ആഗോള ചാന്ദ്ര ഉപഗ്രഹ ദൗത്യത്തിൽ നാടിനഭിമാനമായി മരപ്പണിക്കാരന്റെ മകൾ; 108 രാജ്യങ്ങളിൽ നിന്ന് മത്സരിച്ചവരിൽ സ്വപ്നനേട്ടം

കണ്ഡുല ജെസി
ആഗോള ചാന്ദ്ര ഉപഗ്രഹ ദൗത്യത്തിന് തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യയിൽ നിന്നുള്ള 20 പേരിൽ ഒരാളായി മരപ്പണിക്കാരന്റെ മകളായ പത്താം ക്ളാസുകാരി. ആന്ധ്രാപ്രദേശിലെ ദവലേശ്വരം സ്വദേശിനിയായ കണ്ഡുല ജെസിയാണ് അപൂർവനേട്ടം സ്വന്തമാക്കിയത്. ജില്ല പരിഷദ് ഗേൾസ് ഹൈസ്‌കൂൾ വിദ്യാർത്ഥിനിയാണ്. ലോകത്തിലെ ആദ്യത്തെ ആഗോള, പെൺകുട്ടികൾക്കായി മാത്രമുള്ള ചാന്ദ്ര ക്യൂബ്സാറ്റ് ദൗത്യമായ മിഷൻ ശക്തിസാറ്റിലേയ്ക്കാണ് ജെസി തിരഞ്ഞെടുക്കപ്പെട്ടത്.
പ്രോഗ്രാമിനായി 108 രാജ്യങ്ങളിൽ നിന്ന് 12,000 പേരാണ് രജിസ്റ്റർ ചെയ്തത്. ആന്ധ്രാപ്രദേശിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട ഒരേയൊരളാണ് 14കാരിയായ ജെസി. സയൻസിനോടും പുതിയ കണ്ടുപിടിത്തങ്ങളോടും ജെസിക്കുള്ള താത്‌പര്യം മനസിലാക്കിയ അദ്ധ്യാപികയായ മണിമലയാണ് ജെസിയുടെ പേര് പ്രോഗ്രാമിനായി രജിസ്റ്റർ ചെയ്തത്. തന്റെ സഹപാഠികളായ എട്ടുപേർ ജെസിയുടെ പ്രേരണയാൽ രജിസ്റ്റർ ചെയ്തിരുന്നു.
പത്താം ക്ളാസ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നതിനിടയിലും സ്‌കൂൾ സമയത്തിനുശേഷം ജെസി പ്രോഗ്രാമിനായുള്ള ഓൺലൈൻ ക്ളാസുകളിൽ പങ്കെടുത്തു. ഇതുവരെ 60 ശതമാനം ക്ളാസുകളിലാണ് ജെസി പങ്കെടുത്തത്.
ഓൺലൈൻ പഠന മൊഡ്യൂളുകൾ, ശാസ്ത്രജ്ഞരുമായും പ്രോഗ്രാം കോർഡിനേറ്റർമാരുമായും ഒരു മണിക്കൂർ നീണ്ടുനിൽക്കുന്ന അഭിമുഖം, മിഷൻ ശക്തിസാറ്റിന്റെയും സ്റ്റെം വിദ്യാഭ്യാസത്തിന്റെയും പ്രാധാന്യം വിശദീകരിക്കുന്ന ഒരു മിനിറ്റ് ദൈർഘ്യമുള്ള വീഡിയോ എന്നിവ തിരഞ്ഞെടുപ്പ് പ്രക്രിയയിൽ ഉൾപ്പെട്ടിരുന്നു.
അന്താരാഷ്ട്ര വിദഗ്ധരുമായി നടത്തിയ അഭിമുഖം പൂർണമായും ഇംഗ്ലീഷിൽ ആയിരുന്നതിനാൽ തന്റെ അദ്ധ്യാപകരുടെയും യൂട്യൂബ് വീഡിയോകളുടെയും സഹായത്തോടെ തന്റെ ഭാഷ മെച്ചപ്പെടുത്താനും ജെസി കഠിനമായി പരിശ്രമിച്ചിരുന്നു.
അന്താരാഷ്ട്ര ശാസ്ത്രജ്ഞരുമായി സംസാരിക്കുമ്പോൾ പരിഭ്രാന്തി തോന്നിയിരുന്നു. തന്നെപ്പോലെയുള്ള ഒരു സർക്കാർ സ്കൂൾ വിദ്യാർത്ഥി പ്രോഗ്രാമിലേയ്ക്കായി തിരഞ്ഞെടുക്കപ്പെടുമെന്ന് ഒരിക്കലും കരുതിയിരുന്നില്ലെന്ന് ജെസി പറഞ്ഞു. ഐഎസ്‌ആർഒയിലെ ശാസ്ത്രജ്ഞയാകുകയാണ് സ്വപ്നമെന്ന് വിദ്യാർത്ഥി കൂട്ടിച്ചേർത്തു.
പ്രോഗ്രാമിന്റെ അടുത്ത ഘട്ടം ഓഗസ്റ്റ് 23ന് ഡൽഹിയിൽ ആരംഭിക്കും. പ്രായോഗിക പരിശീലനവും ദേശീയ ബഹിരാകാശ ദിനാഘോഷങ്ങളും ഇതിൽ ഉൾപ്പെടുന്നു. പരിശീലന വേളയിൽ ഉപഗ്രഹ രൂപകൽപ്പന, പേലോഡ് വികസനം, ദൗത്യ പ്രവർത്തനങ്ങൾ എന്നിവയിൽ ശാസ്ത്രജ്ഞരുമായി ചേർ്ന്ന് പ്രവർത്തിക്കും. വിദ്യാർത്ഥികൾ നിർമ്മിക്കുന്ന ചാന്ദ്ര ക്യൂബ് സാറ്റ്‌ലൈറ്റ് ഒക്ടോബർ 11ന് ശ്രീഹരിക്കോട്ടയിൽ നിന്ന് വിക്ഷേപിക്കുമെന്നാണ് വിവരം.
English Summary
Kandula Jessy, a 10th-grade student from Andhra Pradesh, has been selected for Mission ShaktiSAT, the world’s first global all-girls lunar CubeSat mission. She is among 20 Indians chosen from 12,000 registrants across 108 countries. The program’s next phase starts August 23 in Delhi, with the CubeSat launch scheduled for October 11 from Sriharikota.
News ⏭️


