറാനാവില്ല. സർക്കാർ നിയോഗിച്ച ഉപസമിതിയുടെ റിപ്പോർട്ട് പരിശോധിച്ചും കരിക്കുലവും പദ്ധതി നടപ്പാക്കേണ്ട സ്കൂളുകളും സർക്കാർ തീരുമാനിക്കുന്ന വിധത്തിലും നടപ്പാക്കാനാണ് ശ്രമം.
കൂടുതൽ ബോർഡുകളും കോർപ്പറേഷനുകളും കോൺഗ്രസിന്
കൂടുതൽ ബോർഡുകളുടെയും കോർപ്പറേഷനുകളുടെയും ഭരണസാരത്ഥ്യം കോൺഗ്രസിന് ലഭിക്കുമെന്ന് മുഖ്യമന്ത്രി വി.ഡി.സതീശൻ കെ.പി.സി.സി ഭാരവാഹികളുടെ യോഗത്തിൽ അറിയിച്ചു. ബോർഡ്,കോർപ്പറേഷൻ വിഭജനത്തിൽ ഘടകകക്ഷികളുമായുള്ള ചർച്ചകൾ പുരോഗമിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. മുഖ്യമന്ത്രിയും മന്ത്രിമാരും സാധാരണ പ്രവർത്തകരെ പരിഗണിക്കുന്നില്ലെന്നും കുറേക്കൂടി ജനകീയരാകണമെന്നും ചില നേതാക്കൾ അഭിപ്രായപ്പെട്ടു. പല മന്ത്രിമാരും ഫോൺ വിളിച്ചാൽ എടുക്കുന്നില്ല. മന്ത്രിമാർ പങ്കെടുക്കുന്ന പരിപാടികൾ ജില്ലാനേതൃത്വം അറിയാത്ത സ്ഥിതിയുണ്ട്. ഇക്കാര്യത്തിൽ ആശയവിനിമയം ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. യോഗത്തിൽ കോൺഗ്രസ് മന്ത്രിമാർ മുഴുവൻ സമയം പങ്കെടുക്കാതിരുന്നതും ചിലർ ചൂണ്ടിക്കാട്ടി. മുഖ്യമന്ത്രി, മന്ത്രിമാരായ എ.പി.അനിൽകുമാർ,കെ.പി.സി.സി അദ്ധ്യക്ഷൻ കൂടിയായ സണ്ണിജോസഫ്,കെ.എ.തുളസി,പി.സി.വിഷ്ണുനാഥ്,ടി.സിദ്ദിഖ് തുടങ്ങിയവരാണ് ഏറെക്കുറെ മുഴുവൻ സമയവും യോഗത്തിലുണ്ടായിരുന്നത്. യു.ഡി.എഫ് കൺവീനർ അടൂർപ്രകാശും പങ്കെടുത്തു. ചിറയിൻകീഴ് സംഭവത്തിലൂടെ പാർട്ടിക്ക് നാണക്കേടുണ്ടാക്കിയ രമ്യഹരിദാസ് എം.എൽ.എയ്ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ഭൂരിപക്ഷം ഭാരവാഹികളും ആവശ്യപ്പെട്ടു. കെ.പി.സി.സി പുനഃസംഘടനാ നടപടികൾ വേഗത്തിലാക്കണമെന്നും ചിലർ ഉന്നയിച്ചു. രാവിലെ 10.30 ന് തുടങ്ങി ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സമാപിച്ചത്.
ദീപാദാസ് മുൻഷിക്ക് പിണക്കം
അതേസമയം കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷിയെ ഇന്നലത്തെ യോഗത്തിലേക്ക് ക്ഷണിച്ചില്ലെന്നാണ് അറിയുന്നത്. ചില നേതാക്കളെ അവർ പരിഭവം അറിയിക്കുകയും ചെയ്തു.


