NEWS
2024 നീറ്റ് ചോദ്യപ്പേപ്പർ ചോർച്ച: മുഖ്യപ്രതിക്ക് സിബിഐയുടെ ക്ലീൻ ചിറ്റ്; തെളിവില്ലെന്ന് വിശദീകരണം

ന്യൂഡൽഹി∙ 2024ലെ നീറ്റ് ചോദ്യപ്പേപ്പർ ചോർച്ചയുടെ സൂത്രധാരന് സിബിഐയുടെ ക്ലീൻചിറ്റ്. ചോദ്യപ്പേപ്പർ ചോർച്ചയിലെ മുഖ്യപ്രതി സഞ്ജീവ് കുമാറിനെതിരെ (സഞ്ജീവ് മുഖ്യ) തെളിവില്ലെന്ന് സിബിഐ വ്യാഴാഴ്ച പറഞ്ഞു. ചോദ്യപ്പേപ്പർ ചോർന്ന സംഭവമുണ്ടായപ്പോൾ സഞ്ജീവ് കുമാറിനെയും ബിഹാർ പൊലീസ് കേസിൽ പ്രതി ചേർത്തിരുന്നു. സമാന സ്വഭാവമുള്ള കേസുകളിൽ നേരത്തെ സഞ്ജീവ് പ്രതിയായിരുന്ന പശ്ചാത്തലത്തിലായിരുന്നു ഇത്. പിന്നീട് കേസിന്റെ അന്വേഷണം സിബിഐയ്ക്ക് കൈമാറി.തുടർന്ന് ചോദ്യപ്പേപ്പർ ചോർച്ച സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തിയെന്നും തട്ടിപ്പ് നടത്തിയവരും അതിന്റെ ഗുണഭോക്താക്കളും ഉൾപ്പെടെ 45 പേരെ കേസിൽ പ്രതി ചേർക്കുകയും പട്ന കോടതിയിൽ കുറ്റപത്രം സമർപ്പിക്കുകയും ചെയ്തെന്ന് സിബിഐ പറഞ്ഞു. ഇക്കാലയളവിൽ സഞ്ജീവ് കുമാർ ഒളിവിലായിരുന്നു. പിന്നീട് ഇയാളെ ബിഹാർ പൊലീസ് അറസ്റ്റ് ചെയ്തു. എഫ്ഐആറിൽ പേരുണ്ടായിരുന്നതിനാൽ സഞ്ജീവിനെ സിബിഐ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തെങ്കിലും ചോദ്യപ്പേപ്പർ ചോർച്ചയിൽ ഇയാൾക്കു പങ്കുണ്ടെന്നതിനുള്ള യാതൊരു തെളിവും കണ്ടെത്താനായില്ല. ഇതോടെ കുറ്റപത്രത്തിൽനിന്ന് സഞ്ജീവിന്റെ പേര് ഒഴിവാക്കിയെന്നും സിബിഐ പ്രസ്താവനയിൽ പറഞ്ഞു. ഇതിനു പിന്നാലെ സഞ്ജീവിന് ജാമ്യം ലഭിച്ചെങ്കിലും ബിഹാർ പൊലീസിൽ ഇയാൾക്കെതിരെ ഒന്നിലധികം കേസുകൾ ഉള്ളതിനാൽ ജുഡീഷ്യൽ കസ്റ്റഡിയിൽ തുടരുകയാണ്.
Fashion ⏭️


