NEWS
പാക്കിസ്ഥാനിലെ പ്രളയം: പിന്നിൽ ഇന്ത്യൻ ഇടപെടൽ എന്ന ആരോപണം അടിസ്ഥാനരഹിതമെന്ന് വിദേശകാര്യ മന്ത്രാലയം

ന്യൂഡൽഹി ∙ പാക്കിസ്ഥാനിൽ ഇന്ത്യ ബോധപൂർവം പ്രളയമുണ്ടാക്കുകയാണെന്ന പാക്ക് മാധ്യമങ്ങളുടെ റിപ്പോർട്ടുകൾ തള്ളി ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം. ഇത്തരം ആരോപണങ്ങൾ പൂർണമായും അടിസ്ഥാനരഹിതവും വസ്തുതകൾക്ക് നിരക്കാത്തതുമാണെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്സ്വാൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ചെനാബ് നദിയിലെ ജലനിരപ്പ് ഉയർന്നത് കനത്ത മഴയെത്തുടർന്നാണെന്നും ഇന്ത്യയുടെ ഭാഗത്തുനിന്നും ബോധപൂർവമായ ഇടപെടലുകൾ ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.ജൂലൈ 20 മുതൽ 23 വരെയുള്ള ദിവസങ്ങളിൽ ജമ്മുവിലും സമീപത്തെ വൃഷ്ടിപ്രദേശങ്ങളിലും പെയ്ത അതിശക്തമായ മൺസൂൺ മഴയുടെ സ്വാഭാവിക പ്രതിഫലനമാണ് ചെനാബ് നദിയിലെ ജലപ്രവാഹം വർധിക്കാൻ കാരണമെന്ന് രൺധീർ ജയ്സ്വാൾ വിശദീകരിച്ചു. കാലാവസ്ഥ വ്യതിയാനം മൂലം ഉണ്ടായ പ്രകൃതിദത്ത പ്രതിഭാസത്തെ ഇന്ത്യയുടെ ഇടപെടലായി ചിത്രീകരിക്കാൻ ശ്രമിക്കുന്നത് സാങ്കേതികമായും വസ്തുതാപരമായും നിലനിൽക്കില്ല. വൃഷ്ടിപ്രദേശങ്ങളിൽ പെയ്ത കനത്ത മഴയാണ് ചെനാബ് നദിയിലെ വെള്ളപ്പൊക്കത്തിനു കാരണമെന്ന് പാക്കിസ്ഥാന്റെ സ്വന്തം ഫ്ലഡ് ഫോർകാസ്റ്റിങ് ഡിവിഷൻ ജൂലൈ 22ന് പുറത്തിറക്കിയ ജാഗ്രതാ നിർദേശത്തിൽ സമ്മതിച്ചിട്ടുണ്ടെന്ന് രൺധീർ ജയ്സ്വാൾ ചൂണ്ടിക്കാട്ടി.
Fashion ⏭️


