NEWS
സ്കൂളിൽ പോകാൻ നിന്ന 8 വയസ്സുകാരനെ കാട്ടുപോത്ത് തൂക്കിയെറിഞ്ഞു; തെറിച്ചുവീണത് 20 മീറ്റർ ദൂരത്തേക്ക്: ഗുരുതര പരുക്ക്

മറയൂർ ∙ സ്കൂളിൽ പോകാൻ വീടിനു സമീപം ഓട്ടോറിക്ഷ കാത്തുനിന്ന 8 വയസ്സുകാരനെ കാട്ടുപോത്ത് കൊമ്പിൽ തൂക്കിയെറിഞ്ഞു. അപ്രതീക്ഷിതമായ ആക്രമണത്തിൽ ഗുരുതര പരുക്കേറ്റ വിദ്യാർഥി ചികിത്സയിൽ. ഇന്നലെ രാവിലെ 8നു മറയൂർ പള്ളനാട് ഭാഗത്താണു സംഭവം. പള്ളനാട് സ്വദേശി രഞ്ജിത്തിന്റെ മകൻ കാർത്തിക് പാണ്ഡിക്കാണു പരുക്കേറ്റത്. പള്ളനാട് എൽപി സ്കൂൾ മൂന്നാം ക്ലാസ് വിദ്യാർഥിയാണ്.വീട്ടിൽനിന്നിറങ്ങി നടന്നു മറയൂർ–മൂന്നാർ സംസ്ഥാന പാതയിലെ പള്ളനാട് ഭാഗത്തെത്തി ഓട്ടോയിലാണു കാർത്തിക് പതിവായി സ്കൂളിൽ പോകുന്നത്. ഇന്നലെ ഓട്ടോയ്ക്കായി കാത്തുനിൽക്കുമ്പോൾ സമീപത്തെ ചന്ദനക്കാട്ടിൽനിന്നു കാട്ടുപോത്ത് ഓടിയെത്തുകയായിരുന്നു. സമീപത്തുണ്ടായിരുന്നവർ ഉച്ചത്തിൽ നിലവിളിച്ചതോടെ കാർത്തിക് ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും കാട്ടുപോത്ത് കൊമ്പിൽ തൂക്കി എറിഞ്ഞു. 20 മീറ്ററോളം അകലെ വീണ കാർത്തിക്കിനു തോളെല്ലിനും കൈക്കും പരുക്കേറ്റു. ഓടിക്കൂടിയ പ്രദേശവാസികൾ കുട്ടിയെ മറയൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. പ്രാഥമിക ചികിത്സയ്ക്കുശേഷം അടിമാലി താലൂക്കാശുപത്രിയിലും അവിടെനിന്നു തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലേക്കും മാറ്റി. ശസ്ത്രക്രിയ പൂർത്തിയായെന്നും കാർത്തിക് അപകടനില തരണം ചെയ്തെന്നും ആശുപത്രി അധികൃതർ അറിയിച്ചു.കാട്ടുപോത്തിനെ തുരത്താൻ ശ്രമിക്കാതെ വനംവകുപ്പ് മറയൂർ ∙ കാർത്തിക്കിനെ ആക്രമിച്ച കാട്ടുപോത്ത് വർഷങ്ങളായി ഇതേ പ്രദേശത്ത് തമ്പടിച്ചതാണെങ്കിലും തുരത്താൻ വനം വകുപ്പ് ഇതുവരെ ശ്രമിച്ചിട്ടില്ല. 4 വർഷം മുൻപ് വീടിനു മുന്നിൽ വച്ചുണ്ടായ കാട്ടുപോത്ത് ആക്രമണത്തിൽ ദുരൈരാജ് എന്നയാൾ മരിച്ചിരുന്നു. കൃഷിത്തോട്ടത്തിൽ പോയ ജയ എന്ന പ്രദേശവാസിയെ കഴിഞ്ഞ വർഷം കാട്ടുപോത്ത് ആക്രമിച്ച് പരുക്കേൽപിച്ചിരുന്നു. ഈ കാട്ടുപോത്ത് തന്നെയാണ് ഇപ്പോഴത്തെ ആക്രമണങ്ങൾക്കു കാരണമെന്ന് നാട്ടുകാർ പറയുന്നു. കമുക്, തെങ്ങ്, കാപ്പി ഉൾപ്പെടെയുള്ള കൃഷികൾ വ്യാപകമായി നശിപ്പിക്കുന്നതും കൃഷിത്തോട്ടങ്ങളിൽ ദിവസങ്ങളോളം തമ്പടിക്കുന്നതും പതിവാണെന്നും കർഷകർ പറയുന്നു. വനമേഖലയോടു ചേർന്നുള്ള പള്ളനാട് പ്രദേശത്ത് ഒരു വശത്ത് ചന്ദന റിസർവ് വനവും മറുവശത്ത് മംഗലാംപാറ വനമേഖലയുമാണുള്ളത്. മംഗലാംപാറ ഭാഗത്ത് വനാതിർത്തിയിൽ മതിയായ ഫെൻസിങ് ഇല്ലാത്തതിനാൽ കാട്ടുപോത്തുകൾ ഉൾപ്പെടെയുള്ള വന്യമൃഗങ്ങൾ എളുപ്പത്തിൽ ജനവാസ മേഖലയിലേക്കു കടന്നുവരുന്ന സാഹചര്യമാണുള്ളത്. കൃഷിത്തോട്ടങ്ങളിലേക്ക് ഇറങ്ങുന്നതിനിടെ ചില കാട്ടുപോത്തുകൾ പാറയിൽനിന്ന് ഉരുണ്ടുവീണ് ചത്ത സംഭവങ്ങളും ഉണ്ടായിട്ടുണ്ട്.
Fashion ⏭️


