NEWS

സിപിഎം കേന്ദ്ര കമ്മിറ്റി തീരുമാനം: കേരള നേതൃത്വത്തെ വിമർശിച്ച് റിപ്പോർട്ട് പ്രസിദ്ധീകരിക്കും


തിരുവനന്തപുരം ∙ നിയമസഭാ തിരഞ്ഞെടുപ്പു തോൽവിയിൽ സിപിഎം കേരള നേതൃത്വത്തെ ശക്തമായി വിമർശിക്കുന്ന അവലോകന റിപ്പോർട്ട് കേന്ദ്രകമ്മിറ്റി (സി.സി) പ്രസിദ്ധീകരിക്കും. ഇതോടെ വിഷയം വീണ്ടും ചർച്ചയാകുമെന്ന കനത്ത ആശങ്കയിലാണ് സംസ്ഥാന നേതൃത്വം. സമീപകാലത്തെങ്ങും കേരളത്തിലെ നേതൃത്വത്തെ ഇത്രകണ്ടു കുറ്റപ്പെടുത്തേണ്ടിവന്നിട്ടില്ല. സംസ്ഥാനത്തുനിന്ന് നൽകിയ റിപ്പോർട്ടിൽ, കേന്ദ്ര കമ്മിറ്റിയിലുണ്ടായ ചർച്ചകൾ കൂടി ചേർത്തുള്ള രേഖയാണു പ്രസിദ്ധീകരിക്കുക. കേന്ദ്രകമ്മിറ്റി അംഗീകരിച്ച തിരഞ്ഞെടുപ്പ് അവലോകന റിപ്പോർട്ടുകൾ സി.സിയുടെ വെബ്സൈറ്റിലാണ് പ്രസിദ്ധീകരിക്കുന്നത്.കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിലുണ്ടായ തിരിച്ചടിയെക്കുറിച്ചുള്ള ‘റിവ്യൂ’ കേന്ദ്ര കമ്മിറ്റി പ്രസിദ്ധീകരിച്ചിരുന്നെങ്കിലും എൽഡിഎഫ് സർക്കാരിനെതിരെയോ, പാർട്ടി നേതൃത്വത്തിനെതിരെയോ ഒരു വരി വിമർശനം പോലും അതിലുണ്ടായിരുന്നില്ല. എന്നാൽ നിയമസഭാ തിരഞ്ഞെടുപ്പിലെ സ്ഥിതി അതല്ല. വ്യക്തി കേന്ദ്രീകൃതവും ഉന്നം വച്ചുള്ളതുമാണു റിപ്പോർട്ടിലെ വിമർശനങ്ങൾ പലതും. സംസ്ഥാന ഭരണവും തിരഞ്ഞെടുപ്പു പ്രചാരണവും ഒരാളിൽ കേന്ദ്രീകരിച്ചതു തിരിച്ചടിയായെന്നു പിണറായി വിജയനെതിരെയും, തളിപ്പറമ്പിലും പയ്യന്നൂരിലുമടക്കം സ്ഥാനാർഥി നിർണയത്തിൽ സംഭവിച്ച വീഴ്ചയിൽ സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനെതിരെയും പേരു പറയാതെ വിമർശനമുണ്ട്.


Fashion ⏭️

Back to top button