NEWS

നവാസ് ഷെരീഫിന് ‘പിഒകെ’ പ്രധാനമന്ത്രിയാകാൻ മോഹം; ‘അനിയനോട്’ പറയും, മാറുമോ ‘സാമ്പത്തിക’ പ്രക്ഷോഭം? എതിർക്കാൻ ഇന്ത്യ


പാക്കിസ്ഥാന്റെ മുൻ പ്രധാനമന്ത്രിയും ഇപ്പോഴത്തെ പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫിന്റെ മൂത്ത സഹോദരനുമായ നവാസ് ഷെരീഫിന് പാക്ക് അധിനിവേശ കശ്മീരിന്റെ (പിഒകെ) പ്രധാനമന്ത്രിയാകാൻ ആഗ്രഹം. ഇക്കാര്യം തുറന്നുപറഞ്ഞ നവാസ് ഷെരീഫ്, തന്നെ പ്രധാനമന്ത്രിയാക്കണമെന്ന് ഷെഹബാസ് ഷെരീഫിനോട് ആവശ്യപ്പെടുമെന്നും പറഞ്ഞു. പാക്കിസ്ഥാനിൽ ഫെഡറൽ ഗവൺമെന്റിനെ നയിക്കുന്ന പാക്കിസ്ഥാൻ മുസ്ലിം ലീഗ്-നവാസ് (പിഎംഎൽ‌-എൻ) പാർട്ടിയുടെ നേതാവാണ് നവാസ് ഷെരീഫ്.കടുത്ത സാമ്പത്തിക ഞെരുക്കത്തിലമർന്ന പാക്ക് അധിനിവേശ കശ്മീരിൽ പാക്കിസ്ഥാന്റെ ഫെഡറൽ സർക്കാരിനെതിരെ വൻ പ്രക്ഷോഭം നടക്കുകയാണ്. ഭക്ഷ്യധാന്യങ്ങളും വൈദ്യുതിയും വെള്ളവും സാമ്പത്തിക ആനുകൂല്യങ്ങളും മറ്റും തടഞ്ഞ് പാക്ക് സർക്കാർ പിഒകെയെ തകർത്തുവെന്ന് ആരോപിച്ചാണ് പ്രക്ഷോഭം. പണപ്പെരുപ്പം കുതിച്ചുകയറിയതും ജനങ്ങൾ തെരുവിലിറങ്ങാൻ കാരണമായി. പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യ പാക്കിസ്ഥാനുള്ള സിന്ധുനദീജല വിതരണം നിർത്തിവച്ചിട്ടുണ്ട്. സൈനിക ആക്രമണത്തേക്കാൾ വലിയ ഷോക്കായി പാക്കിസ്ഥാന് ഇന്ത്യയുടെ ഈ തീരുമാനം മാറിയിരുന്നു. ഇതിനിടെയാണ് പിഒകെയിലും സാമ്പത്തിക വിഷയങ്ങൾ ചൂണ്ടിക്കാട്ടിയുള്ള പ്രക്ഷോഭം ആളിക്കത്തിയത്. പാക്കിസ്ഥാന്റെ മൊത്ത ആഭ്യന്തര ഉൽപാദനത്തിന്റെ (ജിഡിപി) 23-25% പങ്കുവഹിക്കുന്ന കാർഷിക മേഖലയ്ക്കാണ് ഇന്ത്യ വെള്ളത്തിൽ നൽകിയ ഷോക്ക് കനത്ത അടിയായത്.


Fashion ⏭️

Back to top button