കൊച്ചിയില്‍ പൂട്ട് വീണത് 191 സ്ഥാപനങ്ങള്‍ക്ക്; മെട്രോ നഗരത്തില്‍ നടന്നത് വ്യാപക പരിശോധന

പ്രതീകാത്മക ചിത്രം
കൊച്ചി: നഗരത്തില്‍ ഭക്ഷ്യ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി നടത്തിയ പരിശോധനയില്‍ വന്‍ തുക പിഴ ചുമത്തി. ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. 2026 ഏപ്രില്‍ ഒന്ന് മുതല്‍ നടത്തിയ പരിശോധനയില്‍ 83 കേസുകളിലായി 26.40 ലക്ഷം രൂപയാണ് പിഴ ഈടാക്കിയതെന്ന് ഭക്ഷ്യ സുരക്ഷാ വകുപ്പ് അറിയിച്ചു. 1173 പരിശോധനകളാണ് ഇക്കാലയളവില്‍ നടത്തിയത്. ഇതില്‍ 191 സഥാപനങ്ങളില്‍ നിന്ന് മാത്രം 8.37 ലക്ഷം രൂപ പിഴ ഈടാക്കി.
വ്യാപകമായി നടത്തിയ പരിശോധനയില്‍ 335 സ്റ്റാറ്റിയൂട്ടി സാമ്പിളുകള്‍ ശേഖരിക്കുകയും ചെയ്തിരുന്നുവെന്നും വകുപ്പിലെ ഉദ്യോഗസ്ഥര്‍ അറിയിച്ചു. പരിശോധനയില്‍ 19 സാമ്പിളുകള്‍ സുരക്ഷിതമല്ലാത്തതായും 17 സാമ്പിളുകള്‍ ഗുണനിലവാരമില്ലാത്തതായും കണ്ടെത്തിയതായി എറണാകുളം ഫുഡ് സേഫ്റ്റി അസിസ്റ്റന്റ് കമ്മിഷണര്‍ അറിയിച്ചു.
ദിവസേന മറ്റ് ജില്ലകളില്‍ നിന്നും സംസ്ഥാനത്തിന് പുറത്ത് നിന്നും ഉള്‍പ്പെടെ ലക്ഷക്കണക്കിന് ആളുകള്‍ വന്ന് പോകുന്ന കൊച്ചിയില്‍ ഹോട്ടലുകളാണ് ഭക്ഷണത്തിനായി ഭൂരിഭാഗം പേരും ആശ്രയിക്കുന്നത്. നഗരത്തിലെ ഒട്ടുമിക്ക സ്ഥലങ്ങളിലേയും ഹോട്ടലുകളില്‍ വിളമ്പുന്ന ഭക്ഷണത്തിന്റെ ഗുണനിലവാരത്തെക്കുറിച്ചും അതുപോലെ തന്നെ പഴക്കത്തെ കുറിച്ചും മുമ്പും പരാതികള്‍ ഉയര്‍ന്നിരുന്നു. മോശം ഭക്ഷണം കഴിച്ച് ആരോഗ്യപ്രശ്നങ്ങളുണ്ടാകുന്ന സംഭവങ്ങള്‍ ഉള്‍പ്പെടെ വര്‍ദ്ധിച്ചതോടെയാണ് അധികൃതര്‍ പരിശോധന വ്യാപകമാക്കിയത്.
അയ്യപ്പന്‍കാവിലെ ഇന്‍സ്റ്റാ മാര്‍ട്ട് ഗോഡൗണില്‍ നടന്നത് പതിവ് പരിശോധന മാത്രമാണെന്നും, അതുമായി ബന്ധപ്പെട്ട് പരാതികളൊന്നും ലഭിച്ചിട്ടില്ലെന്നും അസിസ്റ്റന്റ് കമ്മീഷണര്‍ ജോസ് ലോറന്‍സ് പറഞ്ഞു. അവിടെ നിന്ന് സാമ്പിളുകള്‍ ശേഖരിച്ചെങ്കിലും പരിശോധനയില്‍ പ്രശ്നങ്ങളൊന്നും കണ്ടെത്തിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.


