NEWS
‘വിദ്യാർഥികളുടെ ആശങ്കകൾ ന്യായം, പൊലീസ് നടപടി ക്രൂരം’; സിജെപി സമരത്തിനു പിന്തുണയുമായി മുരളി മനോഹർ ജോഷി

ന്യൂഡൽഹി ∙ നീറ്റ് ചോദ്യ പേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് പ്രതിഷേധിക്കുന്ന വിദ്യാർഥികൾക്ക് പിന്തുണയുമായി മുതിർന്ന ബിജെപി നേതാവും മുൻ കേന്ദ്രമന്ത്രിയുമായ മുരളി മനോഹർ ജോഷി. പരീക്ഷാ സംവിധാനത്തെക്കുറിച്ചുള്ള വിദ്യാർഥികളുടെ ആശങ്കകൾ തികച്ചും ന്യായമാണെന്നും, ഇതിനെ അടിച്ചമർത്തലിലൂടെയല്ല, മറിച്ച് സഹാനുഭൂതിയോടെയാണ് നേരിടേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ഡൽഹിയിൽ പ്രതിഷേധിച്ച വിദ്യാർഥികൾക്ക് നേരെയുണ്ടായ പൊലീസ് നടപടിയെ ക്രൂരം എന്ന് വിശേഷിപ്പിച്ച അദ്ദേഹം, ഇത്തരം ബലപ്രയോഗങ്ങൾ സർക്കാരിന്റെ വികസിത് ഭാരത് എന്ന ലക്ഷ്യത്തിൽ നിന്ന് സമൂഹത്തിലെ വലിയൊരു വിഭാഗത്തെ അകറ്റുമെന്നും എക്സിലൂടെ മുന്നറിയിപ്പ് നൽകി.‘‘ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള യുവ വിദ്യാർഥികൾ ദിവസങ്ങളായി ന്യൂഡൽഹിയിലെ തെരുവുകളിൽ ഒത്തുകൂടിയിരിക്കുന്നത് കാണുന്നത് ഏറെ വേദനാജനകമാണ്. പരീക്ഷാ സമ്പ്രദായത്തെക്കുറിച്ചുള്ള അവരുടെ ആശങ്കകളും ആകുലതകളും തികച്ചും ന്യായമായവയാണ്. അവ തികഞ്ഞ സഹാനുഭൂതിയോടെയും ശാശ്വത പരിഹാരം കണ്ടെത്താനുള്ള ആഗ്രഹത്തോടെയും കൈകാര്യം ചെയ്യേണ്ടതുണ്ട്. ഇത് കേവലം ക്രമസമാധാന പ്രശ്നമായി മാത്രം കണ്ട്, ബലപ്രയോഗത്തിലൂടെ നേരിടേണ്ട ഒന്നായി കണക്കാക്കില്ല എന്ന് ഞാൻ ആത്മാർഥമായി പ്രത്യാശിക്കുന്നു. യുവതികളായ വിദ്യാർഥിനികൾ പോലും ക്രൂരമായി കൈകാര്യം ചെയ്യപ്പെട്ടത് കാണുന്നത് തികച്ചും വേദനാജനകമാണ്. ഇത്തരം ബലപ്രയോഗങ്ങൾ ഇന്ത്യൻ സമൂഹത്തിലെ വലിയൊരു വിഭാഗത്തെ വികസിത ഭാരതം എന്ന ദേശീയ ലക്ഷ്യത്തിൽ നിന്ന് അകറ്റാൻ മാത്രമേ കാരണമാകൂ’’ – മുരളി മനോഹർ ജോഷി എക്സിൽ കുറിച്ചു.
Fashion ⏭️


