NEWS
ബേപ്പൂരിൽ ഓയിൽ മില്ലിൽ വൻ അഗ്നിബാധ; ലക്ഷങ്ങളുടെ നഷ്ടം, ആളപായമില്ല – ചിത്രങ്ങൾ

കോഴിക്കോട് ∙ ബേപ്പൂർ വെസ്റ്റ് മാഹിയിലെ രേണുക ഓയിൽ മില്ലിൽ രാത്രി വൻ അഗ്നിബാധ. മിൽ പൂർണമായും കത്തിനശിച്ചു. ആളപായമില്ല. ലക്ഷക്കണക്കിനു രൂപയുടെ നഷ്ടം കണക്കാക്കുന്നു. സ്ഥാപനത്തിൽ നിർത്തിയിട്ടിരുന്ന പിക്കപ്പ് വാൻ കത്തിയമർന്നു. ഒ.എം.റോഡിൽ പോത്താഞ്ചേരി അശോകന്റെ ഉടമസ്ഥതയിലുള്ളതാണ് വെളിച്ചെണ്ണ മിൽ. വൈകിട്ട് ആറോടെ മില്ലിന്റെ പ്രവർത്തനം നിർത്തി തൊഴിലാളികൾ താമസ സ്ഥലത്തേക്ക് പോയിരുന്നു. വിറക് ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഡ്രയറിൽ നിന്നാണ് തീ പടർന്നതെന്നു തൊഴിലാളികൾ പറഞ്ഞു. ആദ്യം തൊഴിലാളികൾ തീ അണയ്ക്കാൻ ശ്രമിച്ചെങ്കിലും തീ പടരുകയായിരുന്നു. ഒരേ സമയം രണ്ടു ഭാഗത്തു നിന്നാണ് തീ കത്തിയത്. വലിയ തോതിൽ തീ ആളിപ്പടരുന്നത് കണ്ട നാട്ടുകാർ അഗ്നി രക്ഷാസേനയെ അറിയിച്ചു. മീഞ്ചന്തയിൽ നിന്നും മൂന്നു യൂണിറ്റെത്തി തീ അണയ്ക്കാൻ തുടങ്ങിയെങ്കിലും തീ നിയന്ത്രിക്കാനായില്ല.ജില്ലാ ഫയർ ഓഫിസർ ജോസഫ് ജോസഫ്, മീഞ്ചന്ത സ്റ്റേഷൻ ഓഫിസർ ടി.കെ.ശരത്, അസി.സ്റ്റേഷൻ ഓഫിസർ ഇ.ശിഹാബുദ്ദിൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവർത്തനം. നാട്ടുകാരും ബേപ്പൂർ, നല്ലളം, മാറാട് എന്നിവിടങ്ങളിൽ നിന്നും പൊലീസും സ്ഥലത്തെത്തിയിരുന്നു. തീ ആളിപ്പടർന്നതോടെ വൈദ്യുതിയും മുടങ്ങി. പിന്നീട് ജനറേറ്റർ ഉപയോഗിച്ച് ലൈറ്റ് കത്തിച്ചാണ് അഗ്നിരക്ഷാ സേന പ്രവർത്തനം നടത്തിയത്.
Fashion ⏭️


