NEWS
രണ്ടു ലക്ഷത്തോളം പേരെ ഒഴിപ്പിച്ചു; യൂറോപ്പിനെ ഭീതിയിലാഴ്ത്തി മൂന്ന് രാജ്യങ്ങളിൽ കാട്ടുതീ പടരുന്നു, സൈന്യം രംഗത്ത്

പാരിസ് / മഡ്രിഡ്∙ യൂറോപ്പിൽ കടുത്ത ഉഷ്ണതരംഗത്തിനും ശക്തമായ കാറ്റിനും പുറമെ ഫ്രാൻസ്, സ്പെയിൻ, ഇറ്റലി എന്നിവിടങ്ങളിൽ കാട്ടുതീ വ്യാപകമായി പടരുന്നു. തീപിടിത്തത്തെ തുടർന്ന് ഇതുവരെ ഏകദേശം രണ്ട് ലക്ഷം പേരെ വീടുകളിൽനിന്നും റിസോർട്ടുകളിൽനിന്നും സുരക്ഷിത കേന്ദ്രങ്ങളിലേക്ക് ഒഴിപ്പിച്ചു. സ്ഥിതിഗതികൾ രൂക്ഷമായതോടെ സ്പെയിൻ ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ഫ്രാൻസിൽ മാത്രം 22,000 ഹെക്ടറിലധികം വനഭൂമി കത്തിനശിച്ചതിനെ തുടർന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോ യൂറോപ്യൻ യൂണിയന്റെ സഹായം തേടുകയും അഗ്നിശമന പ്രവർത്തനങ്ങൾക്ക് സൈന്യത്തെ വിന്യസിക്കുകയും ചെയ്തു.ഫ്രാൻസിലെ ജിറോണ്ട്, ലാൻഡസ് മേഖലകളിൽ നിന്നായി 1.4 ലക്ഷത്തിലധികം പേരെയാണ് ഒഴിപ്പിച്ചത്. പ്രധാന വിനോദസഞ്ചാര കേന്ദ്രമായ ബോർഡോയുടെ പ്രാന്തപ്രദേശങ്ങളിലേക്കും ക്യാപ് ഫെററ്റ് ഉപദ്വീപിലേക്കും തീ അതിവേഗം വ്യാപിക്കുകയാണ്. ക്യാപ് ഫെററ്റിൽനിന്ന് മാത്രം 44,000 പേരെ ബോട്ടുകളിലും റോഡ് മാർഗത്തിലുമായി സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി.ഉയർന്ന താപനിലയും ശക്തമായ കാറ്റും വരും ദിവസങ്ങളിലും തുടരുമെന്നതിനാൽ കാട്ടുതീ കൂടുതൽ പ്രദേശങ്ങളിലേക്ക് വ്യാപിക്കാനുള്ള സാധ്യതയുണ്ടെന്ന് യൂറോപ്യൻ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങൾ മുന്നറിയിപ്പ് നൽകി. (Disclaimer: ഈ വാർത്തയ്ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന ചിത്രം മലയാള മനോരമയുടേതല്ല. ഇത് desdelamoncloa എന്ന എക്സ് അക്കൗണ്ടിൽ നിന്ന് എടുത്തിട്ടുളളതാണ്. ഈ വാർത്ത കൂടുതൽ വ്യക്തവും സമഗ്രവുമാക്കുന്നതിനാണ് ഈ ചിത്രം ഉപയോഗിച്ചിരിക്കുന്നത്.)
Fashion ⏭️


