BUSINESS

3 നേരം ഹോട്ടൽ ഭക്ഷണം കഴിക്കാൻ ദിവസം 140 രൂപ അധികച്ചെലവ്, ചായ മുതൽ ബിരിയാണിക്കു വരെ ‘തീവില’


പാചകവാതക വിലവർധനയ്ക്കു പുറമേ അവശ്യസാധനങ്ങൾക്കു കൂടി വില കയറിയതോടെ ഹോട്ടൽ ഭക്ഷണത്തിനും ചെലവേറുന്നു. ചായ മുതൽ ബിരിയാണിക്കു വരെ വില കൂടുതൽ നൽകേണ്ട സ്ഥിതി. ചായയ്ക്കും ചെറു കടികൾക്കും 2–3 രൂപ വർധിച്ചു. 15 രൂപയാണ് പലയിടത്തും ഒരു ഗ്ലാസ് ചായയ്ക്ക്. ബിരിയാണിക്കും ഊണിനും 10 രൂപ വരെ വർധിപ്പിച്ചിട്ടുണ്ട്. പല ഹോട്ടലുകളും ഊണ് താൽക്കാലികമായി നിർത്തുകയോ വിഭവങ്ങൾ വെട്ടിച്ചുരുക്കുകയോ ചെയ്തു. മുൻപ് 60 മുതൽ 90 രൂപ വരെ ലഭിച്ചിരുന്ന സാധാരണ ഊണിന് ഇപ്പോൾ 70–120 രൂപയാണ് ഈടാക്കുന്നത്. മൂന്നു നേരം ഹോട്ടൽ ഭക്ഷണം മാത്രം കഴിക്കുന്ന വ്യക്തിക്ക് ഒരു ദിവസം കഴിഞ്ഞു പോകാൻ 80 മുതൽ 140 രൂപ വരെ അധികം ചെലവാക്കേണ്ട അവസ്ഥ.ബിരിയാണിക്ക് ഉപയോഗിക്കുന്ന കൈമ അരിയുടെ വിലയിൽ 80 രൂപ വരെ കൂടിയതോടെയാണ് ബിരിയാണിയുടെ വില വർധിച്ചത്. കോഴിയിറച്ചി വിലയിൽ 50 രൂപയോളം വർധനയുണ്ടായി. പോത്തിറച്ചി കിലോഗ്രാമിന് 70 രൂപയ്ക്ക് അടുത്താണു കൂടിയത്. ബീഫ് ആവശ്യത്തിനു കിട്ടാനില്ലാത്തതാണ് വില വർധനയ്ക്കു കാരണമെന്നു വ്യാപാരികൾ പറയുന്നു. മട്ടൺ കിലോഗ്രാമിന് 850–900 രൂപയായിരുന്നത് 1000 രൂപയായി. ഇതോടെ മട്ടൺ വിഭവങ്ങൾക്കും വില കൂട്ടി.5 മാസം മുൻപ് അപ്പം (ഒരെണ്ണത്തിന്) 12 രൂപയായിരുന്നത് ഇപ്പോൾ 15 രൂപ. 12 രൂപയായിരുന്ന പൊറോട്ടയ്ക്ക് 15, എട്ടു രൂപയായിരുന്ന ദോശയ്ക്ക് 10–12 രൂപ, ഇഡ്ഡലി 10 ആയിരുന്നത് 15, ഒരു കുറ്റി പുട്ട് 30–35 ആയിരുന്നത് 40–45 രൂപ എന്നിങ്ങനെയാണ് വിലയുടെ പോക്ക്.കിലോഗ്രാമിന് 30 രൂപയായിരുന്ന സവാള 40 രൂപയായതും മറ്റു പലവ്യഞ്ജനങ്ങൾക്കും പച്ചക്കറികൾക്കും വില കുത്തനെ കൂടിയതും വില കൂട്ടാൻ നിർബന്ധിതരാക്കിയെന്ന് ഹോട്ടലുടമകൾ പറയുന്നു. പച്ചമുളക് കിലോഗ്രാമിന് 40 രൂപയായിരുന്നത് 60–80 രൂപയായി ഉയർന്നിട്ടുണ്ട്. പഞ്ചസാര കിലോഗ്രാമിന് 40–45 ആയിരുന്നത് 50–55 രൂപ ആയി ഉയർന്നു.


Travel ⏭️

Back to top button